Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസിറ്റി ഓഫ്...

സിറ്റി ഓഫ് ലിറ്ററേച്ചർ; ഒരു ദേശത്തിന്‍റെ കഥ

text_fields
bookmark_border
സിറ്റി ഓഫ് ലിറ്ററേച്ചർ; ഒരു ദേശത്തിന്‍റെ കഥ
cancel
കോഴിക്കോടിന് ഇനി മറ്റൊരു പേരുകൂടി, സാഹിത്യ നഗരം. യുനെസ്കോയുടെ സാഹിത്യപദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരിയായിരിക്കുകയാണ് നമ്മുടെ കോഴിക്കോട്. സർഗാത്മകതയുടെ, സാഹിത്യത്തിന്റെ ഇടങ്ങളായി, പൈതൃക കേന്ദ്രങ്ങളായി മിഠായിത്തെരുവും മാനാഞ്ചിറയും ആകാശവാണിയും ടൗൺഹാളും ബീച്ചുമെല്ലാം അടയാളപ്പെടുത്തിക്കഴിഞ്ഞു. കോഴിക്കോടിനെ ഇനി സാഹിത്യ പൈതൃകത്തിന്റെ ദേശമായി ലോകം വാഴ്ത്തും

സഹിതമായിരിക്കൽ, അല്ലെങ്കിൽ കൂടിച്ചേരലാണ് സാഹിത്യത്തിന്റെ ജൈവസ്വഭാവം. വിഘടനത്തിനും വിഭിന്നതക്കും അവിടെ വകുപ്പുകളില്ല. ശിഥിലീകരണത്തിന് പകരം സംയോജിപ്പിക്കൽ ശീലമാക്കിയതിനാലാണ് കേരളസംസ്കാരം സാഹിത്യപ്രധാനമായിത്തീർന്നത്. അപരപ്രിയത്വത്തിന്റേതായ ഈ കേരളീയ പാരമ്പര്യം േപ്രാജ്ജ്വലിച്ച് നിൽക്കുന്നതാകട്ടെ കോഴിക്കോട്ടും. വേറെ ഏത് തുറമുഖനഗരമാണ് സൂക്ഷിക്കാനേൽപിച്ച സ്വർണക്കിഴി വർഷങ്ങൾക്കു ശേഷം തിരിച്ചുനൽകി പോർട്ട് ഓഫ് ഹോണസ്റ്റി എന്ന പേര് സമ്പാദിച്ചത്? വേറെ ഏത് നാട്ടിലാണ് സാമൂതിരിയെന്ന ഹിന്ദുരാജാവ് തന്റെ വലംകൈയായി കുഞ്ഞാലി മരക്കാർ എന്ന മുസ്‍ലിം യോദ്ധാവിനെ വാഴിച്ചത്? വേറെ ഏത് രാജ്യത്താണ് ഹൈന്ദവാധികാരം ഓരോ മുക്കുവക്കുടിലിലും ഒരുവൻ മുസ്‍ലിമായിരിക്കണമെന്ന് വാശിപിടിച്ചത്? പോരാ, മുസ്‍ലിമായി മാറിയവൻ അഞ്ച് നേരവും നമസ്​കരിക്കണമെന്നും നിബന്ധന വെച്ചത്?

അതെ, നൂറ്റാണ്ടുകൾ തുടർന്ന അപര പരിഗണനയുടെ അപൂർവ പാരമ്പര്യം കോഴിക്കോടിനെ സാഹിത്യത്തിന്റെ വിളനിലമാക്കി മാറ്റുകയായിരുന്നു. ആ വിളനിലത്തിലേക്കാണ് യുനെസ്കോയുടെ സാഹിത്യനഗരപ്പട്ടം ആഘോഷപൂർവം എത്തിയിരിക്കുന്നത്. തീർത്തും അർഹമായ, അനിവാര്യമായ, അഭിമാനവിജ്രംഭിതമായ അംഗീകാരം!

