കെട്ടും പൂട്ടുമില്ലാത്ത കവിതാക്കാലം
text_fieldsതലക്കെട്ടില്ലായ്മ എന്നാൽ കവി കവിതയിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണെന്ന് വെച്ചോളൂ, അതിനപ്പുറം കവിതയ്ക്കുള്ളിൽത്തന്നെ രൂപപ്പെടുന്ന തുറവികൂടിയാണത്. കവിതാ പുസ്തകം പോലും തലക്കെട്ടിന്‍റെ ഭാരം പേറുന്നില്ലെന്ന് പറയാം, കാരണം ഇല്ലായ്മയാണ് അവിടെയും. ഓരോ കവിതയും വേറിട്ടുനിൽക്കാതെ തലക്കെട്ടെന്ന കടമ്പയെ മാറ്റിവെച്ച് തുടർച്ചയുള്ള ഒന്നായി മാറുകയാണിവിടെ. നൈരന്തര്യവും തുടർച്ചകളും ആവർത്തനങ്ങളും തന്നെയാണല്ലോ ജീവിതത്തെ എന്നപോലെ കവിതയെയും ചലനാത്മകമാക്കുന്നത്.
ജീവിതത്തിന്‍റെ ഭാഷാ ക്രമക്കണക്കാണ് കവി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജീവിതത്തിന്‍റെ accent ആണ് കവിതകൾക്ക്. അവ ചിരിക്കുന്നു, കരയുന്നു, ചായകുടിക്കാൻ പോകുന്നു. ഒന്നും മാറ്റി നിർത്തേണ്ടതായിട്ടില്ല, എല്ലാം കവിതയുടെ ഭാഗമാണ്. ജനിച്ചുവളർന്ന നാടും പഠനത്തിനായെത്തിയ ക്യാമ്പസും വീടും കുടുംബവും മനസും ശരീരവും കാപട്യങ്ങളില്ലാതെ കവിതയിൽ നിറയുന്നു. അതെല്ലാം വേർതിരിച്ചെടുക്കാവുന്ന മട്ടിൽ ചിതറിയിട്ടിരിക്കുന്ന ചിത്രങ്ങളാവുന്നു. ദേശത്തെയും സമൂഹത്തെയും അതിലൂടെ തന്നെതന്നെയും അടയാളപ്പെടുത്തുകയാണ് കവിത. -മഴത്തുള്ളിയിലൊളിപ്പിച്ചുവച്ച ശൈത്യം പോലെയാണ് പ്രണയം - എന്നുപറയുമ്പോൾ ശൈത്യമെന്ന ഭാവത്തെയും ശൈത്യയെന്ന പ്രണയിനിയെയും കവിതയിലൊളിപ്പിക്കുന്നുണ്ട് കവി.
രൂപപരമായ പരീക്ഷണങ്ങളും വൃത്തവും പ്രാസവും എല്ലാം കവിതയ്ക്ക് മാറ്റുകൂട്ടുന്നവയാണെന്ന് പറയാറുണ്ടല്ലോ. ഇവിടെയവ കവിതകളുടെ കൂടെ പുതിയൊരു സാഹസത്തിന് പുറപ്പെട്ടിരിക്കുകയാണ്. മിക്ക വരികളും വാക്കുകളും ഭാവാർത്ഥത്തിലേക്ക് ചേക്കാറാതെ വാച്യത്തിൽ തന്നെ അർത്ഥത്തെ കൊരുക്കുന്നു. അവ അനുഭവങ്ങളുടെ ഓർമകളുടെ കാഴ്ചകളുടെയെല്ലാം സാന്നിധ്യത്തെ കുറിക്കുന്ന ചിഹ്നങ്ങളാവുന്നു.
ജീവിത മുഹൂർത്തങ്ങളുടെ നിസ്സാരതയും നിസ്സഹായതയും തുറന്നു കാണിക്കുന്നുണ്ട് ചില വരികൾ. ബാല്യവും പ്രണയവും യൗവനവുമെല്ലാം വിഷയങ്ങളായി വരുന്നുണ്ടെങ്കിലും അവയിലൊന്നുമല്ല കവിതയുടെ ഊന്നൽ. ചിലപ്പോഴവ ഭാഷകൊണ്ട് കളിക്കുമ്പോൾ മറ്റുചിലപ്പോൾ അർത്ഥത്തിന് അപ്പവും വീഞ്ഞുമാകുന്നു, ഓർമയെ മുറിച്ചിടുന്നു, കാതങ്ങൾ താണ്ടാൻ മിനക്കെടാതെ അന്താക്ഷരി കളിച്ചിരിക്കുന്നു.
കവിതയിലും ജീവിതത്തിലും സുഹൃത്തായ എസ്.പിയെ (ശിവപ്രസാദ്) കുറിച്ച് പറയാതെ പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ലല്ലോ. വിത്തിലും വിതയിലും കൂടെ നടന്നതിന്‍റെ കിതപ്പ്. മുളപൊട്ടുമ്പോൾ നോക്കി നിന്നൊരു സുഖം. തലക്കെട്ടില്ലാത്ത കവിതകൾ പരസ്യമായൊരു അഹങ്കാരമാവുന്നത് ഇങ്ങനെയൊക്കെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.