മലയാളിയുടെ സ്വന്തം ബഷീർ എന്റെ പ്രിയപ്പെട്ട റ്റാറ്റാ
text_fieldsറ്റാറ്റാ മരിച്ചശേഷം ജനിച്ച കുട്ടികളൊക്കെ ഏറെ പ്രിയത്തോടെ പറയുന്നത് കാണുേമ്പാൾ, റ്റാറ്റാ ഇതൊക്കെ കാണാനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നുവെന്ന് തോന്നിപ്പോകും...
ബഷീർ എന്ന പേര് മാത്രം മതി മലയാളിക്ക്. ഓർമയിൽ നിറയുക പ്രിയ എഴുത്തുകാരനാണ്. അതെ, വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ. ഇത്രമേൽ, മലയാളിയുമായി ചേർന്നുനിന്ന എഴുത്തുകാരൻ വേറെയില്ല. 1994 ജൂലൈ അഞ്ചിനാണ് കഥകളുടെ സുൽത്താൻ കാണാമറയത്തേക്ക് സഞ്ചരിക്കുന്നത്. മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഇപ്പോഴും ബഷീർ സാഹിത്യം വായിക്കപ്പെടുകയാണ്. ചർച്ചചെയ്യപ്പെടുകയാണ്.
മലയാളത്തിലെ പ്രമുഖ പ്രഭാഷകരെല്ലാം അവരുടെ പ്രഭാഷണത്തിനിടയിൽ പറയുന്ന കഥകളിൽ നിറയുന്നത് ബഷീർ സാഹിത്യമാണ്. പുതിയ സാഹിത്യകൃതികൾ നിറയുമ്പോഴും ബഷീർ മുൻനിരയിൽതന്നെയുണ്ട്. ഇനി മറ്റൊരു കൗതുകംകൂടിയുണ്ട്, പുതിയ തലമുറയിലെ കുട്ടികളോട് ചോദിക്കൂ, അവർ ഉടൻ പറയുന്ന എഴുത്തുകാരിൽ ഒരാൾ ബഷീർ ആയിരിക്കും. ഇതിനു കാരണം ഒന്നേയുള്ളൂ. ആ ഭാഷയുടെ ലാളിത്യം. നമ്മുടെ സ്വന്തമെന്നപോലെ തോന്നുന്ന കഥാപാത്രങ്ങൾ, കഥാപരിസരങ്ങൾ... അതാണ് ബഷീറിയൻ മാജിക്.
കോഴിക്കോട്ടെ പുസ്തകശാലയിലെ തിരക്കുകൾക്കിടയിൽ ബഷീറിന്റെ മകൾ ഷാഹിന ബഷീർ മനസ്സു തുറക്കുകയാണിവിടെ. തന്റെ പ്രിയപ്പെട്ട റ്റാറ്റായെകുറിച്ച്. ‘മറ്റൊരു പേരും ഞാൻ റ്റാറ്റായെ വിളിച്ചിട്ടില്ല. കുട്ടിക്കാലത്ത് റ്റാറ്റാ സാഹിത്യ അക്കാദമിയിലും മറ്റും പോകുേമ്പാൾ പറയുന്ന റ്റാറ്റാ വിളി തുടർന്നു. അത്രമാത്രം. പലപ്പോഴും ബഷീറിന്റെ മകളാണെന്ന് ഞാൻ പറയാറില്ല. പക്ഷേ, ഇവിടെ പുസ്തകം വാങ്ങാനെത്തുന്നവർ ഒക്കെ ബഷീറിന്റെ ഇന്ന കൃതി വേണം എന്നൊക്കെ പറയുന്നത് കേൾക്കുേമ്പാൾ ഏറെ സന്തോഷം തോന്നും.
ചിലർ ഞാൻതന്നെ കഥാപാത്രമായ ‘മാന്ത്രിക പൂച്ച’യെ കുറിച്ച് ചോദിക്കും. ചിലപ്പോൾ ഞാൻ പറയും ബഷീറിന്റെ മകളാണെന്ന്. അവർ കാണിക്കുന്ന സ്നേഹം കാണുേമ്പാൾ... റ്റാറ്റാ മരിച്ചശേഷം ജനിച്ച കുട്ടികളൊക്കെ ഏറെ പ്രിയത്തോടെ പറയുന്നത് കാണുേമ്പാൾ, റ്റാറ്റാ ഇതൊക്കെ കാണാനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നുവെന്ന് തോന്നിപ്പോകും... ഓർമകൾ ഒരായിരമുണ്ട്... എല്ലാം ഇന്നലെയെന്നോണമുള്ളത്’
ബാല്യകാല ചങ്ങാതി
എനിക്ക് ഉറ്റ ചങ്ങാതിയായിരുന്നു റ്റാറ്റാ. കുട്ടിക്കാലത്ത് ഞാനൊറ്റക്കാണല്ലോ എന്ന ചിന്ത വേദനിപ്പിച്ചിരുന്നു. അതു മനസ്സിലാക്കിയാവാം. അപ്പോഴേക്കും ശരിക്കും എന്റെ ചങ്ങാതിയായി റ്റാറ്റാ മാറിയിരുന്നു. എനിക്കുള്ള സ്വാതന്ത്ര്യം മറ്റാർക്കുമുണ്ടായിരുന്നില്ല. റ്റാറ്റാ എഴുതുേമ്പാഴും വായിക്കുേമ്പാഴും ഞാന്‍ ചെന്ന് ശല്യപ്പെടുത്തും. അത് എനിക്ക് ഹരമായിരുന്നു. എന്നാൽ, റ്റാറ്റാക്ക് അതൊരു പ്രശ്നമേയല്ല.