സാഹിത്യ ചരിത്രത്തിലെ കോഴിക്കോട്

സ്വന്തം മണ്ണിൽ ജന്മമെടുക്കുന്ന സാഹിത്യപ്രതിഭകളെക്കൊണ്ട് തൃപ്തി വരാത്ത പ്രവണതയാണ് കോഴിക്കോടിന്റെ ചരിത്രം എന്നും കാണിച്ചിട്ടുള്ളത്. ആധുനികകാല എഴുത്തുകാരുടെ കണക്കെടുക്കുകയാണെങ്കിൽ തനി കോഴിക്കോട് ദേശക്കാരെന്ന് പറയാവുന്നവർ വിരലിലെണ്ണാവുന്നവരല്ലേയുള്ളൂ. ഒരു എസ്. കെ. പൊറ്റെക്കാട്ട്, പി. വത്സല, പി.പി. ശ്രീധരനുണ്ണി, എം.എൻ. കാരശ്ശേരി, ടി. ദാമോദരൻ, ജോയ് മാത്യു...

സാഹിത്യത്തിന്റെ അടിസ്ഥാനമായ അപരപരിഗണന എസ്​.കെയിൽ തളിർത്തത് പലമയോടുള്ള അപ്രതിരോധ്യമായ ആകർഷണത്താലായിരുന്നു. തന്നിലേക്ക് സ്വയം ചുരുങ്ങുന്നതിനു പകരം അദ്ദേഹം ലോകം മുഴുക്കെ പരന്നു, വിടർന്നു, വ്യാപരിച്ചു. നാട് മാറുന്നു, അത് കാണണം എന്ന തത്ത്വമാണ് ദേശത്തിന്റെ കഥക്ക് പ്രചോദനം. തെരുവിന്റെ കഥയിൽ കുറച്ചുകൂടി നാടകീയമായി ആ പ്രചോദനം പ്രവർത്തിക്കുന്നുവെന്ന് മാത്രം. സ്വന്തം നാട് മാറുന്ന പോലെ മറ്റ് നാടുകളും മാറുന്നത് കാണാനായിരുന്നു എസ്​.കെയുടെ യാത്ര മുഴുവൻ. മലയാളത്തിലെ ജോൺ ഗന്തർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വിനോദസഞ്ചാരിയായിരുന്നില്ല, ശരിയായ വിദേശസഞ്ചാരിയായിരുന്നു.

‘ലോകം മുഴുവൻ ഞാൻ ചുറ്റിക്കണ്ടു. അത്യാനന്ദത്തോടെ, ആത്മനിർവൃതിയോടെ– ആരോഗ്യവും സാഹചര്യവുമുണ്ടെങ്കിൽ ഇനിയും യാത്ര ചെയ്യും. അടുത്ത ജന്മം നാടോടിയായി അലഞ്ഞു നടക്കാനാണ് എനിക്കിഷ്​ടം’. എസ്​.കെ. പൊ​െറ്റക്കാട്ട് നിർവിശങ്കം പ്രഖ്യാപിച്ചു.

കോഴിക്കോട് നഗരത്തിൽ ജനിച്ചുവളർന്ന പി. വത്സല ആശ്രിതപ്രദേശമായ വയനാടിനെ കാരുണ്യത്തോടെ ദത്തെടുക്കുകയാണ് ചെയ്തത്. ആദിവാസി ഗോത്രങ്ങളുടെ കണ്ണീരും കിനാവും നിഷ്‍കളങ്കതയും അതിസുന്ദരമായ ഭൂപ്രകൃതിയോടൊപ്പം അവർ വരച്ചുകാട്ടി. കെട്ടകാലത്തിന്റെ വിക്ഷോഭങ്ങൾ കാരശ്ശേരിയും ജോയ് മാത്യുവും സാധാരണക്കാരുടെ പച്ചജീവിതം ടി. ദാമോദരനും സുവർണ കൽപനകൾ പി.പി. ശ്രീധരനുണ്ണിയും ആവിഷ്‍കരിച്ച് തുടങ്ങും മുമ്പു തന്നെ കോഴിക്കോടിന്റെ സൽക്കാരഭ്രമം വൈക്കം മുഹമ്മദ് ബഷീറിനെ ഇവിടേക്ക് ക്ഷണിച്ചുവരുത്തിയിരുന്നു.

