ഡോ. ലെനിയുടെ ‘സ്വപ്നങ്ങൾ ചിറകുവിടർത്തുകയാണ്’
text_fieldsകോട്ടയം: ഡോ. ലെനി മാർക്കോസിന്റെ ജീവിതം പാഠപുസ്തകം പോലെയാണ്. വെറും പ്രീഡിഗ്രിക്കാരിയായിരുന്ന ലെനി ഗൈനക്കോളജി ഡോക്ടറായ കഥ. കാലിടറി വീണിടത്തുനിന്നെല്ലാം എഴുന്നേറ്റ് മുന്നോട്ടുകുതിക്കാൻ വെമ്പൽ കൊള്ളുന്ന അനുഭവങ്ങൾ. താൻ കടന്നുവന്ന വഴിയിലെ അകം പൊള്ളിച്ച നേരുകളെല്ലാം അവർ പകർത്തിയെഴുതി, 82ാം വയസ്സിൽ. ‘ഡ്രീംസ് ടേക് വിങ്സ്’ എന്ന് പേരിട്ട പുസ്തകം ഞായറാഴ്ച വൈകീട്ട് 4.30ന് കോട്ടയം ഐ.എം.എ ഹാളിൽ സി.എസ്.ഐ മധ്യകേരള ബിഷപ് റവ. തോമസ് സാമുവൽ പ്രകാശനം ചെയ്യും.
പ്രീഡിഗ്രി പഠനകാലത്തായിരുന്നു ലെനിയുടെ വിവാഹം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിന്റെ നീറ്റലുമായാണ് കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. രണ്ട് പെൺമക്കൾ ജനിച്ചു. അഞ്ചാംവയസ്സിൽ ഇളയ മകൾ സെറിബ്രൽ മലേറിയ വന്നു മരിച്ചു. ആ വേദന മാറുംമുമ്പേ ഒരു വർഷത്തിനകം അപകടത്തിൽ ഭർത്താവും വിട്ടുപിരിഞ്ഞതോടെ 25ാം വയസ്സിൽ വിധവയായി. മാതാപിതാക്കൾ മരിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴാണ് പഴയ ആഗ്രഹം പൊടിതട്ടിയെടുത്തത്. പലരുടെയും എതിർപ്പ് വകവെക്കാതെ പ്രീഡിഗ്രി പൂർത്തിയാക്കി മെഡിക്കൽ പ്രവേശന പരീക്ഷ എഴുതി എം.ബി.ബി.എസും നേടി. 13 വർഷം ഡോക്ടറായി ജോലിചെയ്തു. തുടർന്ന് പുനർവിവാഹിതയായി. മെഡിക്കലിൽ ബിരുദാനന്തര ബിരുദവും നേടി.
പുതുപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോ. ലെനി ഇപ്പോൾ. ഭർത്താവ് ഡോ. എം.എം. മർക്കോസുമൊത്ത് കോട്ടയം പാക്കിൽ ആണ് താമസം. രണ്ടാം വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. ചെന്നൈയിലും വിദേശത്തുമായി ജോലി ചെയ്യുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.