ഭാര്യ പകുത്തു നൽകിയ കരളിന്റെ ഉറപ്പിലായിരുന്നു ഉല്ലല ബാബു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം വാങ്ങിയത്; ഇനിയെല്ലാം ഓർമ
text_fieldsസാഹിത്യകാരൻ ഉല്ലല ബാബു വിടവാങ്ങുമ്പോൾ കരൾ പകുത്തുനൽകിയ കഥ കൂടി പറയാനുണ്ട്. ഭാര്യ പകുത്തു നൽകിയ കരളിന്റെ ഉറപ്പിലായിരുന്നു ഉല്ലല ബാബു കഴിഞ്ഞ വർഷം പുരസ്ക്കാര തിളക്കത്തിൽ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ബാലസാഹിത്യ പുരസ്ക്കാരമായ സി.ജി. ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം ഉല്ലല ബാബു തന്റെ പ്രിയപ്പെട്ട ജീവിത സഖിക്കാണ് സമർപ്പിച്ചത്. കരളിലെ അർബുദ ബാധയാണ് 68-ാംമത്തെ വയസിൽ ഉല്ലല ബാബുവിന്റെ ജീവനെടുക്കുന്നത്.
പ്രിന്റിങ് സ്ഥാപന നടത്തിപ്പുകാരൻ അക്ഷരങ്ങളുടെ കൂട്ടുകാരനായതിന് പിന്നിൽ മലയാളം അധ്യാപകനായിരുന്ന പിതാവ് പി. സുബ്രഹ്മണ്യപിള്ളയാണ്. പുസ്തകങ്ങളെ അറിഞ്ഞു വളർന്ന് 17-ാം വയസ്സിൽ എഴുത്തിന്റെ വഴികളിലേക്കു കടന്നു. ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി. ജീവിതമാർഗമായത് പ്രിന്റിങ് പ്രസ്.
തുടർന്ന് ഫോട്ടോസ്റ്റാറ്റ് കടയും. ഇവിടെയും എഴുത്തും വായനയും പുസ്തകപ്രേമവും വിട്ടുകളഞ്ഞില്ല. മൂന്നുവർഷം മുമ്പ് കരൾ രോഗം മൂർച്ഛിച്ചു. മരണത്തെ മുഖാമുഖം കണ്ടപ്പോൾ ഭാര്യ മായ തന്റെ കരൾ പകുത്തുനൽകി. 1980 മുതൽ ബാലസാഹിത്യത്തിൽ നോവൽ, കഥ, പുനരാഖ്യാനം, വൈജ്ഞാനിക ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് ബാബുവിന്റ രചനകൾ. 72 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിൽ 70 ലേറെയും സാഹിത്യകൃതികളും. മഹാന്മാരുടെ ജീവിതത്തിലെ രസമുത്തുകൾ എന്ന പുസ്തകത്തിന്റെ നാലര ലക്ഷം കോപ്പികൾ വിറ്റഴിക്കുകയുണ്ടായി. പല പുസ്തകങ്ങൾക്കും നിരവധി പതിപ്പുകൾ ഇറങ്ങി. ‘ബാപ്പുജി കഥകൾ’ എന്ന പുസ്തകത്തിന് 12 പതിപ്പുകൾ വരെ ഇറക്കി.
സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസിൽ മൂന്ന് പ്രസാധകരുടെ മലയാള പാഠാവലിയിൽ ബാബുവിന്റെ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഡി.പി.ഇ.പി യിലും സർവശിക്ഷാ അഭിയാനിലും പുസ്തകങ്ങൾ തെരഞ്ഞെടുത്തിരുന്നു. ചിക്കൂസ് ബാലസാഹിത്യ പുരസ്ക്കാരം, സമഗ്ര സംഭാവനക്കുള്ള ശങ്കരനാരായണ പിള്ള പുരസ്കാരം, വിതുരോദയം ബാലസാഹിത്യ പുരസ്കാരം, ദിശ ബാലസാഹിത്യ പുരസ്ക്കാരം, കുഞ്ഞുണ്ണി പുരസ്കാരം തുടങ്ങി 12 ഓളം പുരസ്കാരങ്ങൾ ഉല്ലല ബാബുവിനെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.