അങ്ങനെ, റ്റാറ്റാ എപ്പോഴും എനിക്ക് നല്ല കൂട്ടായി. കഥ പറയാന്‍, കഥ കെട്ടിച്ചമച്ച് പരിചയമുള്ളവരെയെല്ലാം കഥാപാത്രങ്ങളാക്കി പറയാന്‍, റ്റാറ്റാ റെഡിയാണ്. പരിപാടികൾക്ക് പോകുമ്പോള്‍ കൂടെകൂട്ടും. റ്റാറ്റായുടെ സുഹൃത്തുക്കൾക്ക് മുന്നിൽ, വായിച്ചറിഞ്ഞ് പരിചയപ്പെടാൻ വരുന്നവർ... ആരായാലും അവർക്ക് മുന്നിൽ ഞാനൊരു കഥാപാത്രമായി നിറഞ്ഞുനിൽക്കും. ഇതാ, ഞാൻ കഥാപാത്രമായ ‘മാന്ത്രിക പൂച്ച’യിൽ റാറ്റാ എഴുതിയത് കണ്ടില്ലേ...
‘റ്റാറ്റോ..! എന്ന് സങ്കടത്തോടെ വിളിച്ചുകൊണ്ട് മോള് ഷാഹിന എന്റെ അരികത്തു വന്നു (മോള് എന്നെ പിതാവ് എന്ന അര്‍ഥത്തില്‍ റ്റാറ്റാ എന്നാകുന്നു വിളിക്കുന്നത്. ക്ഷമിക്കണം). മോള് എന്റെ അടുത്തുവന്നിരിക്കുന്നത് ന്യായമായ ഒരു സങ്കടത്തോടെയാണ്. അഞ്ചഞ്ചര വയസ്സായ ഈ ദുഃഖത്തിന്റെ അകത്ത്, ഈ പ്രപഞ്ചത്തെ വിറകൊള്ളിക്കുന്ന ഒരു ഉഗ്രന്‍ പ്രശ്നം പുകഞ്ഞു തുടങ്ങിയ ആറ്റംബോംബു മാതിരി ഇരിക്കുന്നുണ്ട്.
എന്താണെന്നോ? മോള്‍ക്ക് കളിക്കാന്‍ കൂട്ടുകാരില്ല. എന്തുചെയ്യും? പീപ്പിളി എന്നു പറയുന്ന പീപ്പി, പാവകള്‍, റബ്ബര്പ്പന്തുകള്, കുട്ടിപ്പുര, പടപ്പുസ്തകങ്ങള്, ബക്കറ്റ്, പാത്രങ്ങള്‍, ഊഞ്ഞാല്, സൈക്കിള്‍ -എല്ലാമുണ്ട്. ന്യായമായും ഒരുപാട് കളികള്‍ ഇതെല്ലാംകൊണ്ട് കളിക്കാം. പക്ഷേ, കളിക്കോപ്പുകള്‍ ഒന്നുംതന്നെ വേണ്ടാ. വിരക്തി. മോള്ക്കുവേണ്ടത് മോളെപ്പോലുള്ള ചെറിയ കുട്ടികളാണ്. കൂവി ആര്‍ത്തു മണ്ണിലുരുണ്ട് കളിക്കണം. എന്തുവഴി? ഈശ്വരാ കുറെ കുട്ടികളെ എവിടെനിന്ന് കിട്ടും?’
മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍
റ്റാറ്റായെ ഓർക്കുേമ്പാൾ മറക്കാൻ കഴിയില്ല മാങ്കോസ്റ്റിന്‍ മരച്ചുവട്. കാരണം, അവിടെയാണ് എല്ലാവരും ഒത്തുചേരുന്നത്. ചാരുകസേരയിലിരിക്കുന്ന റ്റാറ്റായെ കാണാനും അടുത്തറിയാനും പലരും വന്നു. പല ദേശങ്ങളിൽനിന്ന്. ഒരിക്കൽ, റ്റാറ്റായുടെ മുന്നില്‍ വന്നിരുന്നത് അഴീക്കോട് മാഷായിരുന്നു. വൈലാലില്‍ വീട്ടില്‍ യൂനിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്ത് മാഷ് ഇടക്കിടെ വരും. അന്ന് മാഷ് റ്റാറ്റായുടെ മുന്നിലുള്ള ഒരു കസേരയിലിരുന്നു. മാഷ് ഇരുന്ന ഉടനെ റ്റാറ്റാ പറഞ്ഞു: ‘ഇവിടെയിരിക്ക്’. തൊട്ടടുത്തുള്ള കസേരയിലിരിക്കാന്‍ റ്റാറ്റാ കൽപിച്ചു.
