‘യാത്ര’ പറയുന്നു, ചരിത്രവും രാഷ്ട്രീയവും
text_fields‘‘മനുഷ്യന്റെ ആദ്യ സഞ്ചാരത്തിന് നാന്ദികുറിച്ച മണൽപരപ്പുകൾ, ചരിത്രത്തിന്റെ കുളമ്പടിയൊച്ചകൾ അലയടിക്കുന്ന തെരുവുകൾ, സംസ്കാരത്തിന്റെ നീരുറവകൾ ഒഴുകുന്ന നഗരങ്ങൾ, കാലം നിശ്ചലമാകുന്ന കടലുകൾ, മനുഷ്യനെ മനുഷ്യനാക്കിയ ജനപഥങ്ങൾ, കണ്ടാലും കേട്ടാലും മതിവരാത്ത അറേബ്യൻ ഗാഥകൾ, അവകളിലേക്കുള്ള ഒരു യാത്രയാണിത്’’
എസ്.കെ. പൊെറ്റക്കാട്ടും സക്കറിയയുമടക്കം മലയാളിക്ക് ലോകത്തെ സഞ്ചരിച്ച് പരിചയപ്പെടുത്തിയ എഴുത്തുകാർക്ക് മുമ്പും കുറവൊന്നുമില്ല. പുതിയകാല സാങ്കേതികതകൾ ഉപയോഗപ്പെടുത്തി കാഴ്ചകളുടെ വിരുന്നൊരുക്കുന്ന യാത്രക്കാരും അനവധി. സൈക്കിളേറിവരെ ലോകം ചുറ്റുന്നവർ. ഈ പെരുമക്കിടയിലും മലയാളി ചെന്നുതൊടാൻ ഏറെ കൊതിയോടെ കാത്തിരിക്കുന്ന ഇടങ്ങളിലേക്ക് ഒരു മാധ്യമപ്രവർത്തകൻ നടത്തിയ യാത്രകളാണ് പുസ്തകരൂപമെടുത്ത് നമുക്കു മുന്നിലുള്ളത്.
സാമ്രാജ്യത്വ സ്വപ്നങ്ങൾ ദുഷ്ടലാക്കോടെ നിരന്തരം സൃഷ്ടിക്കുന്ന അങ്കക്കലികൾക്കിടെയും കുതൂഹലപ്പെടുത്തുന്ന ചരിത്രവും ദൃശ്യചാരുതയേറെയുള്ള ഒരു മേഖലയുടെ ഭാഗമായും അവയോട് ഓരംപറ്റിയും കിടക്കുന്ന മൂന്ന് രാജ്യങ്ങളിലേക്കാണ് യാത്ര. ലോകം മുഴുക്കെയുള്ള സഞ്ചാരികളുടെ മനസ്സ് ത്രസിപ്പിക്കുന്ന ഈ നാടുകളിൽ ഏതു കാലത്തും സഞ്ചാരികളെത്തിയിട്ടുണ്ട്. അവിടങ്ങളിൽനിന്ന് മുത്തും പവിഴവും പോലെ അമൂല്യമായ ചരിത്രങ്ങൾ പലതും പെറുക്കിയെടുത്തിട്ടുണ്ട്. അവയുടെ വർത്തമാനങ്ങൾ കൂടിയാണ് എം.എൻ. സുഹൈബ് പങ്കുവെക്കുന്നത്.
ഈജിപ്തിൽ കൈറോ തെരുവുകളിൽ തുടങ്ങി പിരമിഡുകൾ കടന്ന് അലക്സാൻഡ്രിയ ലൈബ്രറിയിലവസാനിക്കുന്ന യാത്രയിൽ പ്രകടമാകുന്ന ഒരു സഞ്ചാരിയുടെ ആവേശത്തിനൊപ്പം ചരിത്രം ചികഞ്ഞെടുക്കാനുള്ള ഔത്സുക്യവും പുസ്തകത്തെ വേറിട്ടുനിർത്തും. അത്യപൂർവമാണ് ഓരോ നാടും നമുക്കുമുന്നിൽ നിവർത്തുന്ന ചരിത്രവും വർത്തമാനവും. മോശ പ്രവാചകന്റെ ജീവിതം മുതൽ ബെൻ അസ്റ ഗനീസ ലോകത്തിനായി തുറന്നിട്ട ചുരുളുകളുടെ ജ്ഞാനനിലവറകൾവരെ മധുര സുഭഗമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു. ബഗ്ദാദിലെ പുസ്തകത്തെരുവുകളുടെ കഥക്കൊപ്പം അവിടത്തെ രാഷ്ട്രീയവും അവർ എത്തിനിൽക്കുന്ന ജീവിതവിപര്യയവും വരെ ശശി തരൂർ പുസ്തകം അവതരിപ്പിക്കുന്നുണ്ടെങ്കിൽ ഫുസ്തത്തിലെ പുസ്തകത്തെരുവുകൾ എന്ന അധ്യായം പോകുന്നത് മറ്റൊരു വശത്തൂകൂടെ. ഈജിപ്തിൽ പട്ടാളഭരണം സമ്മാനിക്കുന്ന ആധിയും ആന്തലും യാത്രയുടെ തുടക്കത്തിലെ അനുഭവമായി പറഞ്ഞുപോകുന്നുണ്ട്. മായിമാമ മരക്കാർ എന്ന ഒരു മലയാളി മംലൂക് രാജവംശത്തിന്റെയും ഈജിപ്തിന്റെയും ചരിത്രത്തിലേക്ക് കുടിയേറിയതും ബെൻയിജു എന്ന തുനീഷ്യക്കാരൻ തിരിച്ച് നമ്മുടെ ജീവിത പരിസരത്തെത്തിയതുമടക്കം ഈജിപ്തിന് പങ്കുവെക്കാൻ അനവധി.
