പുസ്തകങ്ങൾ ആഹ്ലാദം പകരുന്ന അനുഭവം -ശൈഖ അൽ മുതൈരി
text_fieldsഷാർജ: പുസ്തകങ്ങൾ എഴുത്തുകാരന്റെ ആത്മപ്രകാശന വേദിയാണെന്നും കൂടുതൽ പുസ്തകങ്ങൾ പുറത്തിറങ്ങുന്നത് ആഹ്ലാദം നിറക്കുന്ന അനുഭവമാണെന്നും അറബ് കവയിത്രിയും എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയൻ ജന. സെക്രട്ടറിയുമായ ശൈഖ അൽ മുതൈരി.
‘മാധ്യമം ബുക്സ്’ പുറത്തിറക്കിയ കവി കെ. സച്ചിദാനന്ദന്റെ ‘കവിതക്കൊരു വീട്’ പുസ്തകം പ്രകാശനം ചെയ്ത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. നിരവധി ഭാഷകളുടെ സംഗമസ്ഥലമാണ് ഇന്ത്യ. സമാനമായി നിരവധി സംസ്കാരങ്ങൾ ഒരുമിച്ച് ജീവിക്കുന്ന നാടാണ് യു.എ.ഇ. പരസ്പരം അറിയാനും മനസ്സിലാക്കാനും പുസ്തകങ്ങൾ നിമിത്തമാകുന്നത് ആഹ്ലാദകരമാണ് -അവർ കൂട്ടിച്ചേർത്തു.
‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, സുൽഹഫ് എഡിറ്റ് ചെയ്ത ഏക സിവിൽ കോഡിനെ കുറിച്ച ‘ഏകത്വമോ, ഏകാധിപത്യമോ’ പുസ്തകം ചടങ്ങിൽ എഴുത്തുകാരനും മലയാളം സർവകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം ഡീനുമായ ഡോ. പി.കെ. പോക്കർ പ്രകാശനം ചെയ്തു. കവിതയും കലയും എഴുത്തും എല്ലാകാലത്തും പ്രതിരോധ മാർഗങ്ങളാണെന്നും അതിനാലത് എക്കാലവും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളിൽ കനപ്പെട്ട പുസ്തകങ്ങൾ പുറത്തിറക്കാൻ സാധിച്ചതിൽ ‘മാധ്യമം ബുക്സിന്’ ചാരിതാർഥ്യമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരുടെ കൂടുതൽ രചനകൾ മലയാളി വായനക്കാർക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ബുക്ലാന്റ് പബ്ലിഷേഴ്സ് സ്ഥാപകൻ സലീം ചങ്ങരംകുളം, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി എന്നിവരും സംസാരിച്ചു. വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവീശിന്റെ ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു’ പുസ്തകത്തിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. റാമല്ലയിലെ ദർവീശ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച അറബി കൃതി വിവർത്തനം ചെയ്യുന്നത് എഴുത്തുകാരനും വിവർത്തകനുമായ വി.എ. കബീറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.