സാഹിത്യപരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsകൊച്ചി: ഇനി മേലാൽ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്ന പ്രഖ്യാപനവുമായി കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ഇദ്ദേഹം നേരത്തേ പങ്കെടുത്ത സാഹിത്യോത്സവത്തിൽ ഉയർന്നുവന്ന ചോദ്യവും ഇതിെൻറ ഉത്തരവും അടങ്ങിയ വിഡിയോ ക്ലിപ് അടുത്തിടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചുള്ളിക്കാട് രംഗത്തുവന്നത്. സുഹൃത്തുക്കൾക്കുള്ള വാട്ട്സ്ആപ്പ് സന്ദേശമായാണ് കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. തനിക്ക് 63 വയസ്സ് കഴിഞ്ഞുവെന്നും 70 കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്നും കവി കൂട്ടിച്ചേർക്കുന്നു.
കുറിപ്പിെൻറ പൂർണരൂപം:
''പൊതുജനാഭിപ്രായം മാനിച്ച്, മേലാൽ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എെൻറ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലോ) ഇപ്പോൾ എനിക്ക് വയസ്സ് 63 കഴിഞ്ഞു. 70 കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം. പരമാവധി വിനയത്തോടെ -ബാലചന്ദ്രൻ ചുള്ളിക്കാട്''.
2018ൽ നടന്ന സാഹിത്യോത്സവത്തിലെ സംവാദത്തിനിടയിൽ നടന്ന ചോദ്യോത്തരമാണ് ഈയിടെ വിവാദമായത്. ചോദ്യകർത്താവിനെ അനുകൂലിച്ച് ഒരു വിഭാഗവും ചുള്ളിക്കാടിനെ അനുകൂലിച്ച് മറ്റൊരു വിഭാഗവും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.