വിമർശനവും ശകാരവും എന്നെ ബാധിക്കുന്നില്ല -കെ. സച്ചിദാനന്ദൻ
text_fieldsതൃശൂർ: സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാറിന്റെ വാർഷികപരസ്യം ഉൾപ്പെടുത്തിയതിനെതിരെ ഉയർന്ന വിമർശനത്തിന് മറുപടിയുമായി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. സമൂഹ മാധ്യമത്തിലാണ് പ്രതികരണമറിയിച്ചത്. ‘ഞാൻ സാമൂഹികമാധ്യമങ്ങളെ കാണുന്നത് ഒരു ഡോക്ടർ ശരീരത്തെ കാണുന്നതുപോലെയാണ്. ഒരുവിമർശനവും ശകാരവും എന്നെ ബാധിക്കുന്നില്ല, മറിച്ച് ആ ആളുകളെ അപഗ്രഥിക്കുന്നതാണ് എന്റെ രീതി. അവരുടെ ഓരോരുത്തരുടെയും മനസ്സ് എനിക്ക് കാണാം, തികഞ്ഞ ശാന്തതയോടെ.
അർബുദം കണ്ടാലും ഞെട്ടാതെ ചികിത്സ ആലോചിക്കുന്ന ഡോക്ടറെപോലെ. അഥവാ ആൾക്കൂട്ടങ്ങളുടെ പെരുമാറ്റം പഠിക്കുന്ന ഒരു മനോവൈജ്ഞാനികനെപോലെ’ -സച്ചിദാനന്ദൻ കുറിച്ചു.
കുറിപ്പിന് കീഴെ വന്ന ‘ഇതിപ്പോൾ ഡോക്ടർക്കാണല്ലോ അർബുദം ബാധിച്ചിരിക്കുന്നത്, കുറ്റം മുഴുവൻ നഴ്സിനും’ എന്ന കമന്റിന് ‘ഇന്നലെ ഞാൻ ഒരു ഇറാനിയൻ സിനിമ കണ്ടു, നിഷ്കളങ്കയായ ഒരുസ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാൻ കുട്ടികളെപോലും ആഹ്വാനം ചെയ്യുന്ന ഒരാൾക്കൂട്ടം അതിലുണ്ടായിരുന്നു.
അതിൽ ഒരുനഴ്സിനെയും കണ്ടില്ല. രക്തദാഹികളെ മാത്രം കണ്ടു. ആരുടെ രക്തം എന്നതായിരിക്കും അവർക്ക് നടത്താവുന്ന ഏറ്റവും വലിയ സംവാദം’ എന്ന മറുപടിയും സച്ചിദാനന്ദൻ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ് ഷെയർ ചെയ്ത് സച്ചിദാനന്ദൻ പരസ്യം ഉൾപ്പെടുത്തിയതിലെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിയോജിപ്പ് വ്യക്തിപരമാണെന്നും എന്ത് ഉൾപ്പെടുത്തണമെന്നതടക്കം സെക്രട്ടറിയടങ്ങുന്ന അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്റെ അധികാരത്തിൽപെട്ടതാണെന്നും തുടർന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.