ഡൊമിനിക് ലാപിയർ: ഇന്ത്യയെ അറിഞ്ഞ എഴുത്തുകാരൻ
text_fieldsപാരിസ്: ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ചരിത്ര പുസ്തകം ഡൊമിനിക് ലാപിയറും ലാറി കോളിൻസും ചേർന്ന് എഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ആണ്. ചരിത്രമെഴുത്തിനോട് നീതിപുലർത്തി എഴുതിയപ്പോൾതന്നെ കേവല ചരിത്ര ഗ്രന്ഥത്തിന്റെ മുഷിപ്പില്ലാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്നുവെന്നതും 'സ്വാതന്ത്ര്യം അർധരാത്രിയിൽ' ജനപ്രിയമാക്കി. ചരിത്രത്തിന്റെ ഉള്ളറക്കഥകളെ നാടകീയമായി അവതരിപ്പിച്ചപ്പോൾ വസ്തുതകളുടെ പിൻബലമുണ്ടായിരുന്നു.
1931ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്താണ് ഡൊമിനിക്കിന്റെ ജനനം. പെൻസൽവേനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരിസ് മാച്ച് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രപ്രവർത്തകനായിരുന്നു. ഏറ്റവും പ്രശസ്തമായ ഈസ് പാരിസ് ബേണിങ്ഗ്സും ലാറി കോളിൻസുമായി സഹകരിച്ച് എഴുതിയതാണ്. ലാപിയർ എഴുതി 1985ൽ പുറത്തിറങ്ങിയ കൊൽക്കത്തയിലെ റിക്ഷക്കാരന്റെ പ്രയാസങ്ങളെ കുറിച്ചുള്ള 'സിറ്റി ഓഫ് ജോയ്' എന്ന നോവലും വൻ വിജയമായിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി പാട്രിക് സ്വെയ്സിനെ നായകനാക്കി റോളണ്ട് ജോഫി സംവിധാനം ചെയ്ത സിനിമ 1992ൽ പുറത്തിറങ്ങി. ഇന്ത്യയിലെ ജീവകാരുണ്യ പദ്ധതികളെ പിന്തുണക്കാൻ ലാപിയർ റോയൽറ്റിയിലെ വലിയപങ്ക് ഉപയോഗിച്ചു.
1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിയിരുന്നു. 2008ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചു. ഏകപുത്രി അലക്സാൻഡ്രയും എഴുത്തുകാരിയാണ്. ഫ്രാൻസിൽ ജനിച്ച് പിതാവിന്റെ ജോലിയുടെ ഭാഗമായി കുറേക്കാലം അമേരിക്കയിൽ ജീവിച്ച ലാപിയർ സൈന്യത്തിൽ സേവനമനുഷ്ഠിക്കവെയാണ് ലാറി കോളിൻസിനെ പരിചയപ്പെടുന്നത്.
ആ ദീർഘകാല സൗഹൃദം സമൂഹത്തിന് സമ്മാനിച്ചത് അതിഗംഭീര വായനാനുഭവങ്ങൾ. ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിങ്, ഒ ജറൂസലം, ദ ഫിഫ്ത് ഹോഴ്സ്മാൻ, ഈസ് ന്യൂയോർക്ക് ബേണിങ്, മൗണ്ട്ബാറ്റൻ ആൻഡ് ദ് പാർട്ടീഷൻ ഓഫ് ഇന്ത്യ എന്നിവയും ലോകശ്രദ്ധ നേടി. 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ' എന്ന ഗ്രന്ഥം ജാവിയർ മോറോയുമായി ചേർന്നാണ് എഴുതിയത്.
തനിച്ച് എഴുതിയ 'എ തൗസന്റ്സ് ഓഫ് സൺസ് (ഓർമകൾ), ചെസ് മാൻ ടോൾഡ് മി (ആത്മകഥ), എ റെയിൻബോ ഇൻ ദ നൈറ്റ് (ചരിത്രം), ബിയോണ്ട് ലവ് (നോവൽ), എ ഡോളർ ഫോർ അ തൗസന്റ് മൈൽസ്, ഹണിമൂൺ എറൗണ്ട് ദി എർത്ത് (യാത്ര) തുടങ്ങിയവയും ശ്രദ്ധേയമാണ്.
2005ലാണ് ലാറി കോളിൻസ് മരിച്ചത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വായിച്ച, ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്ന, ഇനിയും ഏറെക്കാലം വായിക്കപ്പെടുന്ന ചരിത്രപുസ്തകം സമ്മാനിച്ച രണ്ടുപേരിൽ രണ്ടാമനും വിടവാങ്ങി. ഓർമകളിൽ എന്നും ജീവിക്കാൻ പര്യാപ്തമായ ചരിത്രം ബാക്കിവെച്ചാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.