ഓർമകളുടെ തൂവൽസ്പർശം
text_fields‘നിങ്ങളുടെ ഓർമകൾ നശിക്കാൻ തുടങ്ങുമ്പോഴാണ്, നിങ്ങളുടെ ജീവിതങ്ങളെ ജീവിതങ്ങളാക്കുന്നത് ഓർമയാണ് എന്ന കാര്യം ബോധ്യമാകുന്നത് -ലൂയി ബുനുവൽ (സ്പാനിഷ് ചലച്ചിത്രകാരൻ)
ഓർമകളുടെ അറകൾ തുറന്ന് പോയകാലത്തിന്റെ വഴിത്താരകൾ രേഖപ്പെടുത്തുകയാണ് എഴുത്തുകാരിയും റിയാദിലെ സാംസ്കാരിക പ്രവർത്തകയുമായ നിഖില സമീർ. ബാല്യവും കൗമാരവും യൗവനവും പിന്നിട്ട മേച്ചിൽപുറങ്ങൾ ഗൃഹാതുരതയോടെ ഓർമിക്കുമ്പോൾ നമ്മുടെ മനസ്സിലുമത് അനുഭൂതിയുടെ തൂവൽ സ്പർശമായി മാറുന്നു. എഴുത്തുകാരിയുടെ ഓർമകൾ വായനക്കാരുടെ ഭൂതവുമായി സന്ധിക്കുമ്പോൾ ചിന്തകൾക്ക് നവജീവൻ ലഭിക്കുന്നു. ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്താനും വരുംകാലത്തിന്റെ വിഹായസ്സിലേക്ക് ചില്ലകൾ പടർത്തുവാനും അത് നമ്മെ സഹായിക്കുന്നു. മറവിയും മരണവും വന്നെത്തും മുമ്പ് പ്രിയപ്പെട്ട നിമിഷങ്ങളും നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും കുറിച്ചുവെക്കാനുള്ള ശ്രമം, സ്വയം കണ്ടെത്തുന്നതോടൊപ്പം നാടിനെയും പ്രവാസത്തേയും അടയാളപ്പെടുത്താനുള്ള ആഗ്രഹം കൂടിയാണ്.
'വൈദ്യേഴ്സ് മൻസിൽ' എന്ന നിഖില സമീറിെൻറ ഓർമക്കുറിപ്പുകൾ പേര് സൂചിപ്പിക്കുന്നത് പോലെ സ്വന്തം വീടിെൻറ അകത്തളങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. ഏതൊരു പെൺകുട്ടിയെയും പോലെ അധ്വാനശീലനും സാത്വികനുമായ പിതാവാണ് ഇവരുടെയും റോൾ മോഡൽ. അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ഊഷ്മളത, ചേർത്തുപിടിക്കലിന്റെ ദൃഢത, തണലിന്റെ വൈപുല്യം തുടങ്ങി കഥാപുരുഷന്റെ സവിശേഷതകൾ ജീവിതത്തിലും മരണനാനന്തരവും ഓർമിക്കുവാൻ വഴിയൊരുക്കുകയാണ് നിഖില. പുതിയ തലമുറകൾക്ക് വ്യക്തമായ സന്ദേശമാണിവിടെ കോറിയിടുന്നത്. ജീവിതയാത്രയുടെ ആദ്യപടിയായി മാതാപിതാക്കളെ പിന്തുടരാൻ ശ്രമിക്കുന്നത് നന്മയുള്ള മനസ്സിന്റെയും ഉർവരതയുള്ള അന്വേഷണത്തിന്റെയും ഭാഗമാണ്. പിതാവുമായുള്ള ഈ ഗാഢബന്ധം നിഖിലയുടെ പലരചനകളിലും കാണാവുന്നതാണ്. കുരുന്നിളം പ്രായത്തിലെ നിഷ്കളങ്കതയിലും റമദാൻ നിലാവിന്റെ ഭക്തിയിലും മരുഭൂമിയുടെ മൗനത്തിന്റെ ഏകാന്തതയിലും തനിക്കൊരു സ്നേഹത്തിെൻറ പൂമരമായി നിലകൊണ്ട പിതാവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളുമാണ് നമ്മിൽ കൗതുകമുണ്ടാക്കുക. കാര്യദർശിയായിനിന്ന് പെൺജീവിതത്തിന്റെ ചൂട് പകർന്ന മാതാവും അവരുടെ പരിസരവും നിഖിലയെ പോലെ നമ്മിലും വീടകങ്ങളുടെ സ്മരണകൾ ജ്വലിപ്പിക്കുന്നു.