മിഠായിത്തെരുവിലെ എസ്.കെ. പൊ​െറ്റക്കാട്ട് പ്രതിമ

കോഴിക്കോട്ടുകാരായവർ

‘അൽ അമീൻ’ പത്രത്തിന്റെ നടപ്പാതയിൽ ശരണാർഥിയായിക്കിടന്ന അദ്ദേഹത്തെ മനുഷ്യാനുഭവങ്ങളുടെ മഹാലോകങ്ങളിലേക്കാണ് അബ്ദുറഹിമാൻ സാഹിബ് വിളിച്ചുണർത്തിയത്. സ്വാതന്ത്ര്യസമരം, ജയിൽവാസം, ഊരുചുറ്റൽ, സൂഫിജീവിതം, ഭ്രാന്ത്... ആ അനുഭവങ്ങളെല്ലാംതന്നെ ബഹിഷ്കൃതരെയും തെണ്ടികളെയും വേശ്യകളെയും വിരൂപരെയും പരിഹാസ്യ ന്യൂനപക്ഷങ്ങളെയും സാഹിത്യത്തിന്റെ സുവർണാങ്കണത്തിലേക്ക് കൊണ്ടുവരാനാണ് ബഷീറിനെ സഹായിച്ചത്. എന്തിന് പരിസ്​ഥിതിശാസ്​ത്രമെന്ന പേര് ഭൂലോകം കേൾക്കുന്നതിന് മുമ്പുതന്നെ ഗംഭീരൻ പാരിസ്​ഥിതികചിന്തകൾ ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നതിലൂടെയും ഭൂമിയുടെ അവകാശികളിലൂടെയും അദ്ദേഹം ആവിഷ്‍കരിച്ചു.

പബ്ലിക് ലൈബ്രറി

അതിനിടയിൽ തന്നെ ഉറൂബും അക്കിത്തവും ആകാശവാണിനിലയത്താൽ വലയിതരായി പൊന്നാനിയിൽനിന്ന് കോഴിക്കോട്ടേക്ക് ചേക്കേറിയിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്​ഥാനമായിരുന്നല്ലോ പൊന്നാനി. രണ്ടാം തലസ്​ഥാനക്കാരൻ ഒന്നാം തലസ്​ഥാനത്തേക്ക് വരുമ്പോൾ രാജഭക്തി കൂടുതൽ പ്രകടിപ്പിക്കണമല്ലോ. മാത്രമല്ല തന്റെ ഗുരുനാഥനായ ഇടശ്ശേരിയുടെ അലവി സ്​നേഹവും സാക്ഷാത്കരിക്കണമല്ലോ. ചാപ്പുണ്ണിനായരെ ഉമ്മാച്ചുയുമ്മയുടെ വിശ്വസ്​ത കാര്യസ്​ഥനാക്കിക്കൊണ്ടും അവരുടെ മക്കൾ ചിന്നമ്മുവിനെയും അബ്ദുവിനെയും ജീവിതപങ്കാളികളാക്കിക്കൊണ്ടുമാണ് രാജാവിന്റെയും ഗുരുവിന്റെയും ഹിന്ദു-മുസ്‍ലിം സംയോജന ത്വര അദ്ദേഹം പൂർത്തീകരിച്ചത്.

