ഡിജിറ്റൽ ലോകത്തും നിലക്കാത്ത വായന
text_fieldsചിന്തയില്‍ വിപ്ലവം സൃഷ്ടിച്ച റൂസോ ഇപ്രകാരം അടിച്ചമര്‍ത്തപ്പെട്ട ജനതയെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ‘പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയിലെടുത്തോളൂ’. മനുഷ്യന്‍റെ ദാരിദ്ര്യത്തെപ്പോലും തുടച്ചുനീക്കാന്‍ വായന പര്യാപ്തമെങ്കില്‍ എന്തിനു നാം അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കണം...?
2023ലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉയർച്ച മനുഷ്യന്റെ ജീവിതരീതിയിൽ കാര്യമായ മാറ്റത്തിന് വഴിവെച്ചിട്ടുണ്ട്. സ്വാഭാവികമായും വായനാ ലോകത്തും അത് സംഭവിക്കും. പേപ്പർ പുസ്തക താളുകൾക്കുണ്ടായിരുന്ന സ്വീകാര്യതക്ക് അയവുവന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഡിജിറ്റൽ സാങ്കേതികതയുടെ അതിപ്രസരം. നൂറ്റാണ്ടുകളായി നിലവിലുള്ള പരമ്പരാഗത പേപ്പർ പുസ്തകങ്ങൾക്കിടയിലേക്ക് ഇ-ബുക്കുകളുടെ ആവിർഭാവം നല്ല വായന ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വായനക്കാരന് പുതിയ പ്രതലം നൽകിയിട്ടുണ്ട്.
ടി.എച്ച്.ജി.എം റൈറ്റിങ് സർവീസസ് നടത്തിയ സർവേയിൽ ഇ-പുസ്തകങ്ങളുടെയും ഓഡിയോപുസ്തകങ്ങളുടെയും ജനപ്രീതി വർധിച്ചിട്ടും ലോകമെമ്പാടുമുള്ള വായനക്കാർ ഇപ്പോഴും പേപ്പർ പുസ്തകങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. സർവേ പ്രകാരം ഗൗരവ വായനക്കാരിൽ 57 ശതമാനം പേരും ഇപ്പോഴും പേപ്പർ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്. 32 ശതമാനം പേർ ഇ- പുസ്തകങ്ങളും എട്ടു ശതമാനം പേർ ഓഡിയോ പുസ്തകങ്ങളും ആശ്രയിക്കുമ്പോൾ ബാക്കി മൂന്ന് ശതമാനം മാത്രമാണ് മറ്റു ഉപാധികൾ തെരഞ്ഞെടുക്കുന്നത്.
വായനക്കും മൂല്യമുള്ള സാഹിത്യങ്ങൾക്കും ഇന്നും പിന്തുണയുണ്ട്. ഒന്നല്ലെങ്കിൽ മറ്റു രീതികൾ സ്വീകരിച്ച് വായനക്കാരൻ എന്നും എപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. സാഹചര്യത്തോടും സമകാലിക വിഷയങ്ങളോടും സമരസപ്പെടുന്ന കൃതികളുടെ ഒഴുക്കായിരുന്നു 2023ന് സാഹിത്യമേഖല സമ്മാനിച്ചത്. അർഹതക്കുള്ള അംഗീകാരമായാണ് ബുക്കർപ്രൈസും നൊബേലും മറ്റ് വിശേഷപ്പെട്ട പുരസ്കാരങ്ങളും നിർണയിക്കപ്പെട്ടതെന്നതും സാഹിത്യ മേഖല 2023ന് നൽകിയ ഈടുവെപ്പാണ്.
പ്രോഫറ്റ് സോങ്: ദുരധികാര വാഴ്ചക്കെതിരായ പ്രതിഷേധം
അഭയാർഥി ദുരിതങ്ങളുടെയും ദുരധികാര വാഴ്ചക്കെതിരെയുള്ള പ്രതിഷേധങ്ങളുടെയും നേർക്കാഴ്ചകളാണ് ഈ വർഷത്തെ ബുക്കർ പ്രൈസിന് അർഹമാക്കിയ പുസ്തകത്തിന്‍റെ ഉള്ളടക്കം. അയർലന്‍റിനെ പാശ്ചാത്തലമാക്കിയാണ് എഴുത്തിലെ സാങ്കൽപ്പിക കഥ പറയുന്നതെങ്കിലും സാർവലൗകിക തലത്തിൽ തന്നെ വ്യവസ്ഥാപിതമായ തീവ്രമായ വലതുപക്ഷ അധികാര ദുർവിനിയോഗത്തിന്‍റെ തലത്തിലൂടെയാണ് ഐറിഷ് എഴുത്തുകാരൻ പോൾലിഞ്ചിന്‍റ പ്രോഫറ്റ് സോങ് വായനക്കാരനെ കൊണ്ടുപോകുന്നത്.