ഋതുഭേദങ്ങളുടെ അവസ്ഥാന്തരങ്ങൾ പോലെ യുവത്വത്തിലേക്കും വിവാഹത്തിലേക്കും ജീവിതം മാറി മറിയുകയും പച്ചപ്പ് നിറഞ്ഞ കൽപക ഭൂമി വിട്ട് മരുഭൂമിയുടെ ഊഷരതയിലേക്ക് ചുവട് മാറിയതും ചില അധ്യായങ്ങളിലൂടെ വരച്ചുകാണിക്കുന്നു. മനുഷ്യന് സ്ഥായിയായ ഭാവങ്ങളില്ലെന്നും ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമാണെന്നും അനുഭവങ്ങൾ അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുമെന്നും അവർ ഓരോ കുറിപ്പിലും ചൂണ്ടിക്കാണിക്കുന്നു. പ്രിയതമനോടുള്ള സ്നേഹാതിരേകം, ജീവൻ നൽകിയ കൺമണികളോടെലുള്ള വാത്സല്യം, പുതിയ തട്ടകമായിമാറിയ മരുഭൂമിയോടുള്ള പ്രണയം എല്ലാം കാൽപനികമായ നിറവർണങ്ങളിൽ അവർ കുറിക്കുന്നു. പിതാവിൽനിന്നും സ്വാംശീകരിച്ച മഹിതമായ മൂല്യങ്ങളുടെ പ്രതികരണം കൂടിയാണത്. പ്രവാസത്തിലെ വീട്ടമ്മ, അധ്യാപിക, സാംസ്കാരിക പ്രവർത്തക എന്നീ നിലകളിലുള്ള ശോഭയുള്ള പ്രതിനിധാനവും വരികളിൽ കാണാം. സാമൂഹിക ബോധത്തിന്റെയും ഇടപെടലിന്റെയും സാധ്യതകൾ പ്രയോഗിക്കുന്ന എഴുത്തുകാരി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃകയും നമുക്ക് മുമ്പിൽ അനാവരണം ചെയ്യുന്നു. ഒരു പൂച്ചക്കുഞ്ഞിനെ പോലും ലാളിക്കുന്ന അധ്യായം മാനുഷികതയുടെ പ്രതീകം മാത്രം. സതീർഥ്യരെയും ഗുരുഭൂതരെയും അനുസ്മരിക്കുന്നതോടൊപ്പം പള്ളിക്കൂടത്തിലെ പോക്കുവരവുകളും നാട്ടുപച്ചകളും സ്മൃതിമണ്ഡലത്തിലൂടെ കടന്നു പോകുന്നു. വാക്കുകളിലെ സത്യസന്ധതയും ആത്മാർഥതയമാണ് ഈ പുസ്തകത്തെ അന്വർഥമാക്കുന്നത്.
മക്കയിൽ, ഹറമിന്റെ ചാരത്ത് പിതാവിന്റെ അവസാന ഹജ്ജിൽ പങ്കാളിയാകുന്ന വൈകാരികമായ മുഹൂർത്തം മനോഹരമായി അവതരിപ്പിക്കുന്നുണ്ട് കൃതിയിൽ. ദൈവത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഈ ആരാധനയുടെ സമയത്ത് പിതാവിന്റെ കൂടെ ചേർന്ന് നിന്ന ആ നിമിഷങ്ങൾക്ക് ഒരു വിടവാങ്ങലിന്റെ അടിക്കുറിപ്പാണ് നിഖില നൽകിയിരിക്കുന്നത്.
മരുഭൂമിയിൽ വിശ്വാസികൾക്ക് ഒരു വരദാനം പോലെയാണ് മദീന നഗരിയും പ്രവാചകന്റെ പള്ളിയും. പ്രവാചകനോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിച്ച നിഖിലയുടെ പിതാവ് അന്തിമ നിദ്രക്ക് വേണ്ടി തെരെഞ്ഞെടുത്തതും ഈ മദീനയാണ്. മുഹബ്ബത്ത് പെരുത്ത ഒരനുചരന്റെ ജീവിത സാക്ഷാത്കാരമാണ് ‘ബഖീഇ’ലെ ആ സുഖനിദ്ര. പുതിയ കാലത്ത് തന്റെ പ്രിയപ്പെട്ടവരെ നെഞ്ചേറ്റുന്ന ഒരു പ്രവാസി എഴുത്തുകാരിയുടെ അടയാളപ്പെടുത്തലാണ് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.