'വായന മരിക്കുന്നില്ല; വായിച്ചു മരിക്കുകയാണ് ഞാൻ'
text_fieldsതൃശൂർ: ദിവസവും പ്രഫ. എം.കെ. സാനു എന്ന ഗുരുവിെൻറ ഫോൺവിളിക്കായി ശിഷ്യൻ കാത്തിരിക്കും. വൈകീട്ട്, ചിലപ്പോൾ രാത്രി; ആ പതിവ് അേദ്ദഹം തെറ്റിക്കാറില്ലെന്ന് ഡോ. പി.വി. കൃഷ്ണൻ നായർ പറയുന്നു.
കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനുമായ കൃഷ്ണൻ നായർ തെൻറ ഗുരുവുമായുള്ള സംവാദത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ''വായിച്ച പുസ്തകങ്ങൾ, ആശയങ്ങൾ എന്നിവ കടന്ന് സാഹിത്യത്തിെൻറ പുത്തൻ പ്രവണതകളും വിശ്വാസങ്ങളിലുമൊക്കെ സംസാരം എത്തും''- കൃഷ്ണൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായിരിക്കേ അധ്യാപകനായിരുന്നു സാനു മാഷ്. അന്ന് തുടങ്ങിയ ഗുരു-ശിഷ്യ സൗഹൃദമാണ്. കോവിഡിന് മുമ്പ് ഫോൺ വിളികൾ ഇടക്കേ ഉണ്ടായിരുന്നുള്ളൂ. മാഷ് പ്രസംഗങ്ങളൊക്കെയായി തിരക്കായിരിക്കും. എന്നാൽ, കോവിഡ് ഒന്നാംതരംഗത്തിലെ തിരക്കുകൾ അവസാനിച്ചപ്പോൾ തുടങ്ങിയ ഫോൺ വിളിയാണ് ഇപ്പോഴും തുടരുന്നത്.
''വായന മരിക്കുന്നില്ല; വായിച്ചു മരിക്കുകയാണ് ഞാൻ'' -കോവിഡ് കാലം തന്ന വായന സൗഭാഗ്യത്തെപ്പറ്റി കൃഷ്ണൻ നായരുടെ വാക്കുകളിൽ നിന്ന് വ്യക്തം. യുവാൽ നോവാ ഹരാരിയുടെ സാപിയൻസ്, ഹോമോ ഡുയൂസ്, ബിൽ ബ്രൈസൺെൻറ 'ഷോർട്ട് ഹിസ്റ്ററി ഒാഫ് നിയർലി എവരിതിങ്', ദ ബോഡി, വി.കെ. കൃഷ്ണമേനോനെപ്പറ്റി ജയറാം രമേശിെൻറ പുസ്തകം... അടുത്തിടെ വായിച്ച പുതിയ പുസ്തകങ്ങളുടെ പട്ടിക നീളുന്നു.
ഇതോടൊപ്പം പുസ്തകരചനക്കും സമയം കണ്ടെത്തുന്നു. 1929ൽ റൊമേയ്ൻ റോളണ്ട് എഴുതിയ ശ്രീരാമകൃഷ്ണ പരമഹംസരെപ്പറ്റിയുള്ള പുസ്തകത്തിെൻറ വിവർത്തനം അവസാന ഘട്ടത്തിലാണ്. കൂടാതെ ഗാന്ധിജിയെ സ്വാധീനിച്ചവരെപ്പറ്റിയുള്ള മറ്റൊരു പുസ്തകവും എഴുതിവരുന്നു. കുട്ടികൃഷ്ണ മാരാരുടെ 'ഭാരത പര്യടനം' ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു.
മലയാളത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദമുള്ള കൃഷ്ണൻ നായർ 70കളുടെ തുടക്കത്തിൽ പ്രമുഖരുടെ കവിതകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്താണ് സാഹിത്യരംഗത്ത് സജീവമാകുന്നത്. ഭക്തിസാഹിത്യത്തിലെ പ്രമുഖ കവികളെക്കുറിച്ച് 'ഭക്തിഭാരതം' എന്ന പുസ്തകം എഴുതി. കാസർകോട് പെരിയയിൽ ജനിച്ച കൃഷ്ണൻ നായരെ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാഭ്യാസ കാലഘട്ടമാണ് വായനയിലേക്കും സാംസ്കാരിക- രാഷ്ട്രീയ മണ്ഡലത്തിലേക്കും എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.