നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ തുടർച്ച; പ്രസക്തി മായാതെ 'ഏനും എന്‍റെ തമ്പ്രാനും'
text_fieldsകായംകുളം: കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത നാടകമായ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ഏഴ് പതിറ്റാണ്ടിലേക്ക് കടക്കുേമ്പാൾ രണ്ടാം ഭാഗം എന്ന നിലയിൽ രൂപപ്പെട്ട 'ഏനും എെൻറ തമ്പ്രാനും' വീണ്ടും നാടക സ്നേഹികളുടെ മനസ്സിൽ നിറയുന്നു.കെ.പി.എ.സിയോട് ഇടക്കാലത്ത് ഭാസിയുടെ കുടുംബത്തിനുണ്ടായ വിയോജിപ്പ് എന്ന നിലയിൽ കൂടിയാണ് മകൻ സോമന്‍റെ രചനയിൽ 'ഏനും എെൻറ തമ്പ്രാനും' പിറന്നത്.
കമ്യൂണിസ്റ്റാക്കിയിലെ കറമ്പൻ, പരമുപിള്ള, കല്യാണിയമ്മ തുടങ്ങിയ കഥാപാത്രങ്ങൾ പുതിയ രൂപത്തിലാണ് നാടകത്തിൽ ഇടംപിടിച്ചത്. 1940 കളിൽ മധ്യതിരുവിതാംകൂറിൽ നടന്ന കർഷക തൊഴിലാളി സമരങ്ങളും അവയുടെ പ്രത്യാഘാതവുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ' ഇതിവൃത്തമായത്. ഇതിലൂടെ കമ്യൂണിസ്റ്റ് പാർട്ടി നേടിയ സ്വാധീനം പുതിയ കാലത്ത് എവിടെയെത്തി നിൽക്കുന്നുവെന്ന ചോദ്യങ്ങളായിരുന്നു 'ഏനും എെൻറ തമ്പ്രാനും'. തൊഴിലാളിയായ കറമ്പന്‍റെ പോരാട്ടവീര്യം കണ്ട് പരമുപിള്ള കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായെങ്കിൽ പുതിയ കാലത്ത് കറമ്പന്‍റെ സ്ഥാനം എവിടെയെന്ന അന്വേഷണവും നാടകം നടത്തുന്നു. രണ്ട് തലമുറകളുടെ സംസ്കാരവ്യത്യാസങ്ങളെ ചർച്ചയാക്കാനും നാടകത്തിന് കഴിഞ്ഞിരുന്നു.
മുതലാളി തൊഴിലാളി ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമായതിന്‍റെ പ്രത്യാഘാതങ്ങളും സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീയ സംസ്കാരവും നാടകത്തിൽ വിഷയമായിരുന്നു. ഭാസിയുടെ രചനാശൈലിയുടെ സ്വഭാവം ചോരാതെയുള്ള 'ഏനും എെൻറ തമ്പ്രാനും' പ്രേക്ഷക പ്രശംസ നേടി. കമ്യൂണിസ്റ്റാക്കിയിൽ ഗാനരചന നിർവഹിച്ച ഒ.എൻ.വി തന്നെയാണ് ഇതിലും ഗാനങ്ങൾ എഴുതിയതെന്നതും ശ്രദ്ധിക്കപ്പെട്ടു.
100 ഒാളം വേദികളിൽ നാടകം അവതരിപ്പിക്കാനായി. ഇതിന്‍റെ തുടർച്ചയെന്നോണം ഭാസിയുടെ 'ഒളിവിലെ ഒാർമകളും' വീണ്ടും അരങ്ങിൽ എത്തിച്ചു. 2008 ആഗസ്റ്റിൽ എ.കെ.ജി സെൻററിൽ നടന്ന ചടങ്ങിൽ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് തോപ്പിൽ ഭാസി തിയറ്റേഴ്സിെൻറ ഉദ്ഘാടനം നിർവഹിച്ചത്. എ.െഎ.ടി.യു.സി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ നാടകവും ഉദ്ഘാടനം ചെയ്തു.
തോപ്പിൽ ഭാസിക്ക് ഉചിതമായ സ്മാരകം ഉണ്ടായില്ലെന്ന കുടുംബത്തിനുള്ളിലെ വിമർശനമാണ് അദ്ദേഹത്തിെൻറ പേരിൽ നാടക സമിതി ഉടലെടുക്കാൻ കാരണമായത്. കെ.പി.എ.സിയിൽ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതും പ്രശ്നമായി.കെ.പി.എ.സിക്ക് വേണ്ടി 'മാനവീയം' നാടകം സംവിധാനം ചെയ്തതിലൂടെ പ്രതിഭ തെളിയിച്ച മകൻ സോമന് പിന്നീട് അവസരങ്ങളും നൽകിയില്ല.
നാടക മേഖലക്ക് പൊതുവെയുണ്ടായ തിരിച്ചടി പിന്നീട് തോപ്പിൽ ഭാസി തിയറ്റേഴ്സിനെയും ബാധിച്ചു. മൂന്ന് വർഷം മാത്രമെ സമിതിക്ക് നിലനിൽക്കാനായുള്ളു. എന്നാൽ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ തുടർച്ചയായി പുറത്തിറങ്ങിയ നാടകത്തിെൻറ ഇതിവൃത്തം 14 വർഷത്തിനിപ്പുറവും കൂടുതൽ പ്രസക്തമാകുകയാണെന്ന പ്രത്യേകതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.