‘ഒരു കണ്ണീർക്കണം

മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവെ

ഉദിക്കയാണെന്നാത്മാവിലായിരം

സൗരമണ്ഡലം’

എന്നു പാടിക്കൊണ്ട് സാഹിത്യതത്ത്വമായ സഹജീവി സ്​നേഹത്തിന്റെ വെന്നിക്കൊടി അക്കിത്തവും കോഴിക്കോട് വെച്ചു പാറിച്ചു. പിന്നെ ഒരു ഒന്ന് ഒന്നര വരവ് നടത്തിയത് എം.ടി. വാസുദേവൻ നായരായിരുന്നു. ട്യൂട്ടോറിയൽ കോളജ് അധ്യാപകനായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തിന്റെ പ്രധാനകൃതികൾ പ്രസിദ്ധപ്പെട്ടതും എഴുതപ്പെട്ടതും ഇവിടെ വെച്ചാണ്. കോഴിക്കോടൻ തുറസ്സിനോടുള്ള മനപ്പൊരുത്തമായിരിക്കാം ഇരുളടഞ്ഞ ഫ്യൂഡൽ നാലുകെട്ടുകൾ പൊളിച്ചുകളഞ്ഞ് കാറ്റും വെളിച്ചവും കടക്കുന്ന പുതുകാല പാർപ്പിടപ്പണിക്ക് എം.ടിയെ പ്രചോദിപ്പിച്ചത്. സ്വന്തം കവിയെന്ന് പ്രഖ്യപിച്ച ഇടശ്ശേരിയെ സ്വാംശീകരിച്ച് തന്നെയായിരിക്കാം ഇസ്‍ലാം പക്ഷപാതമുണ്ടോയെന്ന് ചിലർക്ക് തോന്നുംവിധം ചില മുസ്‍ലിം കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്​ടിച്ചതും. അസുരവിത്തിലെ സാത്വിക മുസ്‍ലിമായ കുഞ്ഞരയ്ക്കാരും ഗോവിന്ദൻകുട്ടിയും തമ്മിലുള്ള സ്​നേഹദാർഢ്യത്തെയും സമാന്തരമായി നമുക്ക് പരിഗണിക്കാം.

പ്രതിരോധത്തിന്റെ നാട്ടുവഴിതേടി

ഭാവിയിൽ വളർന്നുവരാവുന്ന മുസ്‍ലിം വിദ്വേഷവൈറസിനെ പ്രതിരോധിക്കാനുള്ള ബൂസ്റ്റർ ഡോസായിരിക്കും പൊന്നാനിതട്ടകക്കാരായ ഇടശ്ശേരിയും ഉറൂബൂം എം.ടിയും മറ്റും സ്വന്തംരചനകളിൽ പരിപാലിച്ച തീവ്രസഹസമുദായസ്​നേഹമെന്ന് ഇപ്പോൾ തോന്നുന്നു. പൊ

ന്നാനിക്കളരിയിൽനിന്ന് അവസാനമായി കോഴിക്കോട്ടേക്ക് താമസം മാറിയത് ഈ ലേഖകനാണ്. എന്നിലെ മതസഹിതമായ മതേതരവീക്ഷണത്തെ സാമൂതിരിരാജ്യം വളർത്തുകയും ചെയ്തു. കോഴിക്കോടൻ കുടിയേറ്റത്തിന് എന്നെ േപ്രരിപ്പിച്ചത് കോഴിക്കോട് അലിഞ്ഞുചേർന്ന മഹാനായ കലാകാരനായ എം.വി. ദേവനുമായിരുന്നു.

എം.ടി ക്ക് പിറകെതന്നെ എൻ.പി. മുഹമ്മദും പരപ്പനങ്ങാടിയിൽനിന്ന് കോഴിക്കോട്ടേക്ക് എത്തിച്ചേർന്നു. ഇവിടം തട്ടകമാക്കി എണ്ണപ്പാടം, മരം എന്നീ കൃതികൾ രചിക്കാൻ അദ്ദേഹം നിയോഗിതനായി. എം.ടിയും എൻ.പിയും ചേർന്നെഴുതിയ അറബിപ്പൊന്നും ഒരു കോഴിക്കോടൻ വീരഗാഥയായിരുന്നു. രണ്ടുപേർ ഒത്തുചേർന്ന് ഒരു നോവലെഴുതുക എന്ന മഹാത്ഭുതം ഭൂലോകത്ത്

കോഴിക്കോടല്ലാതെ എവിടെ നടക്കും! എൻ.പിയുടെ പുത്രനായ ഹാഫീസ്​ മുഹമ്മദാകട്ടെ ഇവിടെ ജനിച്ചു വളർന്ന് കോഴിക്കോടൻ മണ്ണിന്റെ സംസ്​കാരത്തനിമ ആവിഷ്ക്കരിച്ച കഥാകാരനുമാണ്.

