ഒളപ്പമണ്ണ സ്മാരകമന്ദിരം 3675 ചതുരശ്രയടിയിൽ: മന്ദിരം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsപാലക്കാട്: അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ ഒരുതരത്തിലുള്ള കൈകടത്തലും സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിങ്ങോട്ടുകുറിശ്ശിയിൽ 1.20 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച ഒളപ്പമണ്ണ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന്, ലോകത്തിന്‍റെ പലഭാഗങ്ങളിൽ സാംസ്കാരിക പ്രവർത്തകർക്കെതിരെ വെറുപ്പിന്‍റെ ശക്തികളുടെ നീക്കം ശക്തമാണ്. എന്നാൽ, കേരളത്തിൽ അത്തരം പ്രവണതകൾ ഉയർന്നുവരാതിരിക്കാൻ സർക്കാർ ജാഗരൂകരാണ്. ആർക്കും അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. നമ്മുടെ സംസ്കാരം അഭിവൃദ്ധിപ്പെടണമെങ്കിൽ അത്തരം വിനിമയങ്ങൾ ഉണ്ടായേ തീരൂ. കല-സാംസ്കാരിക മേഖലയിലെ മഹാരഥന്മാർക്ക് സ്മാരകങ്ങൾ ഒരുക്കി അവരെ ഇന്നത്തെയും നാളത്തെയും സമൂഹത്തിന്റെ ഭാഗമാക്കിത്തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി ഒളപ്പമണ്ണ സ്മാരകമന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാനായതിൽ ചാരിതാർഥ‍്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എ.കെ. ബാലൻ സംസാരിച്ചു. ഉദ്ഘാടനവേദിയിൽ സ്മാരകം നിർമാണം പൂർത്തീകരിച്ച ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രോജക്ട് എൻജിനീയർ മണിശങ്കർ, പാലക്കാട് പ്രവാസി സെന്റർ പ്രസിഡന്റ് രവിശങ്കർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ മുരളീധരന്‍, ജില്ല പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എച്ച്. ഭാഗ്യലത, വാര്‍ഡ് അംഗം എം.വി. പ്രിയ, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗലോസ് മാസ്റ്റര്‍, മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥന്‍, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് ചീഫ് പ്രോജക്ട് എൻജിനീയർ പ്രദീപ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.
സ്മാരകമന്ദിരം 3675 ചതുരശ്രയടിയിൽ
പെരിങ്ങോട്ടുകുറിശ്ശി: ഗ്രാമപഞ്ചായത്തിൽ പരുത്തിപ്പുള്ളിയിൽ സാംസ്കാരിക വകുപ്പിന്റെ ഒരുകോടി രൂപയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരു നിലകളിലായി ഒളപ്പമണ സ്മാരകമന്ദിര നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3675 ചതുരശ്രയടിയിൽ നിർമിച്ച കെട്ടിടത്തില്‍ വരാന്ത, ഓഫിസ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം, ശൗചാലയം, മ്യൂസിയം, കോര്‍ട്ടിയാര്‍ഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കി. മന്ദിരത്തിന് പുറത്ത് ഓപണ്‍ ഓഡിറ്റോറിയവും ഒരുക്കി. 25 സെന്റിലാണ് സ്മാരകം നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.