നിലപാടുകൾ തുറന്ന് പറഞ്ഞ് അരുന്ധതി റോയി
text_fields‘‘നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതണം. അല്ലെങ്കിൽ ‘എഴുത്തുകാരാകുന്നത്’ നിർത്തണം.’ ’നിലപാടുകൾ തുറന്നുപറയുന്നു അരുന്ധതി റോയി
‘എന്നെ വളർത്തി വലുതാക്കിയ, സംസാരത്തിനിടെ ശല്യപ്പെടുത്തും മുമ്പ് ‘എക്‌സ്‌ക്യൂസ് മീ’ എന്നു പറയാൻ പഠിപ്പിച്ച, സ്വന്തം ഇഷ്‌ടത്തിനു പോകാൻ അനുവദിക്കാൻ മാത്രം വാത്സല്യത്തോടെ എന്നെ സ്‌നേഹിച്ച എന്റെ അമ്മ മേരി റോയിക്ക്...’ -‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’ അമ്മ മേരി റോയിക്ക് സമർപ്പിച്ച് അരുന്ധതി റോയി ഇങ്ങനെ എഴുതി. മാൻ ബുക്കർ പുരസ്കാരം നേടിയ വിഖ്യാത കൃതി ‘ദ ഗോഡ് ഓഫ് സ്മാൾ തിങ്സി’ന്റെ മലയാള പരിഭാഷയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ. കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമമാണ് കഥാപശ്ചാത്തലം. എസ്ത, റാഹേൽ, അമ്മു... സാഹിത്യലോകം നെഞ്ചേറ്റിയ കഥാപാത്രങ്ങൾ അങ്ങനെ നീളും. സ്വന്തം കുടുംബമായിരുന്നു ‘ഗോഡ് ഓഫ് സ്മാൾ തിങ്സി’ന്റെ പശ്ചാത്തലം; പ്രധാന കഥാപാത്രമായ അമ്മു അമ്മയായ മേരി റോയിയും.
അയ്മനം ഗ്രാമത്തിലായിരുന്നു അരുന്ധതിയുടെ കുട്ടിക്കാലം. ഈ വിഖ്യാത നോവലിന്റെ കഥാപശ്ചാത്തലം ഇവിടെയായതും അതുകൊണ്ടുതന്നെ. 1989ൽ ‘ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചാണ് അരുന്ധതി റോയ് സാഹിത്യലോകത്തേക്കെത്തിയത്. പിന്നീട് ഇലക്ട്രിക് മൂൺ എന്ന ചിത്രത്തിനും നിരവധി ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ രചിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ കരുത്താക്കി മാറ്റിയ രണ്ട് വനിതകൾ; അതാണ് മേരി റോയി എന്ന അമ്മയും അരുന്ധതി റോയ് എന്ന മകളും. നർമദ പ്രക്ഷോഭം, ആണവ പരീക്ഷണം, മുത്തങ്ങ സമരം തുടങ്ങി നിരവധി ജനകീയ വിഷയങ്ങളിൽ അരുന്ധതി റോയ് നിലപാട് വ്യക്തമാക്കി. അരുന്ധതി റോയിയെ അതുകൊണ്ടുതന്നെ എക്കാലത്തും വിവാദങ്ങൾ പിന്തുടർന്നിരുന്നു. നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതിയില്ലെങ്കിൽ എഴുത്തുകാരനാകുന്നത് നിർത്തണം എന്നാണ് അരുന്ധതി റോയിയുടെ അഭിപ്രായം. നിലപാടുകൾ തുറന്നുപറയുന്നു, അരുന്ധതി റോയ്.
