പതാകയില്ലാത്ത രാജ്യം
text_fieldsകുരിശുപള്ളിക്കടുത്തുള്ള കൂൾബാറിൽവെച്ച്
നമ്മളാദ്യമായി കണ്ടുമുട്ടിയപ്പോൾ
നീലയിൽ വെളുത്ത പൂക്കളുള്ള
ചുരിദാറായിരുന്നു നിന്റെ വേഷം
ഞാൻ മഞ്ഞ ജഴ്സിയും കറുത്ത പാന്റ്സും
സംസാരത്തിനിടക്ക്
നീയെന്റെ മഞ്ഞയിലേക്കും
ഞാൻ നിന്റെ നീലയിലേക്കും
ഇഷ്ടമില്ലാതെ നോക്കിക്കൊണ്ടിരുന്നു
നമുക്കിടയിൽ മറ്റു നിറങ്ങൾ ഇല്ലാതായി
ജ്യൂസ് തീർന്നു, നമ്മൾ പിരിഞ്ഞു
ഞാനൊരു ബ്രസീലു-
കാരനാണെന്നറിഞ്ഞതിൽപിന്നെ
മഞ്ഞപ്പൂക്കളുള്ള ചുരിദാർ
നീ ധരിക്കാതെയായി
ചിത്രം വരക്കുമ്പോൾ ആകാശത്തിനൊരിക്കലും ഞാൻ
നീല നിറം കൊടുത്തില്ല
നമുക്കിടയിൽ നമ്മുടെ നിറം മാത്രമായി
കോളജ് കലോത്സവത്തിൽ
എ ഗ്രേഡ് കിട്ടിയ
നിന്റെ നാടോടിനൃത്തത്തേക്കാൾ മനോഹരമാണ്
ഗോളടിക്കുമ്പോഴുള്ള
സാംബാ നൃത്തച്ചുവടുകൾക്കെന്ന്
കളിയാക്കി പറഞ്ഞപ്പോൾ
നിന്റെ മുഖത്തെ ചായക്കൂട്ടുകളിലേക്ക്
കണ്ണീര് പടരുന്നത് ഞാൻ കണ്ടു
എന്റെ സി.ടി ഹൺഡ്രഡ്
ബൈക്കിന്റെ മുന്നിൽ
അർജന്റീനയുടെ സ്റ്റിക്കർ ഒട്ടിച്ച്
വാമോസ് എന്നെഴുതി
നീയതിനു പകരം വീട്ടി.
കീറിക്കളഞ്ഞിട്ടും
പതാകയിലെ സൂര്യൻ അവിടെ
കത്തിനിൽക്കുന്നുണ്ടായിരുന്നു
ഇങ്ങനെയൊക്കെയായിരുന്നിട്ടും,
ഒരു തുകൽപന്തിനകത്തേക്ക് കാറ്റെന്നപോലെ
നമ്മുടെ ഉള്ളിൽ പ്രണയം
നിറഞ്ഞുകൊണ്ടേയിരുന്നു
ക്രോസ് ബാറിൽ തട്ടിയും
ഫൗൾ ചെയ്തും
ഓഫ്സൈഡ് വിളിച്ചും
ഇടക്കൊക്കെ നമ്മൾ
രാജ്യാതിർത്തികൾ മറന്നു
കളിയാരവങ്ങൾക്കും
നിറഭേദങ്ങൾക്കുമപ്പുറം
പതാകയില്ലാത്ത ഒരു രാജ്യമേ
നമുക്കുണ്ടായിരുന്നുള്ളൂ
പ്രണയരാജ്യം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.