കോളജ് ടെക്സ്റ്റ് ബുക്ക് കുലപതി; പ്രഫ. കെ.കെ. ഭാസ്കരൻ 83ാമത്തെ വയസ്സിൽ പുസ്തക രചന നിർത്തുന്നു
text_fieldsകോഴിക്കോട്: ഈ വർഷത്തെ ബിരുദവിദ്യാർഥികൾക്ക് പഠിക്കാനുള്ള പുസ്തകം തയാറാക്കി സംസ്ഥാനത്തെ കോളജ് ടെക്സ്റ്റ് ബുക്ക് കുലപതി പ്രഫ. കെ.കെ. ഭാസ്കരൻ 83ാം വയസ്സിൽ രചന നിർത്തുന്നു.
54 വർഷമായി സുവോളജി, ബോട്ടണി ടെക്സ്റ്റ് ബുക്കുകൾ രചിക്കുന്ന കോഴിക്കോട് മലാപ്പറമ്പ് കോളനിയിലെ മഞ്ജുഷയിൽ പ്രഫ കെ.കെ. ഭാസ്കരനാണ് കേരള യൂനിവേഴ്സിറ്റിയുടെ അവസാന സെമസ്റ്ററുകളിലെ സിലബസ് പ്രകാരമുള്ള സുവോളജി, ബോട്ടണി പുസ്തകങ്ങൾ പരിഷ്കരിച്ചിറക്കി 54 വർഷമായുള്ള തന്റെ പുസ്തക സപര്യക്ക് വിരാമമിടുന്നത്.
കൊല്ലം എസ്.എൻ കോളജിൽ സുവോളജി അധ്യാപകനായി 1965ൽ ജോലിയിൽ പ്രവേശിച്ച പ്രഫ. ഭാസ്കരൻ 1970 മുതൽ പ്രീഡിഗ്രിക്ക് യൂനിവേഴ്സിറ്റി സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ നിർമിച്ച് പ്രസാധക മേഖലയിലേക്ക് കാലെടുത്തുവെച്ചു. ലളിതവും സമഗ്രവും എന്ന രീതിയിൽ പുസ്തകം പരിഗണിക്കപ്പെട്ടതോടെ സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റികളുടെയും പുസ്തക രചന നടത്താൻ നിർബന്ധിതനായി.
ഇക്കാലയളവിൽ അറുനൂറോളം പുസ്തകങ്ങൾ രചിച്ചു. പുസ്തകരചനയിൽ ഏറെക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന കെമിസ്ട്രി അധ്യാപകനായിരുന്ന എ.ഒ. തോമസ് രചന അവസാനിപ്പിച്ചപ്പോൾ ആ ഗാഥ ഭാസ്കരൻ സാറിന്റെ പേരിനോടു ചേർന്നുനിന്നു. ഇത്രയും കാലം ടെക്സ്റ്റ് ബുക്ക് രചന നടത്തിയ മറ്റൊരധ്യാപകനില്ലെന്ന് ഭാസ്കരനൊപ്പം പ്രസാധകരും പറയുന്നു. കോളജിൽനിന്ന് വിരമിച്ചിട്ടും 28 വർഷത്തോളം രചന തുടർന്നു.
നാട്ടിക എസ്.എൻ കോളജ്, കണ്ണൂർ എസ്.എൻ കോളജ്, ചേളന്നൂർ എസ്.എൻ കോളജ് എന്നിവിടങ്ങളിലായി ജോലി ചെയ്ത കെ.കെ. ഭാസ്കരൻ സുവോളജിയിൽ അവസാന വാക്കാണ്. ഹയർ സെക്കൻഡറി ക്ലാസുകൾക്കും ബയോളജി ടെക്സ്റ്റ് ബുക്കുകൾ നിർമിച്ചിരുന്നു.
1994ൽ സ്വകാര്യ ടെക്സ്റ്റ് ബുക്കുകൾ വിലക്കി എൻ.സി.ഇ.ആർ.ടിക്ക് അനുമതി നൽകുന്നതുവരെ പുസ്തകം രചിച്ചു. നിലവിൽ 65 പുസ്തകങ്ങൾ കോളജ് വിദ്യാർഥികൾക്കായി സിലബസ് പ്രകാരം പ്രചാരത്തിലുണ്ട്. 32 വർഷം പ്രീഡിഗ്രിക്കും ബിരുദത്തിനും പഠിപ്പിച്ച പ്രഫ. ഭാസ്കരൻ 10 വർഷം ബിരുദാനന്തര ബിരുദത്തിനും പഠിപ്പിച്ചു.
‘‘തന്നോടൊപ്പം കോളജ് ബുക്ക് നിർമാണത്തിൽ മത്സരിച്ച പലരും നിർത്തി. ഏറ്റുമുട്ടാൻ നിന്നവരെ എതിരിടാതെ റഫറൻസോടെയും കാമ്പോടെയും രചന നടത്തി. പരീക്ഷക്ക് ചോദ്യങ്ങൾ ടെക്സ്റ്റ് ബുക്കിൽനിന്ന് ഏറെ വരാൻ തുടങ്ങി.
കുട്ടികൾക്ക് പഠിക്കാൻ എളുപ്പവുമായതോടെ അധ്യാപകർ ശിപാർശ ചെയ്യാൻ തുടങ്ങിയതാണ് ഇക്കാലമത്രയും ഒരു കുലുക്കവുമില്ലാതെ പിടിച്ചുനിന്നത്. ഇനി മറ്റുള്ളവർക്ക് അവസരമൊരുക്കാൻ മാറിനിൽക്കുകയാണ് -പ്രഫ. കെ.കെ. ഭാസ്കരൻ പറഞ്ഞു. പൂർണ ആരോഗ്യവാനായ ഈ കോളജ് അധ്യാപകൻ അധ്യാപകരുടെ റഫറൻസ് ഗ്രന്ഥവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.