അടിയന്തരാവസ്ഥ സാഹചര്യത്തിൽ ഭരണാധികാര അടിച്ചമർത്തലുകൾക്ക് ഇരയാകേണ്ടി വന്ന കുടുംബത്തിന്‍റെ കഥയാണ് പ്രോഫറ്റ് സോങ്ങിന്‍റ മുഖ്യാധാരം, രാഷ്ടീയ നോവലെന്ന വിശേഷണമുള്ള പ്രോഫറ്റ്സോങ്ങിന് സമകാലിക ലോകരാഷ്ട്രീയ സാഹചര്യങ്ങളുമായി സാമ്യമുണ്ട്. അടിച്ചമർത്തപ്പെടുന്ന സമൂഹത്തിന്‍റെയും അടിയന്തരാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരുടെയും ദുരിതപൂർണമായ കഥ മെനഞ്ഞെടുത്ത പോൾലിഞ്ചിന്‍റെ ഓർമയുടെ അതിരിലൂടെ ഫലസ്തീനോ സിറിയയോ യുക്രൈനോ കടന്നു പോയിട്ടുണ്ടെങ്കിൽ കുറ്റപ്പെടുത്താനാകില്ല. ബീ സ്റ്റിങ്- പൗൾ മുറെ, വെസ്റ്റേർൺ ലൈൻ- ചേതന മാരോ, ദിസ് അതർ ഏദെൻ- പൗൾ ഹാർഡിങ്, ഇഫ് ഐ സർവൈവ് യു- ജോനാതൻ എസ്കോഫ്രെ, സ്റ്റഡി ഫോർ ഒബീഡിയൻസ്- സാറ ബെൺസ്റ്റെയ്ൻ എന്നിവയാണ് ഈ വർഷം ബുക്കർപ്രൈസിന്‍റെ അവസാന ലിസ്റ്റിൽ വന്ന മറ്റു രചനകൾ.
ഫോസെക്ക് അർഹിക്കുന്ന അംഗീകാരം
നിശബ്ദമാക്കപ്പെട്ടവക്ക് ശബ്ദമാകുന്ന നൂതന നാടകങ്ങള്‍ക്കും സാഹിത്യങ്ങൾക്കും ജീവൻ നൽകുന്ന പ്രതിഭയാണ് യോൺ ഫോസെയെന്ന് വിലയിരുത്തിയാണ് നോബേൽ പുരസ്കാര സമിതി 2023 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചത്. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് സമ്മാന ജേതാവായ യോണ്‍ ഫൊസേ എന്ന നാടകകൃത്ത്. നാൽപതോളം നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ കഴിവു തെളിയിച്ച ഫോസെക്ക് അർഹിച്ച അംഗീകാരമായാണ് നൊബേലിനെ വിലയിരുത്തുന്നത്. ഫോസെയിലൂടെ നാടകമേഖലക്ക് ലഭിച്ച അമൂല്യ ഖ്യാതി കൂടിയാണിത്.
സമൂഹത്തിൽ നാടകത്തെ ജീവനായി കാണുന്ന മനുഷ്യർക്ക് കിട്ടിയ അംഗീകാരമായും വിലയിരുത്തപ്പെടുന്നു. ഫോസെയുടെ പുരസ്കാര ലബ ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച ആരാധക വൃന്ദത്തെ നോർവീജിയൻ നാടുകളിൽ ആ സമയം കാണാമായിരുന്നു. അത്രയേറെ മൂല്യമേറിയതായിരുന്നു ഫോസെയും അദ്ദേഹത്തിന്‍റെ കൃതികളും.
ദേശീയതലത്തിലും മികച്ച രചനകൾ
ഭാഷാസാഹിത്യ രംഗത്തെ ഒരുപിടി മികച്ച രചനകൾക്കാണ് ഇത്തവണ കേന്ദ്ര സാഹിത്യ പുരസ്കാരം. 24 ഭാഷകളിലെ സാഹിത്യ രചനകളെ ആസ്പദമാക്കിയാണ് പുരസ്കാര ജൂറി വിജയികളെ തിരഞ്ഞെടുത്തത്. 'മലയാള നോവലിന്‍റെ ദേശ കാലങ്ങൾ' എന്ന നിരൂപണ ഗ്രന്ഥത്തിന് കവിയും സാഹിത്യ നിരൂപകനുമായ ഇ.വി. രാമകൃഷ്ണനാണ് മലയാളത്തിൽ നിന്ന് അവാർഡിന് അർഹത നേടിയത്. കൂടാതെ ബാലസാഹിത്യ പുരസ്കാരം മലയാളിയായ പ്രിയ എ.എസിനും യുവ സാഹിത്യ പുരസ്കാരം ഗണേഷ് പുത്തൂരിനും ലഭിച്ചു.
അവസാന വർഷ കേരള അക്കാദമി അവാർഡിന് അർഹമായ കൃതികൾ ആശയ നൈപുണ്യം കൊണ്ടും വിശകലന മികവു കൊണ്ടും മികച്ചു നിൽക്കുന്നവയാണ്. മലയാള സാഹിത്യത്തിൽ വിഭവ സമൃദ്ധമായ രചനകൾക്ക് ആക്കം കൂടുകയെന്നല്ലാതെ കുറവൊന്നുമുണ്ടാകുന്നില്ല എന്നതിനുദാഹരണങ്ങളാണ് വായനക്കാരുടെ ആധിക്യവും മികച്ച രചനകളോടുള്ള ഭ്രമവും.
ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ എസ്.കെ. വസന്തനാണ് 2023 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്. പുരസ്കാരം സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് കേരളസർക്കാർ നൽകി വരുന്ന ആദരവാണെന്നിരിക്കെ അതിനർഹമായ കൃതിയും പുരസ്കാര വിശേഷണങ്ങളെ അന്വർഥമാക്കുന്നതാണ്. ഉപന്യാസം, നോവൽ, ചെറുകഥ, കേരളചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളായി എസ്.കെ. രചിച്ച പുസ്തകമാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.