ഡെഡ് എൻഡ്
text_fieldsപണ്ട് കുറുക്കന്
കാട്ടിലേക്ക്
വഴി പറഞ്ഞുകൊടുത്തു.
കാട്ടിലേക്ക്
തിരിയുന്നതിന് മുമ്പ്
അതന്ന് ഞങ്ങളെ
കുറച്ചുനേരം നോക്കിനിന്നു.
സിംഹത്തിന്റെ വായിൽ
അകപ്പെട്ടുപോയേക്കാമായിരുന്ന
മുയലിനെ
ഒരു നിമിഷത്തെ
തന്ത്രപരമായ
നീക്കത്തിലൂടെയായിരുന്നു
ഞങ്ങൾ
വഴിതിരിച്ചുവിട്ടത്.
അതിന്റെ
തിരിച്ചുപോക്കിലുമുണ്ടായിരുന്നു
തീർത്താൽ
തീരാത്ത
ജീവന്റെ കടം.
ദാഹിച്ചു തൊണ്ടപൊള്ളിയ
അമ്മൂമ്മയ്ക്കും
തണുത്ത കിണറിന്റെ മൂടി
തുറന്നുകൊടുത്തു.
ഇന്ന്
കോടാനുകോടി വഴികൾ.
അവയുടെ തുടക്കം തന്നെ
എത്ര ശ്രദ്ധിച്ചാലും
പിടിതരാതെ
എങ്ങോട്ടോ
വളഞ്ഞുപുളഞ്ഞ്
ഒടുക്കം സിംഹത്തിന്റെ
വായിലേക്ക്
എത്തുന്ന വിധവും.
ഇരയാവുന്നതറിയാതെ
എല്ലാവരും
വഴി ചോദിക്കുന്നു
ഇതേതാണ് വഴി
ഇതിലെ പോയാൽ
എവിടെ എത്തും?
ആർക്കും
നിശ്ചയമില്ലാത്ത
വഴികളിൽ നാം
ചുമര് മുട്ടി
നിൽക്കുന്നു.
കിളികൾ മാത്രം
ഒച്ചവെക്കുന്നു
വഴി തെറ്റി
വഴി തെറ്റി...
എനിക്ക് നിന്നെ
കണ്ടെത്താനാവുന്നില്ല.
നിനക്ക് എന്നെ
കണ്ടെത്താനും
ആവുന്നില്ല.
ഇരുൾ വിഴുങ്ങിയ
പകലിന്റെ ചോര
ആകാശം മുഴുവനും
പടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.