അതുപോലെ സവിശേഷമാണ് പുസ്തകം പിന്നിട്ടുപോകുന്ന ജോർഡൻ കഥകൾ. സെമിറ്റിക് മതങ്ങൾക്ക് ആഴവും പരപ്പും നൽകുന്ന കൗതുകങ്ങൾ പലതും ഇപ്പോഴും ജീവിക്കുന്ന ഇതിന്റെ പരിസരത്ത് കണ്ടെടുത്ത ചാവുകടൽ ചുരുളുകളെക്കുറിച്ച് സാമാന്യം നന്നായി പുസ്തകം പരാമർശിക്കുന്നുണ്ട്. ഇസ്രായേൽ അധിനിവേശത്തിന്റെ നീറുന്ന ഓർമകൾ അറിയാൻ അമ്മാനിലെ ഹോട്ടൽ ഉടമയുടെ ‘ഫലസ്തീൻ പ്രശ്നത്തിൽ തന്റെ സംഭാവന അരക്കിലോ മാംസക്കഷണമാണെന്ന് എലിയ്യ തമാശ പറയുന്നു’’ എന്ന വാക്യത്തിന്റെ അപ്പുറവും ഇപ്പുറവും വായിക്കണം. അറബിയിലെ ‘The smallest hotel in the world’’, റജിബിലെ ഗുഹാവാസികളുടെ ഗുഹ, ‘കാലത്തിന്റെ പകുതി പ്രായമുള്ള അരുണ നഗരം’ എന്നിങ്ങനെ ജോർഡനെ കേൾക്കുംമുമ്പ് പലരും കേട്ട ഇടങ്ങളെക്കുറിച്ചും ഗ്രന്ഥകാരൻ ഹൃദ്യമായി പറഞ്ഞുപോകുന്നുണ്ട്. യൂറോപ്പുമായി താദാത്മ്യപ്പെടാൻ വിമ്മിട്ടപ്പെട്ടുനിന്ന അറേബ്യയെ നയവും വടിയുമെടുത്ത് ഭാഗമാക്കിയ ‘ലോറൻസ് ഓഫ് അറേബ്യ’യെ തേടിയുള്ള യാത്രയും അദ്ദേഹം സ്വീകരിച്ച ചതുരുപായങ്ങളുടെ കഥകളും ചരിത്രകുതുകികളിൽ മാത്രമല്ല, ശരാശരി വായനക്കാരനിലും ആവേശം ജ്വലിപ്പിക്കും.
ബോസ്ഫറസ് ഇറമ്പുകളിൽ രണ്ട് സ്വഭാവങ്ങൾ, രണ്ട് സംസ്കാരങ്ങൾ, രണ്ടുതരം ജീവിതങ്ങൾ, രണ്ട് ഭൂഖണ്ഡങ്ങൾ- തുർക്കിയ യാത്ര തുടങ്ങുമ്പോഴത്തെ വൈവിധ്യം അവസാന താൾ വരെയുണ്ട്. ടോപ് കാപി കൊട്ടാരം കാണാൻ ആവേശപൂർവം ഇസ്തംബൂളിൽ ഇറങ്ങിയപ്പോൾ മരണത്തിനു മുന്നിൽനിന്ന അനുഭവവും മറ്റൊരിക്കൽ വെറുതെകണ്ട ഒരാൾ പ്രസിഡന്റിനെതിരെ വെറുതെ രോഷം കൊണ്ടതുമടക്കം തുർക്കിയയുടെ രാഷ്ട്രീയംകൂടി കടന്നുവരുന്നതാണ് യാത്രയിലെ മുഹൂർത്തങ്ങളിൽ പലതും. തുർക്കിയക്കും അവിടത്തെ നഗരങ്ങൾക്കും പഴയ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായതു മുതൽ ലോക രാഷ്ട്രീയത്തിൽ അടർത്തിമാറ്റാനാവാത്ത വലിയ ഇടമുണ്ട്. തീർച്ചയായും അതുകൊണ്ടുതന്നെ തുർക്കിയയുടെ ഓരോ ചുവടും ലോകം ഉറ്റുനോക്കുന്നതുമാണ്. അതുകൂടി പങ്കുവെക്കാൻ ഗ്രന്ഥകാരൻ ഓരോ യാത്രകളിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ആയിരം രാവുകളിലേക്ക് നീണ്ട അറബിക്കഥകൾ വിരിഞ്ഞ അത്ഭുത നാടുകളിലൂടെ എഴുത്തിലും നടപ്പിലും അച്ചടക്കമുള്ള ഒരു മാധ്യമപ്രവർത്തകന്റെ കണ്ണും മനസ്സും തുറന്നുപിടിച്ച യാത്ര സമീപകാല സഞ്ചാര എഴുത്തുകളിലെ മധുരോദാരമായ ഒരു സൃഷ്ടിയായി പിറവിയെടുത്തത് മലയാളിക്ക് വായനയിൽ നവ്യാനുഭവം പകരും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.