കുട്ടിക്കാലത്തെ ഓർമകൾ
കുട്ടിക്കാലത്ത് വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അമ്മയും അച്ഛനും ഡിവോഴ്സായശേഷം അമ്മയോടൊപ്പം ഊട്ടിയിലായിരുന്നു ഞാനും സഹോദരനും കഴിഞ്ഞത്. അന്ന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് മാത്രമായിരുന്നു. അവിടെ കണക്ക് പഠിപ്പിച്ചിരുന്നത് ഒരു മിഷനറി ടീച്ചറായിരുന്നു. മിസ് മിറ്റൻ എന്നായിരുന്നു അവരുടെ പേര്. അഞ്ചും അഞ്ചും പത്താണെന്നും അഞ്ചും രണ്ടും ഏഴാണെന്നുമൊക്കെ വിരലിൽ എണ്ണി പഠിച്ചുകൊണ്ടിരുന്ന എന്നോട് അഞ്ചും ഏഴും എത്രയാണെന്ന കുഴപ്പിക്കുന്ന ചോദ്യം അവർ ചോദിച്ചു. അത് എന്‍റെ വിരലുകൾകൊണ്ട് എണ്ണി പൂർത്തിയാക്കാൻ അറിയില്ലായിരുന്നു. ഞാൻ എന്‍റെ കാൽ വിരലുകൾ കൂടി കൂട്ടി എണ്ണി ഉത്തരം പറഞ്ഞു.
എങ്ങനെയാണ് ശരിയായ ഉത്തരം കിട്ടിയതെന്ന് അവർ ചോദിച്ചപ്പോൾ ഞാൻ ആകെ പേടിച്ചുപോയി. എന്‍റെ തലകൊണ്ട് ചെയ്തുവെന്ന മറുപടിയാണ് ഞാൻ നൽകിയത്. എന്‍റെ കണ്ണിൽ സാത്താനെ കാണാമെന്നായിരുന്നു അവർ അപ്പോൾ മറുപടി നൽകിയത്. അധ്യാപികയായ അമ്മ എന്നോട് ആദ്യമായി എന്തെങ്കിലും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ ആദ്യമെഴുതിയത് ‘ഐ ഹേറ്റ് മിസ് മിറ്റൻ’ എന്നായിരുന്നു. അവരെ കാണുമ്പോൾ എനിക്ക് കീറത്തുണിയാണ് ഓർമവരുക. അങ്ങനെയാണ് ഞാൻ നിങ്ങളുടെ നിക്കർ കീറി (യുവർ ട്രൗസേഴ്സ് ആർ ടോൺ) എന്നെഴുതിയത്.
ഷില്ലോങ്ങിലായിരുന്നു എന്‍റെ ജനനം. എനിക്ക് രണ്ടുവയസ്സായപ്പോഴാണ് മാതാപിതാക്കൾ വേർപിരിയുന്നതും ഞാനും അമ്മയും ഊട്ടിയിലെത്തുന്നതും. അവിടെ വെച്ചാണ് മിസ് മിറ്റനുമായുള്ള സംഭവം നടന്നത്. പിന്നീട് കേരളത്തിലേക്ക് വന്നു. അയ്മനം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് പിന്നീട് വളർന്നത്. ഞാൻ പാതി ബംഗാളിയാണെങ്കിലും അച്ഛനെക്കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. 22വയസ്സുവരെ അച്ഛനെ കണ്ടിരുന്നില്ല. കുട്ടിക്കാലം മുതലേ വ്യക്തിത്വം ചോദ്യംചെയ്യപ്പെട്ടിരുന്നു. അയ്മനത്തും കോട്ടയത്തും എന്നെയും എന്‍റെ ചേട്ടനെയും വിലാസമില്ലാത്ത പിള്ളേരെന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. തറവാടില്ലാത്ത, അച്ഛനില്ലാത്ത പിള്ളേരെന്ന ടാഗായിരുന്നു അവർ പതിച്ചുതന്നത്. അതിനാൽത്തന്നെ ഒന്നിനോടും ഞങ്ങൾക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
