പുരസ്കാര നിറവിൽ ദിനേശ് കാരന്തൂർ
text_fieldsകുന്ദമംഗലം: ജെ.സി. ഡാനിയേൽ കാവ്യശ്രേഷ്ഠ പുരസ്കാരം നേടി കവി ദിനേശ് കാരന്തൂർ. കോട്ടയം ജെ.സി. ഡാനിയേൽ ഫൗണ്ടേഷനാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകിയത്. അമ്മ, ഏഴാം ക്ലാസിലെ ടീച്ചർ, കൂട്ടുകാരി, ഉറക്കം, മഴയില്ലെങ്കിൽ എന്നിവയാണ് കവിതയും ചെറുകവിതയും എഴുതുന്ന ദിനേശിന്റെ പ്രധാന കവിതകൾ. വ്യത്യസ്ത രീതിയിൽ കവിത പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട് ദിനേശ്.
ചിത്രപ്രദർശനവും മറ്റു പ്രദർശനങ്ങളും കണ്ട് പരിചയിച്ച മലയാളികൾക്ക് കവിത പ്രദർശനം ഒരു പുതുമയാണ്. ചെറുകവിതയുടെ പ്രദർശനമാണ് കോഴിക്കോട്ടും കൊച്ചിയിലും നടത്തിയത്. കൃതി രാജ്യാന്തര പുരസ്കാരോത്സവത്തിലാണ് ആദ്യമായി ദിനേശ് കവിത പ്രദർശനം നടത്തിയത്.
കോഴിക്കോട് പ്ലാനറ്റോറിയത്തിലും പ്രദർശനം നടത്തിയിട്ടുണ്ട്. നാലും ആറും എട്ടും വരികളുള്ള ചെറുകവിതകൾ വലുപ്പത്തിൽ പ്രദർശിപ്പിക്കുകയാണ് ദിനേശ് ചെയ്യുന്നത്. തിരക്കിനിടയിലും ആരെയും വായിച്ചുനോക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ദിനേഷിന്റെ ചെറുകവിത പ്രദർശനം.
കുട്ടിക്കാലം മുതൽ കവിതകളെഴുതുന്ന ദിനേശിന് ചെറുകവിതകളെഴുതാനുള്ള പ്രേരണ നൽകിയത് മകൾ ദിൽനയാണ്. വലിയ കവിതകൾ വായിക്കാൻ ഞങ്ങൾക്കാവില്ലെന്നും ചെറിയ കവിതയാണ് നല്ലതെന്നും മകൾ പറഞ്ഞപ്പോഴാണ് ദിനേശ് ചെറുകവിതകൾ കൂടുതൽ എഴുതുന്നതിനെപ്പറ്റി ചിന്തിച്ചത്.
101 കവിതകൾ ഉൾപ്പെടുത്തി ‘വാക്കുകളുടെ വസന്തം’ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കവി ശ്രീധരനുണ്ണിയാണ് പുസ്തകത്തിന്റെ അവതാരികയെഴുതിയത്. കാരന്തൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ദിനേശ് സഹകരണ ഗാനങ്ങളും ഡോക്യുമെന്ററി ഗാനങ്ങളും എഴുതിയിട്ടുണ്ട്. നിരവധി സ്കൂളുകളിൽ ‘വാക്കുകളുടെ വസന്തം’ എന്ന പേരിൽ ഇദ്ദേഹത്തിന്റെ കവിത പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
കവിതയെയും മലയാള ഭാഷയെയും കൂടുതൽ ജനകീയമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ദിനേശ് കാരന്തൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള കോമൺ അവാർഡ്, ബാങ്ക്മെൻസ് അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സഹകരണ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായ ദിനേശിന് സംസ്ഥാന സർക്കാറിന്റെ മികച്ച സഹകരണ ബാങ്ക് സെക്രട്ടറിക്കുള്ള സ്പെഷൽ ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇനിയും അർഥസമ്പുഷ്ടമായ വരികളെഴുതാനും മലയാളികൾക്കുമുന്നിൽ അവതരിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ദിനേശ് കാരന്തൂർ. ഭാര്യ: രസീന. മക്കൾ ദിൽന, നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.