അവൾ പാടുന്ന ശരീരങ്ങൾ
text_fieldsജഹാംനിർപുരിയിൽ വായുവിന്റെ ഗുണനിലവാര സൂചിക നാനൂറ്റി എൺപത്തിമൂന്നിലെത്തിയ പകലിൽ, മാധവൻ പണിയെടുത്തിരുന്ന കണ്ടത്തിനോട് ചേർന്നുള്ള റോഡിൽനിന്ന് അപരിചിതനായ ഒരു ചെറുപ്പക്കാരൻ മാധവനോട് വിളിച്ചുചോദിച്ചു: ‘ചേട്ടന്റെ ജീവിതം സുരക്ഷിതമാണോ?’ അയാളത് ചോദിച്ചതും ആ സൗരജീവിയുടെ തല താഴ്ന്നു. ഒന്നുകൂടി ചുണുങ്ങി ചെളിപുരണ്ട തൊലി പ്രൗഢമല്ലാത്ത തന്റെ ജീവിതമയാൾ മനസ്സിൽ വരച്ചു.
കണ്ടവരുടെ പാടത്തും പറമ്പിലും പണിയെടുത്തുണങ്ങിപ്പോയ ഒരു നിലവിളിയാണ് താൻ. കാഴ്ചയില്ലാത്ത മൂത്തവൾ, നലനരച്ച കെട്ടുപ്രായം കഴിഞ്ഞ രണ്ടാമത്തവൾ. നടപ്പ് ഇരുപതിലെത്തിയ ഏറ്റവും ഇളയവൾ. പൂർണതയുള്ള ഒരച്ഛന്റെ കടമ അവളിലെങ്കിലും പൂർത്തീകരിക്കാൻ തനിക്കാവുമോ? താൽക്കാലിക മൗനത്തിലകപ്പെട്ട മാധവനെ നോക്കി ചെറുപ്പക്കാരൻ തുടർന്നു:
‘ചേട്ടാ ഞാൻ രമാകാന്തൻ, സെയിൽസ് എക്സിക്യൂട്ടീവാണ്. ഞങ്ങളുടെ ഒരു പ്രോഡക്ട് പരിചയപ്പെടുത്താൻ വേണ്ടിവന്നതാ.’ ഉൽപന്നങ്ങൾ വിൽക്കാനെത്തുന്ന കുട്ടികളോട് പറയാറുള്ള സ്ഥിരവാചകം മാധവൻ ആവർത്തിച്ചു: ‘അയ്യോ ഒന്നും വേണ്ടപ്പാ കാശില്ല.’ താനറിഞ്ഞ നിരാശ പുറത്ത് കാണിക്കാതെ രമാകാന്തൻ വൃത്തിയുള്ള ഒരാവശ്യംകൂടി മാധവനുമേൽ വിരിച്ചു: ‘ചേട്ടന്റെയൊരു പത്തു മിനിറ്റ് എനിക്ക് തരുമോ?’
മാധവനിൽ കരുണ വിപുലമാണ്. അയാളുടെ ചുവടുകളിലുള്ളതാണ് ദയ. ‘കേൾവിയൊരു കലയാണ്. നല്ല കേൾവിക്കാരൻ ഒരപാര കലാകാരനാണ്.’ അതായിരുന്നു ആ പഴക്കമുള്ള ജന്മത്തിന്റെ കണ്ടെത്തൽ. രമാകാന്തന്റെ ചോദ്യത്തിൽ തട്ടിവീണ മാധവൻ കുരിശടിയിലെ മെഴുകുതിരിനാളം പോലെ നിന്ന കറ്റകൾ വകഞ്ഞ് കണ്ടത്തിൽനിന്ന് റോഡിലേക്ക് ചാടിക്കയറി. നനഞ്ഞ അയാളുടെ കാലിനടിയിൽ പൊടിമണ്ണിന്റെ ഉണക്കത്തരിയൊട്ടി.
ഇതേസമയം, മാധവനൊപ്പം പണിയുന്ന കുട്ടൻ അവർക്കരികിലെത്തി. അധികം നേരം കളയാതെ രമാകാന്തൻ വാചാലനായി: ‘ലോകത്ത് 80 ശതമാനം പേർക്കും ശുദ്ധവായു ലഭിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആ എൺപത് ശതമാനത്തിൽ നമ്മളൊക്കെ പെടും. ശുദ്ധവായു കിട്ടാതെ ഇതുവരെ മരിച്ചത് എട്ടേ പോയന്റ് എട്ട് മില്യൺ ആളുകളാണ്. ഇതിനൊക്കെയൊരു പരിഹാരമാണ് ഞങ്ങളുടെ കമ്പനി എയർഫ്രണ്ട് മുന്നോട്ടുവെക്കുന്നത്.
കാനഡയിലെ മലനിരകളിൽനിന്ന് കടലിന്റെ അടിത്തട്ടിലെ സൂക്ഷ്മജീവികളായ സൈനക്കോകോക്കസ്, പ്രോളോറോകോക്കസ് ഇതിൽനിന്നെല്ലാം ശേഖരിച്ച്, ശുദ്ധീകരിച്ച് മനുഷ്യന് ശ്വസിക്കാവുന്ന തരത്തിൽ ഞങ്ങൾ വായു മാർക്കറ്റിലെത്തിക്കുകയാണ്.’ ഇത്രയും പറഞ്ഞശേഷം ബാഗിൽനിന്ന് ഒരു ഓക്സിജൻ മാസ്ക് എടുത്ത് അതുപയോഗിക്കുന്ന രീതി രമാകാന്തൻ അവർക്ക് കാണിച്ചുകൊടുത്തു.