ശബ്ദമില്ലാത്തവരായി ആരുമില്ല
ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്ന വിശേഷണത്തോടെയാണ് ഞാൻ പലപ്പോഴും പലയിടത്തും സ്വീകരിക്കപ്പെടാറുള്ളത്. എന്നാൽ, ഇത്തരമൊരു വിശേഷണംതന്നെ തെറ്റാണ്. ശബ്ദമില്ലാത്തവർ എന്ന ആശയമില്ല. മനഃപൂർവം അടിച്ചമർത്തപ്പെട്ടവരും ശബ്ദമില്ലാതിരിക്കാൻ സ്വയം തീരുമാനിച്ചവരും മാത്രമാണുള്ളത്. അതിനാൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്ന് പറയുന്നത് എനിക്ക് വ്യക്തിപരമായി ഇഷ്ടമില്ല. ജാതിയുടെയും വ്യക്തിത്വത്തിന്‍റെയും വലിയ മതിൽക്കെട്ടിനകത്താണ് ഇന്ത്യൻ സമൂഹം ജീവിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നാണെങ്കിൽ നിങ്ങളുടെ വ്യക്തിത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടും. വ്യക്തിത്വത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ആശങ്കാകുലരായ വലിയ മതിൽക്കെട്ടിനകത്തുള്ള സമൂഹമാണ് ഇന്ത്യയിലുള്ളത്. ഞാൻ ആ മതിൽക്കെട്ടിൽ ഉൾപ്പെടാത്തവരിലൊരാളായിരുന്നു. ചെറുപ്പകാലം മുതലേ അനുഭവിച്ചതാണ് ഇത്തരം കാര്യങ്ങൾ. അധ്യാപികയായ അമ്മ സ്കൂൾ തുടങ്ങി. അവരുടെ സ്കൂൾ പെൺകുട്ടികൾക്ക് സ്വർഗമായിരുന്നു. 1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിനെതിരെ പോരാട്ടം നടത്തി. പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്കാണ് അവരുടെ പോരാട്ടം വഴിയൊരുക്കിയത്. അത്തരത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും അസാധാരണായ സ്ത്രീ എന്‍റെ അമ്മയാണ്. അതിനു കാരണം അവർ ഒരു നല്ല അമ്മയായിരുന്നില്ല (great mother) എന്നതാണ്. അങ്ങനെയാണ് 17വയസ്സുള്ളപ്പോൾ ഞാൻ വീടു വിട്ടുപോകുന്നത്.
അവർ വേദനിപ്പിക്കുമ്പോൾ, അടിക്കുമ്പോൾ, ചീത്തപറയുമ്പോൾ അങ്ങനെയെല്ലാമാണ് ഞാൻ എഴുതിത്തുടങ്ങിയത്. അവരുടെ വേദനിപ്പിക്കുന്ന വാക്കുകൾ ഭർത്താവിൽനിന്നും സഹോദരങ്ങളിൽനിന്നും പിതാവിൽനിന്നുമെല്ലാം കിട്ടിയതായിരിക്കാം. ഒരു കാര്യം മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ തിരിച്ചറിയാൻ ശ്രമിക്കുമ്പോഴാണ് നിങ്ങളൊരു എഴുത്തുകാരനായി മാറുന്നത്. മറ്റുള്ളവരെ മനസ്സിലാക്കുന്നത് നിർത്തിയാൽ, മറ്റുള്ളവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനോ അവരോട് താദാത്മ്യം പ്രാപിക്കാനോ ശ്രമിച്ചില്ലെങ്കിൽ സാഹിത്യത്തിന്‍റെ അടിസ്ഥാനംതന്നെ നമുക്ക് നഷ്ടമാകും.
