ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് നല്ല ശീലമാണ്- ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsകൊച്ചി: രണ്ട് വർഷം മുൻപ് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞ മറുപടിയുടെ വിഡിയോ ആഘോഷിക്കുന്ന മലയാളിയുടെ സ്വഭാവത്തെ പരിഹസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. സംവാദത്തിനിടെ ചോദ്യകർത്താവിന് ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ? എന്നായിരുന്നു ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത്. സൗകര്യമില്ല, എന്നാണ് ചുള്ളിക്കാട് ചോദ്യകർത്താവിന് മറുപടി നൽകിയത്. പിന്നീട് ഇതിന്‍റെ കാരണവും കവി വിശദീകരിക്കുന്നു.
വിഡിയോയെ അനുകൂലിച്ചും വിമർശിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുള്ളിക്കാട്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്‍റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത് എന്നാണ് മലയാളികളോടുള്ള അദ്ദേഹത്തിന്‍റെ അഭ്യർഥന.
''രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്‍റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.
സ്നേഹപൂർവ്വം
ബാലൻ.
ബാലചന്ദ്രൻ ചുള്ളിക്കാട്''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.