ആയിരം പൂർണചന്ദ്രന്മാരുടെ നിറശോഭയിൽ ഈ ചരിത്രാന്വേഷി
text_fieldsകോഴിക്കോട്: മുൻവിധിയില്ലാതെ ചരിത്രം തേടുന്നവരിൽ മുൻനിരക്കാരനായ ഡോ. കെ.കെ.എൻ. കുറുപ്പ് ആയിരം പൂർണചന്ദ്രന്മാരുടെ നിറശോഭയിൽ. ചരിത്രകാരന് ഇന്ന് 84 വയസ്സു തികയുമ്പോഴും കൊച്ചി ഇളംകുളത്തെ ഫ്ലാറ്റിൽ കാര്യമായ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല. പക്ഷേ, ഇപ്പോഴും ഒരു വിദ്യാർഥിയുടെ കൗതുകത്തോടെ ചരിത്രത്തിന്റെ അടരുകൾ ആവേശപൂർവം തിരയുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. സംതൃപ്തനെങ്കിലും ചരിത്രസംബന്ധിയായ ഒരു സങ്കടവും അദ്ദേഹത്തിനുണ്ട്- ചരിത്രവഴിയിൽ പുതിയ തലമുറയെത്തുന്നില്ലെന്ന പരിഭവം.
ഈ രംഗത്ത് വരുന്ന ഏറെപ്പേരും കൂടുതൽ പഠനം നടത്താതെ ഡോക്ടറേറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ആർക്കൈവ്സുകൾ തേടിപ്പോകുന്നവരില്ല. 17, 18 നൂറ്റാണ്ടിലെ വാണിജ്യരംഗത്തെ കുറിച്ച് (കേയിമാരെ കുറിച്ച്) ഏറെ പഠനം നടത്തേണ്ടതുണ്ട്. കൃത്യമായി പഠിച്ചാലേ നമ്മുടെ പലമേഖലകളും എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നു മനസ്സിലാക്കാൻ കഴിയൂ. തന്നെ തേടിവരുന്നവർക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നുണ്ട്. എന്നാൽ, പലരും ലഭ്യമായ പുസ്തകങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് അവസാനിപ്പിക്കുകയാണ്. നമ്മുടെ കുട്ടികൾ അറിവിനെ അധികാരമാക്കി മാറ്റുന്നില്ല. സർവകലാശാലകൾ അതിനൊത്ത് ഉയരുന്നുമില്ല -ഡോ. കുറുപ്പ് പറയുന്നു.
കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ മണ്ണംപൊയിൽ ചാപ്പക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മകനായാണ് ജനനം. ചരിത്ര പണ്ഡിതനെന്നതിനു പുറമെ കാലിക്കറ്റ് സർവകലാശാലയുടെ ഏറ്റവും മികച്ച വൈസ് ചാൻസലർമാരിലൊരാൾ എന്ന വിലാസവും അദ്ദേഹത്തിന് സ്വന്തം. വൈസ് ചാൻസലറായിരിക്കെ സർവകലാശാലയിൽ ഏറെ അഴിച്ചുപണി നടത്തി. പുതിയകാലത്തെ കോഴ്സുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചപ്പോൾ അത് ആദ്യം സ്വീകരിച്ചത് കാലിക്കറ്റിലാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ അറ്റൻഡൻസ് പരിഷ്കരണം നടപ്പാക്കി. ജനകീയാസൂത്രണ മാതൃകയിൽ സമിതികൾ രൂപവത്കരിച്ചതുൾപ്പെടെ ഏറെ ഫലം കണ്ടു.
വടകര കേന്ദ്രമായി സ്വന്തം മൂലധനം ഉപയോഗിച്ച് സ്ഥാപിച്ച ‘മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ്’ നടത്തിയ പ്രവർത്തനങ്ങൾ ഏറെയാണ്. പോർചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സെയ്നുദ്ദീൻ മഖ്ദൂം 1583ൽ രചിച്ച ‘തുഹ്ഫത്തുൽ മുജാഹിദീൻ’ (പോരാളികൾക്കൊരു സമ്മാനം) എഡിറ്റ് ചെയ്ത് നാലു ഭാഷകളിൽ പുറത്തിറക്കി. കൊളോണിയൽ അധിനിവേശം, കാർഷിക ബന്ധങ്ങൾ, പുരാവൃത്തപഠനം എന്നിവയിൽ നൽകിയ സംഭാവനകളെ ആദരിച്ച് രണ്ടു വാല്യങ്ങളിലായി അമ്പതോളം പ്രബന്ധങ്ങൾ അടങ്ങുന്ന വിപുലമായ സമാഹാരം (നാഷനലിസം, പെസൻട്രി ആൻഡ് സോഷ്യൽ ചേഞ്ച് ഇൻ ഇന്ത്യ) ഡൽഹിയിലെ ബി.ആർ പബ്ലിഷിങ് കോർപറേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ എക്സിക്യൂട്ടിവ് അംഗമായിരുന്ന കുറുപ്പ് ഇന്ത്യൻ ചരിത്ര കോൺഗ്രസുകളിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് വിരമിച്ച ദേവമാലിനിയാണ് ഭാര്യ. നൃത്താധ്യാപികയായ മീനയും ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥൻ നളിൻകുമാറുമാണ് മക്കൾ. എൻജിനീയർമാരായ അനിൽകുമാറും അഞ്ജലിയുമാണ് മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.