ഒന്നിലും ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല
കേരളമാണോ ഡൽഹിയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ; അങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി ഒതുങ്ങിനിൽക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കേരളത്തെ വളരയെധികം ഇഷ്ടപ്പെടുന്നുണ്ട്. കോട്ടയത്ത് പോകുമ്പോൾ പഴയകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് ഓർമവരും. അതിനാൽ ഇവിടെനിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചായിരുന്നു അന്ന് എപ്പോഴും ചിന്തിച്ചിരുന്നത്. ഞാൻ എന്ന വ്യക്തി മനഃപൂർവം എവിടെയും സ്വന്തമായി നിലകൊള്ളാൻ ഇഷ്ടപ്പെടുന്നില്ല. എല്ലായിടത്തും പോകുന്നു. അവിടത്തെ കാര്യങ്ങളെക്കുറിച്ചെഴുതുന്നു. എഴുത്തുകാരിയെന്ന നിലയിൽ ഏറ്റവും വലിയ റോയൽറ്റിയും അതുതന്നെ. ദക്ഷിണാഫ്രിക്കയിലോ ബസ്തറിലോ കശ്മീരിലോ ബ്രസീലിലോ പോയാലും ഞാൻ അവരെക്കുറിച്ചാണെഴുതിയതെന്ന് പറയാം. അവരെനിക്ക് ഭക്ഷണവും മറ്റെല്ലാം നൽകും. അത്തരത്തിലുള്ളതാണ് എന്‍റെ ലോകവും സമൂഹവും. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാത്തരം ബന്ധനങ്ങളുടെ കണ്ണികളും പൊട്ടിച്ചെറിയുന്ന, ഒന്നിലും ഒതുങ്ങാൻ ആഗ്രഹിക്കാത്തതാണ് എന്‍റെ മനസ്സ്.
അനുഭവം എഴുതിയില്ലെങ്കിൽ എഴുത്ത് നിർത്തുക
ഇന്നത്തെക്കാലത്ത് എഴുത്തുകാർ ഉൾപ്പെടെയുള്ള പലരും ജാതിയെക്കുറിച്ചോ അനാചാരങ്ങളെക്കുറിച്ചോ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ തുറന്നുപറയാൻ മടിക്കുകയാണ്. അനീതികൾക്കെതിരെ നിലപാട് സ്വീകരിക്കാതെ സ്വന്തം യുക്തിയോട് തന്നെ നേരുകേട് കാണിക്കുന്നത് വർധിച്ചുവരുകയാണ്. ഇത്തരത്തിൽ യുക്തിപരമായി സത്യസന്ധത പുലർത്താതിരിക്കുകയെന്നത് സാഹിത്യമേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഞാൻ രാഷ്ട്രീയ കുടുംബത്തിലോ ആക്ടിവിസ്റ്റ് കുടുംബത്തിലോ ജനിച്ചതല്ല. ഓരോ തവണയും ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ എതിർത്തപ്പോൾ അവർ അവരോട് തന്നെ നീതിപുലർത്താത്തവരായി മാറുകയാണ്. സത്യസന്ധത പുലർത്തുകയെന്നത് അടിസ്ഥാനപരമാണ്. ഭൗതികമായ സത്യസന്ധത. നേര്, ആത്മാർഥത, സ്വന്തം ചുറ്റുപാടിനോടുള്ള അനീതികൾക്കെതിരായ നിലപാട് സ്വീകരിക്കൽ എന്നിവയൊക്കെ ചെയ്യുമ്പോൾ ഒരുപാട് ആളുകൾ അതെല്ലാം പാടേ മറക്കുകയാണ്.
