സംസ്കൃതി-സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം സമ്മാനിച്ചു
text_fieldsദോഹ: ഈ വർഷത്തെ സംസ്കൃതി-സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം അമേരിക്കൻ പ്രവാസി മലയാളിയായ എഴുത്തുകാരി പ്രിയ ജോസഫിന് സമ്മാനിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാര നിർണയ സമിതി ചെയർമാൻ ഡോ. ഇ.പി. രാജഗോപാലൻ, ഐ.സി.സി പ്രസിഡന്റ് പി.എൻ.
ബാബുരാജൻ, പുരസ്കാര സമിതി കൺവീനർ ഇ.എം. സുധീർ, സംസ്കൃതി ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ പുരസ്കാരം സമർപ്പിച്ചു. 50,000 രൂപയുടെ കാഷ് അവാർഡ് സംസ്കൃതി വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം സമ്മാനിച്ചു. സാഹിത്യകാരൻ ഇ.പി. രാജഗോപാലൻ ‘ആഖ്യാനവും സ്വാതന്ത്ര്യവും’ വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് പ്രിയ ജോസഫ് സംസാരിച്ചു. സി.വി. ശ്രീരാമന്റെ ജീവിതവും എഴുത്തും പരിചയപ്പെടുത്തുന്ന വിഡിയോ പ്രസന്റേഷൻ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. സംസ്കൃതിയുടെ ഈ വർഷത്തെ മെംബർഷിപ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മികച്ച വിജയം നേടിയ സംസ്കൃതി അംഗങ്ങളുടെ മക്കൾക്കുള്ള അക്കാദമിക് എക്സലൻസ് പുരസ്കാരവിതരണവും ചടങ്ങിൽ നടന്നു.
സംസ്കൃതി ആർദ്രനിലാവ് കവിതാലാപന പരിപാടിയുടെ പ്രാഥമിക ഘട്ട വിധികർത്താക്കളെയും ഗ്രൂമിങ് നിർവഹിച്ചവരെയും ആദരിച്ചു. ആതിര അരുൺ ലാൽ സംവിധാനം ചെയ്ത് സംസ്കൃതി കലാകാരികൾ അവതരിപ്പിച്ച നൃത്തങ്ങളും കവിതാവിഷ്കാരങ്ങളും പരിപാടിക്ക് പൊലിമയേകി.
അന്തരിച്ച ഫുട്ബാൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയിൽ സംസ്കൃതി വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി കൺവീനർ ഇ.എം. സുധീർ പുരസ്കാര വിശദീകരണം നടത്തി. എ.കെ. ജലീൽ സ്വാഗതവും സംസ്കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.