കേരളം പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം വേറെയില്ലെന്ന് ബി. രാജീവൻ, ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തു
text_fieldsകോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തിരിക്കുകയാണെന്ന് എഴുത്തുകാരൻ ബി. രാജീവൻ. ആർ.എം.പി.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി ‘സാംസ്കാരിക ഇടതുപക്ഷത്തിന്റെ പുനർ നിർമാണം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ സവർണശക്തികൾ വിമോചന സമരം ഇല്ലാതെത്തന്നെ കേരളീയ സമൂഹത്തെ കീഴടക്കി. നവമുതലാളിത്തം പുരോഗമനത്തിന്റെ മുഖംമൂടിയണിയുകയാണ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സവർണ ശക്തികൾ സമ്പത്ത് വർധിപ്പിക്കുന്നു. കേരളംപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം ലോകത്ത് വേറെയില്ല. ആദിവാസി യുവാവിന്റെ മരണത്തിനെതിരെയോ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെയോ വലിയ ഇടതുപക്ഷ സാംസ്കാരിക നായകരൊന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ, അവരൊക്കെയും വിഴിഞ്ഞം സമരം നടന്നപ്പോൾ അദാനിക്കുവേണ്ടി ഒപ്പിടാൻ തിരക്കുകൂട്ടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന് സംഭവിച്ചതാണ് എസ്.എൻ.ഡി.പിയിൽ ശ്രീനാരായണ ഗുരുവിനും ഡോ. പൽപ്പുവിനും സംഭവിച്ചത്.
അവസാനകാലത്ത് ഡോ. പൽപ്പുവിനെ സംഘത്തിൽനിന്ന് പുറത്താക്കിയത് ഭ്രാന്തനെന്ന് മുദ്രകുത്തിയായിരുന്നു. കേരളത്തിലെ ബദൽ പൗരസമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ബി. രാജീവൻ പറഞ്ഞു. യു.കെ. കുമാരൻ, പി. സുരേന്ദ്രൻ, കെ.സി. ഉമേഷ് ബാബു, ആസാദ്, കെ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. എൻ.പി. ചെക്കുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.