നിലപാട് സ്വീകരിക്കാൻ ധൈര്യമുണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതിയില്ലെങ്കിൽ എഴുത്തുകാരനാകുന്നത് നിർത്തണം. നോൺ ഫിക്ഷൻ എഴുതുമ്പോൾ മനസ്സ് പലവട്ടം ഒന്നും എഴുതേണ്ട എന്ന് പറയാറുണ്ട്. ഒന്നും എഴുതേണ്ട മറ്റാരെങ്കിലും ചെയ്യട്ടെയെന്നും തോന്നാറുണ്ട്. എന്നാൽ, അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങളോർത്ത് മനസ്സിലുണ്ടാകുന്ന തിരയിളക്കത്തിൽനിന്ന് എഴുതണമെന്ന ആഗ്രഹമുണ്ടാകും. അതിനാൽ മനസ്സിനോട് എഴുതേണ്ട എന്നുപറഞ്ഞ് പലതവണ നൽകിയ ഉറപ്പിന്‍റെ ലംഘനം കൂടിയാണ് എന്‍റെ നോൺ ഫിക്ഷൻ എഴുത്തുകൾ. നമ്മെത്തന്നെ അടിച്ചമർത്താൻ ശ്രമിച്ചാൽ എഴുത്തുതന്നെ ഇല്ലാതാകും. സമൂഹത്തിലിന്ന് പറയാൻ പറ്റാത്ത കാര്യങ്ങളാണ് കൂടുതലുള്ളത്. നേരെയായാലും വളഞ്ഞവഴിയായാലും പറയാനുള്ളത് പറയണം. അല്ലാതെ മിണ്ടാതിരുന്നാൽ നമ്മൾ നമ്മളെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ജീവിതം പൂർണമായും ജീവിച്ചുതീർക്കണം. അല്ലാതെ വ്യാജ മൂല്യങ്ങളിൽ അല്ല ജീവിക്കേണ്ടത്. ജീവിതം പൂർണതലത്തിൽ ജീവിക്കാൻ വ്യാജ കുടുംബ മൂല്യങ്ങളോ വ്യാജ സുഹൃത്തുക്കളോ വ്യാജ പ്രത്യയശാസ്ത്രമോ ഒന്നും വേണ്ട. ഇതിൽ എന്‍റെ കൂടെ ചേരാനാഗ്രഹിക്കുന്നവർക്ക് സ്വാഗതം, അല്ലാത്തവരോട് ഗുഡ്ബൈ എന്നാണ് പറയാനുള്ളത്.
ചിന്തകളെപ്പോലും ഭരണകൂടം പിടിച്ചുകെട്ടുന്നു
1997ൽ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പ്രൈസ് ലഭിച്ചശേഷം ഫിക്ഷൻ എഴുത്തിൽനിന്ന് മാറി നോൺ ഫിക്ഷനിലേക്ക് വന്നതോടെ എഴുത്തുകാരിയെന്ന പട്ടം എന്നിൽനിന്ന് എടുത്തറിയപ്പെടുകയായിരുന്നു. ബുക്കർ സമ്മാനം കിട്ടിയതുകൊണ്ട് അടുത്ത പുസ്തകം ഉടൻ എഴുതുമെന്ന് എനിക്ക് അന്ന് പറയാൻ കഴിയില്ലായിരുന്നു. ബുക്കർ പ്രൈസ് ലഭിച്ചശേഷം നിരവധി മാഗസിനുകളുടെ കവറായി ഞാൻ. എന്നെ എല്ലാവരും പ്രകീർത്തിച്ചു. അതിനുശേഷം 1998ൽ ആണവ പരീക്ഷണം നടന്നു. ഇതോടെ ഞാൻ ഭയപ്പെട്ടു. ശബ്ദിക്കാതിരിക്കുന്നതും ശബ്ദിക്കുന്നതിന് തുല്യമായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ മിണ്ടാതിരുന്നാൽ അവരുടെ ഭാഗമാണെന്നുവരും. അങ്ങനെ ഞാൻ എന്‍റെ ആദ്യ രാഷ്ട്രീയ ലേഖനം എഴുതി. ‘ദ എൻഡ് ഓഫ് ഇമാജിനേഷൻ’ എന്നപേരിൽ ആണവ പരീക്ഷണത്തിനെതിരായിരുന്നു ആ എഴുത്ത്. അതോടെയാണ് എഴുത്തുകാരിയെന്ന രാജകുമാരി പട്ടം എന്നിൽനിന്ന് എടുത്തെറിയപ്പെട്ടത്. അതിനുശേഷം ഞാൻ മനസ്സിലാക്കുകയും കേൾക്കുകയും ചെയ്യുന്ന ലോകത്തിലേക്ക് മാറി. ബുദ്ധിജീവികൾ, മാധ്യമപ്രവർത്തകർ, സെലിബ്രിറ്റികൾ തുടങ്ങി എല്ലാവർക്കും നഷ്ടെപ്പടുന്നൊരു കാര്യമാണ് കേൾക്കുകയെന്നത്. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുക. അതിനാൽ ഞാൻ താഴ്വരകളിലൂടെ നടക്കാനാരംഭിച്ചു. ഓരോ സ്ഥലത്തെയും കാര്യങ്ങൾ മനസ്സിലാക്കാനും അവരെ കേൾക്കാനുമാരംഭിച്ചു. ഓരോ കാര്യവും മനസ്സിലാക്കാ ൻ തുടങ്ങി. കശ്മീരിലൂടെയും നർമദയിലൂടെയും നടന്നു. അതേക്കുറിച്ചെല്ലാം എഴുതാനാരംഭിച്ചു.
