നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വല തുടക്കം
text_fieldsതിരുവനന്തപുരം: മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്ക് സമൂഹം മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിച്ചു. സമഗ്ര സാഹിത്യസംഭാവനക്കുള്ള പ്രഥമ നിയമസഭ ലൈബ്രറി അവാർഡ് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ചെറുകഥകൾകൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനായ വ്യക്തിയാണ് ടി. പത്മനാഭനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പതിറ്റാണ്ടിനിപ്പുറവും ചെറുകഥാലോകത്ത് ടി. പത്മനാഭനെ വെല്ലാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കൃതി. ഭരണഘടന മൂല്യങ്ങൾ അപകടപ്പെടുന്ന കാലത്ത് അതിനെതിരെ മൂർച്ചയുള്ള വാക്കുകളുമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി. പത്മനാഭൻ മറുപടി പ്രസംഗം നടത്തി. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കെ.പി. മോഹനൻ, മാത്യു ടി. തോമസ്, തോമസ് കെ. തോമസ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭ സെക്രട്ടറി എ.എം. ബഷീർ നന്ദിയും പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെയും കേരളനിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് ജനുവരി 15 വരെ നിയമസഭ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും പ്രമുഖരായ എഴുത്തുകാരും വിവിധ വേദികളിൽ പങ്കാളികളാകും. പൊതുജനങ്ങൾക്കും നിയമസഭ മന്ദിരത്തിൽ പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് പുസ്തകോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.