പൊതുജനാഭിപ്രായം മാനിച്ച് മേലാൽ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsകോഴിക്കോട്: ഇനി മുതൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. പണത്തോടുളള ആർത്തി മൂലം സിനിമ സീരിയിൽ രംഗത്ത് നിന്ന് സ്വയം ഒഴിവാകുകയില്ല. അങ്ങനെ ആഗ്രഹിക്കുന്നവർ നിർമാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടണമെന്നും അദ്ദഹം പറഞ്ഞു. ഇപ്പോൾ തനിക്ക് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ താൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പവസാനിക്കുന്നത്.
ഒരു വർഷം മുൻപ് നടന്ന സാഹിത്യോത്സവത്തിൽ ചർച്ചയിൽ പങ്കെടുത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞ മറുപടി ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?," എന്നായിരുന്നു സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത്. "സൗകര്യമില്ല," എന്നാണ് ചുള്ളിക്കാട് ചോദ്യകർത്താവിന് മറുപടി നൽകിയത്. ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയിൽ വീഡിയോ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതേ തുടർന്ന് കവിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്.
'എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അത് ഞാൻ സഹിച്ചോളാം. ... ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് ശീലമാണ്. എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,' എന്നായിരുന്നു കവിയുടെ മറുപടി.
ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കുറിപ്പ്:
പൊതുജനാഭിപ്രായം മാനിച്ച്, മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.
സിനിമ - സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.)
ഇപ്പോൾ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
ബാലചന്ദ്രൻ ചുള്ളിക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.