ഒാരോ കാലഘട്ടങ്ങളിലായി രാജ്യത്ത് നടന്ന പോരാട്ടങ്ങളെല്ലാം അടിച്ചമർത്തപ്പെട്ടു. ഇന്ന് സ്വന്തം രാജ്യത്ത് ജീവിക്കുന്നവരുടെ പൗരത്വംപോലും ചോദ്യംചെയ്യപ്പെടുകയാണ്. എല്ലാവരുടെയും ചിന്തകൾ പോലും പിടിച്ചുകെട്ടുകയാണ് ഭരണകൂടം. എല്ലാവരെയും സ്പൈ ചെയ്യുന്ന ഭരണകൂടമാണ് നമുക്കുള്ളത്. നമ്മൾ നമ്മുടെ പ്രാദേശിക സംസ്കാരം ആഘോഷിക്കുമ്പോഴും മുകളിൽ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾക്ക് എല്ലാം നഷ്ടമാകും. ഇന്ന് നിർമിത ബുദ്ധിക്ക് പ്രാദേശിക സംസ്കാരത്തിന്റെ ഉൾപ്പെടെ പകർപ്പ് അതുപോലെ ഉണ്ടാക്കിയെടുക്കാനാകും. അതിനാൽ നമ്മൾ എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഫാഷിസത്തിനെതിരെ കേരളം പോരാടണം
എല്ലാറ്റിനെയും അടിച്ചമർത്തുകയെന്നതാണ് ഫാഷിസത്തിന്റെ പ്രധാന അജണ്ട. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന പ്രചാരണംതന്നെ അതിന് ഉദാഹരണമാണ്. ഏക മത ദേശീയത എന്ന ആശയം തലമുറകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊന്നുണ്ടെന്ന് ഫാഷിസ്റ്റുകൾ പ്രചരിപ്പിക്കുകയാണ്. ഇന്ത്യയെന്നത് 100ലധികം മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷകളുടെയും ഉപഭൂഖണ്ഡമാണ്. ആ ഉപഭൂഖണ്ഡത്തെയാണ് അവർ ഒരു ഏക മത ദേശീയതയിലേക്ക് ചുരുക്കുന്നത്. നാസികളും ഇവരും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ, നാസികൾ മറ്റൊരു ചെറു രാജ്യത്തുനിന്നെത്തി അവരുടെ ആശയം യൂറോപ്പിൽ പ്രചരിപ്പിച്ചു. ഇവിടെ ഇന്ത്യയെന്ന ബഹുസ്വരതയിൽ നിലനിൽക്കുന്ന ഉപഭൂഖണ്ഡത്തെ ചെറിയ ആശയത്തിലേക്ക് മടക്കിക്കെട്ടാനാണ് ശ്രമിക്കുന്നത്. അത് ഏറ്റവും അസംബന്ധമായ നീക്കമാണ്. ഇതേക്കുറിച്ച് നമ്മൾ സംവദിക്കണം, വിയോജിക്കണം, ഒന്നിച്ച് പോരാടണം. ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനാകണം. കേരളത്തിൽ വരുമ്പോൾ ഇവിടെയും ഒരു ഭയത്തിന്റെ മൂടുപടലമുണ്ട്. എന്നാൽ, ഡൽഹിയിൽ ഞങ്ങൾ ജീവിക്കുമ്പോൾ അനുഭവിക്കുന്ന ഭയത്തിന്റെ അത്രവരില്ല. കൂടെയിരുന്ന സുഹൃത്തുക്കളിൽ പലരും ജയിലിലാണ്. നമ്മൾ അറിയുന്ന ആരുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിലോ പുറത്തോ ആൾക്കൂട്ട ആക്രമണത്തിനിരയാകാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട്. കാരണം സംഘർഷത്തിന്റെ സാധ്യത അവിടെ വർധിച്ചു. ഇതുവരെ ഇതിനെ കേരളം പ്രതിരോധിച്ചതിൽ സന്തോഷമുണ്ട്. ഞാൻ കരുതുന്നത് കേരളം ഇപ്പോഴും സുരക്ഷിതമാണെന്നാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്ക് ‘ആനമുട്ട’യാണ് ലഭിച്ചതെന്നുള്ള സന്ദേശം എന്നെ വളരയെധികം സന്തോഷിപ്പിച്ചു. അവർക്ക് സീറ്റുകളൊന്നും കേരളത്തിൽ ലഭിക്കാത്തതിൽ ഏറെ അഭിമാനിക്കുന്നു. പക്ഷേ, ഇത്തരത്തിലുള്ള പ്രതിരോധം അവർ നേരിടുമ്പോൾ ഈ സ്ഥലത്തെ തകർക്കാൻ നോക്കും. അതിനെ പ്രതിരോധിക്കാൻ നമ്മൾ തയാറായിരിക്കണം. കാരണം അവർ അത്രയും വൈരാഗ്യമുള്ളവരാണ്. എന്തൊക്കെയോ ചിലത് ഇവിടേക്ക് വരുന്നുണ്ട്; ഈ സ്ഥലം തകർക്കാൻ. നമ്മൾ കരുതിയിരിക്കണം. അതിനെതിരെ പോരാടാൻ നാം ഒരുങ്ങണം.
ജാഗ്രത വേണം
ഫാഷിസത്തിന്റെ കൂലിപ്പട്ടാളമായി നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിന് കാരണം മാധ്യമങ്ങളും ഭരണകൂടവും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിനാലാണ്. കോർപറ്റേറ്റ് മൂലധനം, വർഗീയത, ഹിന്ദുത്വ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ 20 വർഷമായി എഴുതിക്കൊണ്ടിരിക്കുന്നത്. ഒന്നിന് ഒന്നില്ലാതെ പ്രവർത്തിക്കാനാകില്ല. അവർ ഈ കളിയിൽ പാർട്ട്ണർമാരാണ്. ഡൽഹിയിൽ ഞങ്ങൾ പറയുന്നതുപോലെ രാജ്യം ഭരിക്കുന്നത് നാലുപേരാണ്. രണ്ടുപേർ വാങ്ങുന്നു, രണ്ടു പേർ വിൽക്കുന്നു. കോർപറേറ്റുവത്കരണം മാധ്യമങ്ങളിൽ ആരംഭിച്ചത് 1990കളിലാണ്. ഇപ്പോൾ അത് പൂർണമായി. മാധ്യമങ്ങളുടെ പിടി ഭരണകൂടത്തിന്റെ കൈയിലായി. സമൂഹമാധ്യമങ്ങളുടെ നിയന്ത്രണവും അവർക്കായി. അവരാണിപ്പോൾ സർക്കാറിനായി കളിക്കുന്നത്. ഇന്ത്യ ഒരു മാർക്കറ്റാണെന്ന് മാധ്യമങ്ങൾ കരുതുന്നു. വളരെ വലിയ അപകടകരമായ സാഹചര്യത്തിലാണ് നാമുള്ളത്. ഇതിൽനിന്ന് കരകയറാൻ മാധ്യമങ്ങളുടെ സഹായം നമ്മൾക്ക് തേടാനാകില്ല. അതിനായി ബദൽ മാധ്യമങ്ങളുടെ സാധ്യത തേടണം. തിരഞ്ഞെടുപ്പു സംവിധാനങ്ങളെയും മാധ്യമങ്ങളെയും ഭരണകൂടം അവരുടെ താൽപര്യത്തിനനുസരിച്ച് ഉപയോഗിക്കുകയാണ്. ബി.ജെ.പിയെ പിന്തുണക്കുന്ന ‘ക്രിസംഘി’കൾ ഇവിടെയുണ്ടാകും. സിറിയൻ ക്രിസ്ത്യൻ ബിഷപ്പാണ് ലവ് ജിഹാദ് എന്ന വാക്കുപയോഗിച്ചത്. ഇവരൊക്കെ ഒരു കാര്യമോർക്കണം, ഒരു വർഷത്തിനിടെ ഉത്തരേന്ത്യയിൽ മുന്നൂറിലധികം ക്രിസ്ത്യൻ പള്ളികൾക്കുനേരെയാണ് ആക്രമണമുണ്ടായത്. അതിനാൽ നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലും സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്.