അക്കിത്തത്തിനും കക്കാടിനും ശേഷം തിക്കോടിയിൽ നിന്ന് തിക്കോടിയനെയും കൊടുങ്ങല്ലൂരിൽനിന്ന് കെ. എ. കൊടുങ്ങല്ലൂരിനെയും ഓൾ ഇന്ത്യാ റേഡിയോ ദത്തെടുത്തു. സാർവലൗകിക വീക്ഷണമുള്ള കോഴിക്കോടൻ സാഹിത്യ സംസ്​കാരക്കൂട്ടായ്മയുടെ നിർമിതിക്ക് വമ്പിച്ച സംഭാവനയാണ് രണ്ടുപേരും നൽകിയത്. തിക്കോടിയന്റെ ചിരി ഫലിതപ്രചോദിതം മാത്രമല്ല, അറബിക്കടലിന്റെ സമുദ്രവിശാലതയെ ആവാഹിക്കുന്നതുമാണ്. മഞ്ചേരിയിൽനിന്ന് കോഴിക്കോടെത്തിയ കെ.ടി. മുഹമ്മദ് മലയാള നാടകരംഗത്തെ ലോകോത്തരമാക്കിത്തീർത്തു. സഞ്ജയന്റെയും ബാലാമണിയമ്മയുടെയും കടവനാട് കുട്ടികൃഷ്ണന്റെയും സാന്നിധ്യവും പല കാലങ്ങളിൽ ഇവിടെ നിറഞ്ഞുനിന്നു.

കോരപ്പുഴ കടന്നുവന്ന് കോഴിക്കോടിനെ സമ്പന്നമാക്കിയവരാണ് യു.എ. ഖാദറും പുനത്തിൽ കുഞ്ഞബ്ദുള്ളയും. തെളിനീർ പോലുള്ള കഥനരസം പുനത്തിൽ പകർന്നപ്പോൾ തൃക്കോട്ടൂരിന്റെ ഗ്രാമപ്പെരുമയിൽ യു.എ. ഖാദർ നിറഞ്ഞാടി. തുടർന്ന് യു.കെ. കുമാരൻ, വി. ആർ. സുധീഷ്, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവരും വടക്കിന്റെ അക്ഷരവക്താക്കളായി നഗരപ്രവേശനം നടത്തി. പോൾ കല്ലാനോട്, ടി.പി. രാജീവൻ, പൂനൂർ കരുണാകരൻ, കാനേഷ് പൂന്നൂര്, എ.പി. കുഞ്ഞാമു തുടങ്ങിയവർ മറ്റു പരിസരപ്രദേശങ്ങളെ പ്രതിനിധീകരിച്ചു. വയനാടിന്റെ പശിമയുള്ള ഭാഷ കൽപറ്റ നാരായണനിലൂടെയും അർഷാദ് ബത്തേരിയിലൂടെയും കോഴിക്കോട്ടെത്തി. ചരിത്രകാരന്മാരിലെ സാഹിത്യകുതുകിയായ എം.ജി.എസ്.​ നാരായണൻ, മഹാകവി ആർ. രാമചന്ദ്രൻ, കവിയും എഴുത്തുകാരനുമായ പി.എം. നാരായണൻ തുടങ്ങിയവർ കോലായയെന്ന കോഴിക്കോടൻ സാഹിത്യസദസ്സിനെ സമ്പന്നമാക്കിയവരാണ്.

