ആവിഷ്കാരവും അന്വേഷണവും
text_fieldsഅലൻ അതായിരുന്നു അവന്റെ പേര് (നോവൽ)
മനുഷ്യൻ നേരിടുന്ന അംഗപരിമിതി എന്ന ആഗോള പ്രശ്നത്തെ എങ്ങനെ നോവലിലൂടെ പരിചരിക്കാമെന്ന് പരീക്ഷിക്കുന്ന രചനയാണ് പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരിയുടെ ‘അലൻ അതായിരുന്നു അവന്റെ പേര്’ എന്ന നോവൽ. പത്രപ്രവർത്തകന്റെ അന്വേഷണവും നോവലിസ്റ്റിന്റെ ആന്തരിക നിരീക്ഷണവുമെന്ന നിലയിൽ രണ്ടു ചിന്താധാരകളും സമർഥമായി നോവലിൽ ആവാഹിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
താൻ ഗർഭിണിയാണെന്ന വിവരം റോസ്ലിൻ ഭർത്താവിനോട് പറയാൻ തുടങ്ങുമുമ്പേ അയാൾ അപകടത്തിൽ കൊല്ലപ്പെടുന്നു. പ്രിയതമന്റെ മരണ ഹേതു തന്റെ ഗർഭസ്ഥ ശിശുവാണെന്നു തോന്നി അവർ തകരുന്നു. വെറുത്ത ഭ്രൂണത്തെ ഒഴിവാക്കാൻ റോസ്ലിൻ ഡോക്ടറെ സമീപിക്കുന്നു, അബോർഷൻ പരാജയപ്പെട്ട് കുഞ്ഞ് പിറക്കുന്നു ഡോക്ടർക്കെതിരെ 10 ലക്ഷത്തിനു കേസ് കൊടുക്കുന്നു. സ്വന്തം അമ്മപോലും വെറുത്ത് ശത്രുവാകുന്ന ദാരുണ വിധിപേറുന്ന അലന്റെ അംഗപരിമിത ജീവിതം നടത്തുന്ന അതിജീവനം ലോകത്തിനുതന്നെ മാതൃകയാകുന്നു. അലൻ അനുഭവിക്കുന്ന കടലാഴമുള്ള വേദനയും ഒറ്റപ്പെടലും അയാളിൽ സ്വന്തവും ബന്ധവും സമൂഹവും കെട്ടിയേൽപിക്കുന്ന വിവിധ അപമാനങ്ങളും അതു മനുഷ്യന്റെ ലോകവ്യാപകമായ പ്രശ്നമെന്ന നിലയിൽ കാണാൻ ആദ്യംതന്നെ വായനക്കാരെ ക്ഷണിക്കുകയാണ്. ഇതിനായി മറ്റൊരുക്കങ്ങളുടെ അലങ്കാരമില്ലാതെയും വിശദാംശങ്ങൾ കൂടാതെയും നേരെ പ്രമേയത്തിലേക്ക് കടക്കുകയാണ് എഴുത്തുകാരൻ.
അംഗപരിമിതി എന്ന ആഗോള വിഷയത്തെ നോവലായി കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നം എഴുത്തുകാരൻ നേരിടുന്നുണ്ട്. ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നപോലെ ലോക ജനസംഖ്യയിൽ 50 കോടിയുള്ള അംഗപരിമിതരെ പ്രതിനിധാനം ചെയ്യുന്നതിെന്റ ആന്തരിക സമ്മർദമാണ് സ്വാഭാവികമായും നോവൽ പരിമിതിയെ അറിയാതെ തന്നെ ലംഘിക്കാൻ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നത്.
ഒടുക്കം വരെ ഒരു ജിജ്ഞാസയുടെ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട് നോവലിസ്റ്റ്. നോവലിൽ പ്രയോഗിക്കുന്ന പേരുകൾക്കുതന്നെ ഒരാഗോള സ്വഭാവമുണ്ട്. അലൻ, റോസ്ലിൻ, അലക്സി, ഒലിവർ, ലയണൽ എന്നിങ്ങനെയുള്ള കഥാപാത്ര നാമങ്ങൾ ഒരു പ്രദേശത്തോ ഒരു രാജ്യത്തോ ഒതുങ്ങുന്നതല്ല. അത് ലോകം മുഴുവനും കണ്ണി ചേർക്കുന്നതാണ്. മനുഷ്യെന്റ അംഗപരിമിതി ലോകത്തിന്റെതന്നെ പരിമിതിയാണെന്ന് പറഞ്ഞുവെക്കുകയാണ് നോവലിസ്റ്റ്. ആലങ്കാരികമായി ഒരു പശ്ചാത്തലം സൃഷ്ടിച്ച് പ്രമേയത്തെ ആവിഷ്കരിക്കുന്ന രീതിയല്ല അബ്ദുല്ലയുടേത്. വിഷയത്തെ നേരിട്ടവതരിപ്പിക്കുകയാണ്. നാടകീയതയുടെ ഏതെങ്കിലും തരത്തിലുള്ള പിൻപറ്റൽ ആവിഷ്കാരത്തിൽ സ്വീകരിക്കുന്നില്ല. ഉള്ളത് ഉള്ളതുപോലെ പറയുക എന്ന ശൈലി.
അംഗപരിമിത ജീവിതത്തിന്റെ ദുസ്സഹമായ ദുരിതംപേറുന്നതും അതിനുമീതെ പ്രത്യാശാഭരിതമായ ഒരു വെളിച്ചപ്പൊട്ട് അടയാളപ്പെടുത്തുന്നതുമായ നോവൽ നമ്മുടെ ഭാഷയിൽ കുറവാണ്. സാഹിത്യത്തെക്കാൾ അംഗപരിമിത ജീവിതപ്രമേയം ശക്തമായി സ്വീകരിച്ചത് സിനിമയാണ്. ഒഴിവാക്കേണ്ടതല്ല അംഗപരിമിതരുടെ ജീവിതവും പ്രത്യാശയുമെന്ന് സിനിമ ഓർമിപ്പിക്കുമ്പോൾ സാഹിത്യത്തിൽ ഈ പ്രമേയം വിരളമാണെന്നുള്ളതും ഓർക്കാതെ വയ്യ. അവിടെയാണ് അബ്ദുല്ലയുടെ നോവൽ ചർച്ചയാകേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.