രമാകാന്തനെ കണ്ടും കേട്ടും നിന്ന മാധവന് നൊന്തു. അയാളുടെ മുഖം ഇരുട്ടിനെ തടുത്തുകൂടി. വായുവിനെ ഓർത്തതിന്റെ കണക്കിൽ തന്നിലെ കുറ്റവാളിയെ മാധവൻ കണ്ടു. ഒരശരീരി മാധവനെ വലംവെച്ചു. ‘ആരുടെ ദൃഢമായ വിന്യാസത്തിലാണോ നീ ഉറച്ചത് അതാണ് നീ മറന്നത്. മാധവാ മറവിയുടെ മുറിവിനോളം വലിയ പീഡയില്ല.’
‘ഇനിയിപ്പോൾ കേരളത്തിലും വരുമോ മോനേ, എന്നായിതിന്റെ വെല?’ മാധവൻ ചോദിച്ചു.
‘ഇവിടത്തെ വായുവും അത്ര ശുദ്ധമൊന്നുമല്ല ചേട്ടാ. അതുകൊണ്ട് വൈകാതെ ഇവിടെയും ഇതൊക്കെ വരും. ഇതിനൊരു 320 രൂപയാകും. ഒരുമണിക്കൂർ ജീവൻ നിലനിർത്താനത് മതി.’
‘ഇതൊന്നും ഇവിടെ വരാൻപോണില്ല മാധവേട്ടാ. ഡൽഹിയിലാ ഇതൊക്കെ ആവശ്യം’ മാധവനെ തണുപ്പിക്കാനായി കുട്ടൻ പറഞ്ഞു.
‘ഇതാ നമ്മുടെ കുഴപ്പം ലോകത്തിലെ മാറ്റങ്ങളൊക്കെ സ്വന്തം ഉമ്മറത്ത് വന്നാലേ നമ്മള് വിശ്വസിക്കൂ. നിങ്ങൾക്കൊരു കാര്യമറിയുമോ?’ നമ്മൾ കുടിക്കുന്ന പച്ചവെള്ളം ചൈനീസ് ബോളിനേക്കാൾ കുറച്ച് വലുപ്പത്തിൽ വരാൻ പോവ്വാ. അതിന് പഴം കണക്കൊരു പുറംതൊലി കാണും. ആ തൊലി മാറ്റിയാ വെള്ളം നമുക്ക് ആപ്പിളുമാതിരി കടിച്ചുതിന്നാം. രമാകാന്തൻ പറഞ്ഞത് മാധവനും കുട്ടനും വിശ്വസിക്കാനായില്ല. ഒഴുകുന്ന പുഴകൾ ജലയുണ്ടകളാകുന്നതും മനുഷ്യരത് കടിച്ചുതിന്നുന്നതും മാധവൻ മനസ്സിൽ കണ്ടു. അയാളുടെ തൊണ്ട വരണ്ടു.
രമാകാന്തൻ പോയിട്ടും അയാൾ തീർത്ത വിവാദം മാധവനെ വിട്ടില്ല. അതുകൊണ്ടാകണം, അന്നയാൾ പതിവിലും നേരത്തേ പണി നിർത്തി. മാധവൻ ചെല്ലുമ്പോൾ അയാളുടെ പാർലമെന്റ് തന്റെ സൻസദ് ഭവന്റെ മുറ്റം തൂക്കുകയായിരുന്നു. ഭാര്യയെ സ്നേഹത്തോടെ തൊട്ടുകൊണ്ടാണ് മാധവൻ അകത്തേക്ക് പ്രവേശിച്ചത്.
സന്ധ്യ മയങ്ങിയതും ചിങ്കനാശാനും കുട്ടനും മാധവന്റെ വീട്ടിലെത്തി. മുഷിഞ്ഞ തോർത്ത് ഉടുത്തിരുന്ന മാധവനെ കണ്ടതും ആശാൻ ചോദിച്ചു:
‘എന്നാടാ മാധവാ കുളിക്കാത്തെ പണികഴിഞ്ഞ് വന്നിട്ട്?’
‘എത്ര പാള വെള്ളത്തി കുളിച്ചാലും മനുഷ്യന്റെയുള്ളിലെ കറ മായില്ലാശാനേ. പൂവാതിയിൽ ചില കനലുവീണാ കെടില്ല.’
എന്നത്തെയും പോലെ കുട്ടനും വാറ്റ് കൊണ്ടുവന്നിരുന്നു. അവർ മൂന്നുപേരുമത് സേവിച്ചു. അന്നിറങ്ങാൻ നേരം ചിങ്കനാശാൻ മാധവനാട് പറഞ്ഞു: ‘എന്നാ നാളെ കാണടാ മാധവാ.’
ഇറയത്തോട് ചേർത്ത് കെട്ടിയിരുന്ന നീല പടുതക്കടിയിൽ മരക്കട്ടിലിട്ടാണ് മാധവനന്ന് ഉറങ്ങാൻ കിടന്നത്. ലഹരിയിൽ അയാൾ വേഗമുറങ്ങി. പിറ്റേന്ന് വായു അന്നതിന്റെ എക്കാലത്തെയും വലിയ സങ്കട ഗുണനിലവാര സൂചിക രേഖപ്പെടുത്തി. മഴയും വെയിലുമൊഴിഞ്ഞ പകലുടുത്ത പ്രകൃതി വായുവിന്റെ കണ്ണുനീരിൽ അടിമുടി നനഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.