സാഹിത്യലോകത്തെ പത്രസാന്നിധ്യങ്ങൾ

മാതൃഭൂമി നൽകിയ സാഹിത്യനേതൃത്വം മലയാള മനോരമ, ദേശാഭിമാനി, മാധ്യമം, സുപ്രഭാതം തുടങ്ങിയ പത്രങ്ങളും കോഴിക്കോട് ഏറ്റെടുത്തിട്ടുണ്ട്. മാതൃഭൂമി സ്​ഥാപക പത്രാധിപരായ കെ.പി. കേശവമേനോൻ സാന്ത്വനസാഹിത്യമെന്ന സവിശേഷമായ ശാഖക്കു തന്നെ ഉദയം നൽകി. മാധ്യമം എഡിറ്റർ ഒ. അബ്ദുറഹ്മാൻ രാഷ്ട്രീയ വിശകലനരംഗത്ത് പുതിയ പാത വെട്ടിത്തുറന്നു. മലയാളത്തിന്റെ നിരൂപകപ്രതിഭയായ കുട്ടികൃഷ്ണമാരാർ മാതൃഭൂമിയിൽ പ്രൂഫ് റീഡറായിരുന്നു. മഹാപണ്ഡിതനായ എൻ.വി. കൃഷ്ണവാര്യർ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. ദേശീയ അംഗീകാരം നേടിയ

എം.പി. വീരേന്ദ്രകുമാർ സഞ്ചാരസാഹിത്യത്തിലും തത്ത്വനിരൂപണത്തിലും രാഷ്ട്രീയവിമർശനത്തിലും നൽകിയ സംഭാവനകൾ നിസ്​തുലമാണ്. ആലുവയിൽനിന്ന് കോഴിക്കോട്ടെത്തിയ പ്രഗല്ഭനായ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ലിറ്റററി എഡിറ്ററുടെ സ്​ഥാനത്തിരുന്ന് മലയാളസാഹിത്യത്തിന്റെ ഗതിവിഗതികളെ ഇപ്പോൾ നിർണയിക്കുന്നു. അക്ഷര ലോകത്തെ സമ്പന്നമാക്കാൻ മികവുറ്റ ജേണലിസ്റ്റുകളുടെ വലിയ നിര തന്നെ കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്. തെക്കുനിന്നെത്തി കോഴിക്കോട്ട് വേരുറപ്പിച്ച പ്രമുഖ എഴുത്തുകാരിൽ ജമാൽ കൊച്ചങ്ങാടി കെ. ശ്രീകുമാർ, പി.കെ. ഗോപി തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ആകാശവാണി ​

ഡോക്ടർ ഖദീജാ മുംതാസ്​ സ്​ത്രീയെഴുത്തിന്റെയും സ്​ത്രീശാക്തീകരണത്തിന്റെയും രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. കോഴിക്കോടിനെ ഇഷ്​ടദേശമായി സ്വീകരിച്ച് ഇവിടെ ദീർഘകാലം കൂടിയ എഴുത്തുകാരനാണ് കെ.സി. നാരായണൻ. രാഷ്ട്രീയമെഴുത്തിന്റെ സജീവരംഗത്ത് കെ.ടി. കുഞ്ഞിക്കണ്ണനും നിലയുറപ്പിക്കുന്നു. ആർസു, അബൂബക്കർ കാപ്പാട്, ഡോക്ടർ പി.കെ. രാധാമണി എന്നിവർ എഴുത്തിന്റെ മണ്ഡലത്തിൽ മാത്രമല്ല വിവർത്തനത്തിന്റെയും രംഗത്തു പ്രവർത്തിക്കുന്നു.

പുറത്തുനിന്ന് എത്തിപ്പെട്ട് കോഴിക്കോടിന്റെ കാറ്റുതട്ടി പെട്ടെന്ന് എഴുത്തുകാരായി മാറിയവരിൽ പ്രമുഖരാണ് എൻ. ഗോപാലകൃഷ്ണനും അമിതാഭ് കാന്തും. അതേ, സാഹിതീയമായ സംസ്​കാരത്തിന്റെ ശക്തിയാണ് എല്ലാടിയങ്ങളിൽനിന്നും എഴുത്തുകാരെ ഇവിടേക്ക് ക്ഷണിച്ചത്, വലിയൊരു അക്ഷരലോകത്തെ നട്ടുവളർത്തിച്ചത്.