മാഷ് മാറിയിരിക്കുമ്പോള്‍ അതെന്തിനാണെന്ന് ചോദിച്ചു. റ്റാറ്റാ ഒന്നും പറഞ്ഞില്ല. മാഷ് കസേരയിലിരുന്ന് രണ്ടോ മൂന്നോ നിമിഷം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള തെങ്ങില്‍നിന്ന് ഒരു തേങ്ങ വീണു. വീണത് മാഷ് ആദ്യമിരുന്ന കസേരയില്‍. ആദ്യം മാഷ് ഞെട്ടി. പിന്നെ മാഷ് ചോദിച്ചു: ‘സ്ഥലത്തെ പ്രധാന ദിവ്യനാണല്ലേ?’ റ്റാറ്റായുടെ ഉള്‍വിളിയുടെ കഥകൾ തന്നെയേറെയുണ്ട്. പലതും മുൻകൂട്ടി അറിയാൻ റ്റാറ്റാക്ക് കഴിഞ്ഞിരുന്നു.
മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വരുന്ന ആരാധകർക്ക് കൈയും കണക്കുമില്ല. വലുപ്പ-ചെറുപ്പമില്ലാതെ എല്ലാവരെയും റ്റാറ്റാ സ്വീകരിച്ചു. ചിലർ, കഥാപാത്രങ്ങളെ കാണണമെന്ന് പറയും. അപ്പോൾ റ്റാറ്റാ വിളിക്കും, മോളെയെന്ന്... ഞാന്‍ മുന്നിലെത്തണം. അങ്ങനെ റ്റാറ്റായുടെ സ്നേഹം ഏറെ അനുഭവിച്ച കുട്ടിയാ ഞാൻ. റ്റാറ്റായുടെ എഴുത്ത് രാത്രിയിലാ. രാത്രിയെന്നാൽ പുലരുവോളം. ഞങ്ങൾ ഉണരുേമ്പാൾ, ഉറങ്ങാൻ കിടക്കുന്ന റ്റാറ്റായെയാണ് കാണുക. റ്റാറ്റായുടെ എഡിറ്റിങ് അത്ഭുതമാണ്. പ്രസിദ്ധീകരിച്ച കൃതി വീണ്ടും വീണ്ടും വായിക്കും. അനാവശ്യമെന്ന് തോന്നിയ ഒരോ അക്ഷരവും വെട്ടിമാറ്റും. പുനഃപ്രസിദ്ധീകരിക്കുേമ്പാൾ അതൊക്കെ ചുരുക്കും.
റ്റാറ്റായുടെ പാചകം
റ്റാറ്റാ ഒന്നാന്തരം പാചകക്കാരനാണ്. പ്രത്യേകിച്ച് ഞായറാഴ്ചകളിൽ പാചകം റ്റാറ്റാ ഏറ്റെടുക്കും. ഉമ്മച്ചിയെ എടീയേ... എന്നാണ് വിളിക്കാറ്. അത്തരം ദിവസങ്ങളിൽ ഒരാവേശമാണ്. സ്റ്റൗ വരാന്തയിൽ കൊണ്ടുവെച്ചാണ് പാചകം. തിരുത മീൻ റ്റാറ്റാക്ക് വലിയ ഇഷ്ടമാണ്. ഹൈദ്രോസ് ഇക്കയാണ് മീൻ കൊണ്ടുവരുക. പാന്തംകൊണ്ട് തിരുത മീനിന്റെ വായിലൂടെ കൊളുത്തിട്ടാ എത്തിക്കുക. അതുതന്നെ ഒരു കാഴ്ചയാണ്.
റ്റാറ്റാ മീൻ മുറിക്കുന്നതിന് തന്നെ പ്രത്യേകരീതിയാ. അത്, കുടംപുളിയിട്ട് വറുത്തരച്ച കറിയാ വെക്കുക. അതിനൊരു പ്രത്യേക ടേസ്റ്റാ. പുട്ടും കടലയും ഉണ്ടാക്കും. എല്ലാറ്റിനും റ്റാറ്റായുടേതായ മെനു ഒക്കെയുണ്ട്. ഭക്ഷണം എല്ലാവർക്കും കൊടുക്കാനും ഇഷ്ടാ റ്റാറ്റാക്ക്. പുതിയകാലത്തെ കുട്ടികൾക്കൊന്നും ഇത്തരം അനുഭവങ്ങൾ കാണില്ല. കോഴിക്കോട് റ്റാറ്റാ എത്തുന്നത് ഫിഫ്ത് ഫോറത്തില്‍ പഠിക്കുേമ്പാഴാണ്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യഗ്രഹം നടക്കുന്നു. അതില്‍ പങ്കെടുക്കാന്വേണ്ടിയായിരുന്നു. റ്റാറ്റായില്ലാതെ 31 വർഷം കഴിഞ്ഞുവെന്ന് ചിന്തിക്കാൻ കഴിയില്ല. ഈ വായനക്കാരുള്ള കാലത്തോളം റ്റാറ്റാ ഇവിടെതന്നെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.