എഴുത്തുകാരികൾ എഴുത്തിനുവേണ്ടി സഹിച്ച ത്യാഗം ചെറുതല്ല –സാറാ ജോസഫ്
text_fieldsകോഴിക്കോട്: എഴുത്തുകാരികൾ എഴുത്തിനുവേണ്ടി സഹിച്ച ത്യാഗം ചെറുതല്ലെന്ന് പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ്. അഷിത സ്മാരക അവാർഡ് കൽപറ്റ നാരായണനിൽനിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. സൗമ്യം, ശാന്തം, ആധ്യാത്മികം എന്നൊക്കെ വിശേഷിപ്പിക്കുന്നവയാണ് അഷിതയുടെ രചനകൾ.
സ്ത്രീകൾ ഉള്ളുതുറന്ന് സംസാരിക്കുകയോ ആത്മാവിഷ്കാരം നടത്തുകയോ വേദനകളെപ്പറ്റി പരാതിപ്പെടുകയോ വഴക്കുകൂടുകയോ കലഹിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോവുകയോ ചെയ്യുമ്പോൾ അതെന്തുകൊണ്ടാണ് എന്ന് സമൂഹം ചോദിക്കാറില്ല. മറിച്ച് അവൾക്ക് ഭ്രാന്താണ്, അവൾ മോശക്കാരിയാണ് എന്നാണ് വിലയിരുത്തുകയാണ് ചെയ്യുന്നത്. തന്റെ ആത്മാവിഷ്കാരങ്ങൾ ഒരിക്കലും അവൾക്ക് വീട്ടിൽ സാധ്യമല്ല. ലളിതാംബിക അന്തർജനം രാത്രിയുടെ അന്ത്യയാമത്തിലാണ് സർഗപ്രക്രിയ നടത്തിയിരുന്നത്. രാജലക്ഷ്മി ആത്മഹത്യ ചെയ്തത് ജീവിച്ചിരിക്കാൻ വയ്യാത്തതുകൊണ്ടല്ല, എഴുതാതിരിക്കാൻ വയ്യാത്തതുകൊണ്ടാണ്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യെ നമുക്കിപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അഷിത സ്മാരക സമിതി പ്രസിഡൻറ് വാസു അരീക്കോട് അധ്യക്ഷത വഹിച്ചു. കൽപറ്റ നാരായണൻ അഷിത സ്മാരക പ്രഭാഷണം നടത്തി. മലയാളം കണ്ട ഏറ്റവും വലിയ സ്ത്രീപക്ഷ എഴുത്തുകാരൻ കുമാരാനാശാൻ ആയിരുന്നുവെന്നും അഷിതയും സാറാജോസഫും അടക്കമുള്ളവർ അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്മാരക സമിതി രക്ഷാധികാരി ശിഹാബുദ്ദീൻ പൊയ്തത്തുംകടവ്, പി. ശ്രീധരനുണ്ണി, എം. കുഞ്ഞാപ്പ, ഉണ്ണി അമ്മയമ്പലം, റാണി പി.കെ എന്നിവർ സംസാരിച്ചു. ശശി ചിറയിലിന്റെ മായക്കാഴ്ചകൾ, ഓസ്റ്റിൻ അജിത്തിന്റെ ഫ്ലൈയിങ് ഡോൾസ് ആൻഡ് സ്മൈലിങ് ഫ്രന്റ്സ്, രമേശ് പുതിയമഠത്തിന്റെ മഹാന്മാരുടെ കുഞ്ഞിക്കഥകൾ, വാസു അരീക്കാടിന്റെ സ്വർണച്ചിറകുള്ള കാക്ക എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.