അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം
text_fieldsലണ്ടൻ: ഭരണകൂട ഭീകരതയോട് സന്ധിയില്ലാസമരം തുടരുന്ന ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം. 14 വർഷം മുമ്പ് കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രോസിക്യൂഷൻ ഭീഷണി നേരിടുകയാണ് നിലവിൽ അരുന്ധതി റോയി. ഈ സാഹചര്യത്തിലാണ് പുരസ്കാരം തേടിയെത്തിയത്. നൊബേൽ ജേതാവും പ്രശസ്ത നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണക്കായി ആവിഷ്‍കാര സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും ആഘോഷിക്കാനായി 2009ൽ ഇംഗ്ലീഷ് പെൻ എന്ന ചാരിറ്റി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസിലാക്കാൻ പോലും സാധിക്കാത്ത വഴിത്തിരിവുകളെ കുറിച്ച് എഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചുപോകുന്നതായും അവർ പറഞ്ഞു. പ്രഥമ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പുരസ്കാരം സ്വന്തമാക്കിയ എഴുത്തുകാരിയാണ് അരുന്ധതി.
ഇംഗ്ലീഷ് പെൻ ചെയർമാൻ റൂത്ത് ബോർത്‍വിക്, നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദുല്ല, എഴുത്തുകാരനും സംഗീതജ്ഞനുമായ റോഗർ റോബിൻസൺ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് അരുന്ധതിയെ പെൻ പിന്റർ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒക്ടോബർ 10ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആവിഷ്‍കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന ധീരയായ എഴുത്തുകാരി എന്നാണ് അരുന്ധതി റോയിയെ ജഡ്ജിങ് പാനൽ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.