കരിയറിന്റെ വഴികാട്ടികൾ
text_fieldsഉന്നത വിദ്യാഭ്യാസ മേഖലയിൽ ദിനംപ്രതിയുണ്ടാകുന്ന മാറ്റങ്ങളനുസരിച്ച് തൊഴിൽ മേഖലയും പഠന മേഖലയും മാറുകയാണ്. ഇത്തരം സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന നിരവധി സംശയങ്ങൾ ലഘൂകരിക്കാനുതകുന്ന കരിയർ ഗൈഡൻസ് ഹാൻഡ് ബുക്കാണ് ‘കരിയർ വഴികൾ’. പത്താം ക്ലാസിനുശേഷം അല്ലെങ്കിൽ പ്ലസ്ടുവിന് ശേഷം അനുയോജ്യ മേഖലകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നിരവധി ആശങ്കകളാണ്. അതുകൊണ്ടുതന്നെ, കൃത്യമായ മാർഗനിർദേശം നൽകുന്ന ഒരു കരിയർ ഗൈഡൻസ് പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. ‘കരിയർ വഴികൾ’ വിവിധ തൊഴിൽ മേഖലകളെക്കുറിച്ചും അവക്കാവശ്യമായ ശേഷികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. വിവിധ കരിയർ പോർട്ടലുകൾ, പ്രവേശന പരീക്ഷകൾ, കോഴ്സുകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. വ്യത്യസ്തമായ കോഴ്സുകളുടെയും പ്രവേശന പരീക്ഷകളുടെയും വിശദാംശങ്ങൾ മനസ്സിലാക്കി, തങ്ങളുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കുമനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഈ ഗ്രന്ഥം വിദ്യാർഥികളെ സഹായിക്കും.
ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ വളരെ ലളിതമായ രീതിയിൽ എഴുതിയിരിക്കുന്ന ഈ പുസ്തകം മികച്ച കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. പലപ്പോഴായി വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കാറുള്ള പ്രധാനപ്പെട്ട സംശയളും അവക്കുള്ള മറുപടികളാണ് ഈ പുസ്തകത്തിൽ. ചോദ്യോത്തര രൂപത്തിലുള്ള അവതരണം പുസ്തകത്തെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.
വിദേശത്ത് ഉപരിപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സയൻസ് മേഖലയിലെ പ്രവേശന പരീക്ഷകൾ, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്ക് എഴുതാവുന്ന വ്യത്യസ്ത പ്രവേശന പരീക്ഷകൾ, എസ്.എസ്.എൽ.സി കഴിഞ്ഞവർക്കുള്ള ഉപരിപഠന സാധ്യതകൾ തുടങ്ങിയവ കൃത്യമായി വിശദീകരിച്ചിരിക്കുന്നു. നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകൾ, സ്പോർട്സ് മേഖല, നിയമപഠനം, ലോജിസ്റ്റിക്സ് പഠനം, സോഷ്യൽ വർക്ക്, ആർക്കിടെക്ചർ, ട്രാവൽ ആൻഡ് ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, പൈലറ്റ് പരിശീലനം, ചാർട്ടേർഡ് കോഴ്സുകൾ,എഞ്ചിനീയറിങ് ശാഖകൾ, ഡിസൈനിങ് , ആക്ച്വറിയൽ സയൻസ് തുടങ്ങി നിരവധി മേഖലകളെക്കുറിച്ചും മികച്ച സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന രീതികളെക്കുറിച്ചും വളരെ ലളിതമായി ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
മലയാള പത്രങ്ങളിൽ കരിയർ കോളമിസ്റ്റും വർഷങ്ങളായി കരിയർ ഗൈഡൻസ് മേഖലയിൽ സേവനനിരതനുമായ പി.കെ. അൻവർ മുട്ടാഞ്ചേരിയും കേരള വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിങ് സെല്ലിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ എം.ടി. ഫരീദയും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും കരിയർ ഗൈഡുമാർക്കും അദ്ധ്യാപകർക്കുമെല്ലാം പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.