‘വെടിയുണ്ടകൾ എന്നിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു’
text_fields‘ഞാൻ ലോകത്തേറ്റവും വിശുദ്ധമായ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ദൈവവചനങ്ങൾ പ്രവാചകന്മാരിൽനിന്നെന്നപോലെ വെടിയുണ്ടകൾ എന്നിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു.’(അസ്മ അസീസയുടെ കവിത)
ഫലസ്തീനിൽ ഓരോ ദിനവും യുദ്ധത്തെക്കുറിച്ച ദുഃസ്വപ്നങ്ങളിലാണ് തള്ളിനീക്കുന്നതെന്ന് ഫലസ്തീൻ കവയിത്രിയും പത്രപ്രവർത്തകയുമായ അസ്മ അസീസ. സ്വന്തം കവിതകളുടെ ദൃശ്യാവതരണമായ ‘ഞാൻ യുദ്ധത്തെക്കുറിച്ച് സംസാരിച്ചുവെങ്കിൽ എന്നെ വിശ്വസിക്കരുത്’ ഇറ്റ്ഫോക് രാജ്യാന്തര നാടകമേളയിൽ അവതരിപ്പിക്കാൻ എത്തിയതായിരുന്നു അവർ.
‘‘ഫലസ്തീനിലെ ഓരോ ദിനവും ജീവിക്കാൻ യോഗ്യമല്ലാതായിരിക്കുന്നു. ഓരോ ദിനവും ജീവിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്റെ കവിത എന്നത് ജീവിക്കാനുള്ള പ്രേരണയാണ്. ഇന്ന് എന്നതും നാളെ എന്നതും ഉണ്ടാവുക എന്നതുതന്നെ വലിയ അനുഗ്രഹമാണ്. ഭാവിയെക്കുറിച്ച് ഇതിലധികം പറയാനാവില്ല.
ഞാൻ ആദ്യമായി വെടിശബ്ദം കേൾക്കുന്നത് പിതാവ് പ്രാവിനെ വെടിവെച്ചിട്ടപ്പോഴാണ്. ഞാൻ ആദ്യമായി ചോര കണ്ടത് എന്റെ ആർത്തവദിനങ്ങളിലാണ്. ഇതല്ലാതെ ഇവ രണ്ടും അനുഭവിച്ചുള്ള യുദ്ധവുമായി യാതൊരു ബന്ധവുമില്ല. പക്ഷേ എന്റെ നാടിനെക്കുറിച്ച്, അവിടത്തെ അവസ്ഥയെക്കുറിച്ച് എനിക്ക് പറഞ്ഞേ തീരൂ. അതിനാണ് ഈ അവതരണം തെരഞ്ഞെടുത്തത്.
യുദ്ധം സ്ത്രീകൾക്ക് ഇരട്ടച്ചുരുൾ ആഘാതമാണ് ഏൽപിച്ചത്. നിങ്ങൾക്ക് ഒന്നിലധികം യുദ്ധത്തെ ചെറുക്കേണ്ടിവരുന്നു. മനുഷ്യൻ എന്ന നിലയിൽ വലിയ സ്വത്വത്തിലുള്ള പ്രതിഫലനവും സ്ത്രീ എന്ന നിലയിലുള്ള വ്യക്തിപരമായ അനുഭവങ്ങളും നിങ്ങളെ പിന്തുർന്നുകൊണ്ടേയിരിക്കും. ലോകത്തെ വൃത്തികെട്ട അനുഭവങ്ങളാണവ.
കവിതയിൽ ഞാൻ എന്റെ ജീവിതമാണ് പറയുന്നത്. തികച്ചും വ്യക്തിപരമാണ് അത്. കവിത എന്നത് എന്റെ സ്വത്വത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. എന്റെ ജീവിതം, അനുഭവവും എഴുതിയേ തീരൂ എന്നതിനാലാണ് എഴുതുന്നത്. കിനാവിൽ തെളിയുന്ന വെടിയുണ്ടകളെക്കുറിച്ചും തകർന്നുവീഴുന്ന സ്മാരകങ്ങളെക്കുറിച്ചുമാണ് എന്റെ കവിത സംസാരിക്കുന്നത്. വ്യത്യസ്ത ബിംബങ്ങളാണ് അവ കൊണ്ടുതരുന്നത്. ഓരോ പ്രേക്ഷകനും രാഷ്ട്രീയ, ആഗോള മാനങ്ങൾ കണ്ടെത്താനാകും.
ഇസ്രായേലിലെ ഫലസ്തീൻ സാംസ്കാരിക തലസ്ഥാനമായ ഹൈഫ 1948ലെ സയണിസ്റ്റ് പ്രക്ഷോഭകാലത്ത് മുച്ചൂടും നശിപ്പിക്കപ്പെട്ടു. തിയറ്ററുകൾ കത്തിച്ചു. ഹൈഫയിൽ ബാക്കിയുള്ളത് പടിഞ്ഞാറൻ ചുവരിന്റെ ചെറുഭാഗം മാത്രമാണ്. ജനജീവിതം താറുമാറായി. പലരും ഓടി രക്ഷപ്പെട്ടു.
ചിലർ അവിടെ തങ്ങി. പല ദേശങ്ങളും നഗരങ്ങളും നഷ്ടപ്പെട്ട നിലയിലാണ്. സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവരുടെ ചിതറിക്കിടക്കുന്ന ആൾക്കൂട്ടമാണിപ്പോഴുള്ളത്’’ -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.