ഇന്ത്യയിലെ ഏക സാഹിത്യനഗരം

സാഹിത്യനഗരം എന്ന പദവി കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ജനിതകത്തിൽ സ്വാഭാവികമായി മുദ്രിതമായ സംഭവമാണ്. എന്നാലും അത് രേഖകളിലും റെക്കോഡുകളിലും അടയാളപ്പെടേണ്ടതുണ്ടല്ലോ. അക്കാര്യത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ് എടുത്ത മുൻകൈ അത്യന്തം പ്രശംസനീയമാണ്. നഗരത്തിന്റെ സാഹിത്യപൈതൃകം, പഴയ കോലായ ചർച്ചകൾ, 550 ലേറെ ലൈബ്രറികൾ, ഏറ്റവുമധികം പ്രസാധകർ, കെ.എൽ.എഫ് പോലുള്ള സാഹിത്യോത്സവങ്ങൾ എന്നിവയെല്ലാം ചേർത്ത് കോർപറേഷനും കിലയും കൂടി മുന്നോട്ടുവെച്ച റിപ്പോർട്ടാണ് യുനെസ്​കോയുടെ അംഗീകാരത്തിലേക്ക് നമ്മുടെ നഗരത്തെ നയിച്ചത്. ഇതിനുവേണ്ടി മേയർ കാണിച്ച ആവേശത്തിന് നേരിട്ട് സാക്ഷിയാകാൻ എനിക്ക് അവസരമുണ്ടാകുകയും ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പിന്തുണ ഈ ഉദ്യമത്തിന് ലഭിക്കാൻ അക്കാദമിയുടെ മലയാളം കൺവീനറായി ഉത്തരവാദിത്തമേറ്റ എന്നെ അവർ പലവട്ടം ബന്ധപ്പെട്ടു. ഞാൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയുമായി സംസാരിച്ചു. മേയർ ഡൽഹിയിൽ പോയി അദ്ദേഹത്തെ നേരിൽ കണ്ട് സഹായം ഉറപ്പുവരുത്തി.

ടൗൺ ഹാൾ

വലിയ സാധ്യതകളാണ് ഇന്ത്യയിലെ ഏക സാഹിത്യനഗരമെന്ന പദവി കോഴിക്കോടിന് മുന്നിൽ തുറന്നിടുന്നത്. പല രാജ്യങ്ങളിലെ സർവകലാശാലകളുമായി ബന്ധം, സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതികൾ, സാംസ്​ക്കാരിക പാരസ്​പര്യ പരിപാടികൾ എന്നിവക്കെല്ലാം ഇതോടെ തുടക്കം കുറിക്കും. എന്നാൽ ഭൗതികമായ നേട്ടങ്ങൾക്കുപരി സാഹിത്യത്തിന്റെ ആത്മീയമായ സിദ്ധികൾക്കാണ് സാമൂതിരിയുടെ നാട് പ്രാധാന്യം നൽകേണ്ടത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സാഹിത്യത്തിന്റെ അപരപ്രിയത്വസ്വഭാവം കോഴിക്കോട് സംരക്ഷിച്ച് നിർത്തണം. പ്രക്ഷീണമായിട്ടുള്ള പഴയ കോഴിക്കോടൻ കൂട്ടായ്മകളെ പുനരുജ്ജീവിപ്പിക്കണം. സർവോപരി കെട്ടകാലം എഴുത്തുകാർക്കിടയിലും വളർത്തിയെടുക്കുന്ന ജീർണതകളെ അതിശക്തം ചെറുക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:city of literaturekozhikode NewsUNESCO City of Literature award
News Summary - City of Literature- Kozhikode
Next Story