നാട്ടറിവുകൾ തേടി അരുന്ധതി റോയി; വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
text_fieldsദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ നാട്ടറിവുകൾ തേടി ചെറുവയൽ രാമേട്ടനൊടൊപ്പം എന്ന പേരിൽ നടത്തിയ പൈതൃക നടത്തത്തിൽ പങ്കാളിയായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി.എടവക ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പൈതൃക നടത്തത്തിൽ അരുന്ധതി റോയിക്കൊപ്പം സഞ്ജയ് കാക്ക്, ബീന പോൾ, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് .കെ. ജോസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
രാവിലെ ആറരക്ക് എടവക പഞ്ചായത്ത് ഭരണ സമിതി ഒരുക്കിയ ചക്ക വിഭവമായ കുമ്പിൾ അപ്പവും ചുക്കുകാപ്പിയും കഴിച്ച് ആരംഭിച്ച പൈതൃക നടത്തത്തിൽ പങ്കെടുത്തവർ മണൽവയൽ കുറിച്യതറവാടാണ് ആദ്യം സന്ദർശിച്ചത്. കാരണവരിൽ നിന്നുള്ള കഥകളും നാട്ടറിവുകളും കേട്ടു.
സംഘം വിളഞ്ഞു നിൽക്കുന്ന വയനാടൻ തനത് നെല്ലിനങ്ങളായ ഗന്ധകശാല, തൊണ്ടി നെൽപാടം, ഏലം, കുരുമുളക്, കാപ്പി കൃഷി രീതികൾ കർഷകരിൽ നിന്നും ചോദിച്ചു മനസിലാക്കി.കണ്ട കർണൻ കൊല്ലി തോടും കടന്ന് മാനന്തവാടി പുഴയോരത്തു നെല്ലച്ഛനായ ചെറുവയൽ രാമനുമായി പുഴയിലെ മീനറിവുകൾ പങ്കു വെച്ചു. പുഴയോരത്ത് തന്നെ താമസിക്കുന്ന 96 വയസുള്ള കുരിശിങ്കൽ അന്നമ്മയിൽ നിന്നു കുടിയേറ്റ ചരിത്രവും എടവക പഞ്ചായത്ത് ചരിത്രവും കേട്ടു മനസ്സിലാക്കി.
പായോട് പാടശേഖരവും ചങ്ങാടക്കടവ് പുഴയോരവും താണ്ടി ചാമാടി പൊയിൽ പണിയ സങ്കേതത്തിലെത്തിയ സന്ദർശക സംഘം മണിക്കുട്ടൻ പണിയനിൽ നിന്നും ആദിമ നിവാസികളുടെ ചരിത്ര പശ്ചാത്തലം ചോദിച്ചറിഞ്ഞു.1970ൽ സ്ഥാപിതമായ എടവക പഞ്ചായത്ത് കന്നുകാലിച്ചന്ത സന്ദർശിച്ച ശേഷം പഴശ്ശി മ്യൂസിയവും സന്ദർശിച്ച സംഘം എടവക പഞ്ചായത്ത് ഒരുക്കിയ പ്രഭാത ഭക്ഷണവും കഴിച്ചാണ്, ദ്വാരക സാഹിത്യോത്സവ വേദിയിലേക്ക് മടങ്ങിയത്.
ആറ് കിലോമീറ്റർ ദൂരം മൂന്നര മണിക്കൂർ സമയമെടുത്ത് താണ്ടിയ സന്ദർശക സംഘത്തിന് ഗ്രാമീണ ജീവിതവും ഗ്രാമക്കാഴ്ചകളും മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അരുന്ധതി റോയി പറഞ്ഞു.പൈതൃക നടത്തത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. ബി. പ്രദീപ്, ജനപ്രതിനിധികളായ ഷിൽ സൺ മാത്യു, വിനോദ് തോട്ടത്തിൽ, സി.എം. സന്തോഷ്, ആസൂത്രണ സമിതി അംഗം എ.കെ. ഷാനവാസ്, പ്രവീൺ രാജഗിരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.