എഴുത്തുകാർ എഴുത്തുകാരായാൽ മതി
എഴുത്തുകാർ എഴുത്തുകാരായാൽ മതി. അവർ ആക്ടിവിസ്റ്റ് കൂടിയാകേണ്ടതില്ല. ഞാൻ ആക്ടിവിസ്റ്റല്ല. ഇത് പുതിയ കോർപറേറ്റുവത്കരണത്തിന്റെ ഭാഗമായുണ്ടായ പുതിയ വാക്കാണ്. എഴുത്തുക്കാർ സമൂഹത്തിലെ കാര്യങ്ങൾ നിരന്തരം എഴുതിക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. നിങ്ങളൊരു എഴുത്തുകാരനാണ്. എഴുത്തുകാരനും ആക്ടിവിസ്റ്റും ആകേണ്ടകാര്യമില്ല. എഴുത്തുകാർ വാണിജ്യവത്കരണത്തിന് വിധേയരായതോടെയാണ് ഇങ്ങനെയൊരു മാറ്റമുണ്ടായത്. പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ പട്ടികയിലിടം പിടിക്കാനും കോർപറേറ്റ് സാഹിത്യ സമ്മേളനത്തിന്റെ ഭാഗമാകാനും എഴുത്തുകാർ ഇറങ്ങിത്തിരിച്ചതോടെ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ മാത്രം എഴുതാൻ തുടങ്ങിയപ്പോഴാണ് രണ്ടു രീതിയിലുള്ള വിശേഷണമുണ്ടായത്. കാര്യങ്ങൾ തുറന്നെഴുതാൻ ആക്ടിവിസ്റ്റ് ആകേണ്ട കാര്യമില്ല. എഴുത്തുകാരിയും ആക്ടിവിസ്റ്റും എന്ന് ആളുകൾ എന്നെ വിളിക്കുമ്പോൾ തോന്നുന്നത് എന്നെ സോഫാ ബെഡ് എന്ന് വിളിക്കുന്ന പോലെയാണ്. ഞാൻ സോഫയോ അല്ലെങ്കിൽ ബെഡോ ആണ്; അല്ലാതെ രണ്ടും കൂടിയല്ല. ഫിക്ഷൻ എഴുത്തും നോൺ ഫിക്ഷൻ എഴുത്തും ഒന്നും എന്റെ തിരഞ്ഞെടുപ്പല്ല. കഥകൾ തിരഞ്ഞെടുക്കുന്നത് എഴുത്തുകാരല്ല. കഥകളാണ് എഴുത്തുകാരെ തിരഞ്ഞെടുക്കുന്നത്. ഏതിനോടാണ് കൂടുതൽ ഇഷ്ടമെന്നത് പ്രസക്തമല്ല.
(മാനന്തവാടി ദ്വാരകയിൽ നടന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിൽ ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ എന്ന തലക്കെട്ടിൽ നടത്തിയ സംവാദത്തിൽ അരുന്ധതി റോയ് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.