എമ്പൂരാൻ കണ്ടപ്പോൾ ഓർമ്മയിലേക്ക് സച്ചിദാനന്റെ വരികൾ ഒഴുകിവന്നുവെന്ന് മന്ത്രി പി. രാജീവ്
text_fieldsഎമ്പൂരാൻ കണ്ടപ്പോൾ ഓർമ്മയിലേക്ക് സച്ചിദാനന്റെ വരികൾ ഒഴുകിവന്നുവെന്ന് മന്ത്രി പി. രാജീവ്. എമ്പുരാൻ ഓർമ്മപ്പെടുത്തുന്ന ചരിത്രം പലരെയും അസ്വസ്ഥമാക്കുന്നുവെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാത്തിനേയും മറവിയിലേക്ക് ചവിട്ടിതാഴ്ത്താൻ ശ്രമിക്കുന്ന കാലത്ത് ഓർമ്മകളുടെ വീണ്ടെടുക്കലും ചരിത്രവൽക്കരണവും അഭിനന്ദനം അർഹിക്കുന്നു.സിനിമക്കെതിരായ നീക്കത്തെ കേരളം ഒരേ മനസ്സോടെ ചെറുക്കേണ്ടതുണ്ടെന്നും മന്ത്രി. തുടർന്ന്, സച്ചിദാനന്ദന്റെ കവിതയിലെ വരികൾ മന്ത്രി എഴുതിവെക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
എമ്പൂരാൻ കണ്ടപ്പോൾ ഓർമ്മയിലേക്ക് സച്ചിദാനന്റെ വരികൾ ഒഴുകിവന്നു. എമ്പുരാൻ ഓർമ്മപ്പെടുത്തുന്ന ചരിത്രം പലരെയും അസ്വസ്ഥമാക്കുന്നുവെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. എല്ലാത്തിനേയും മറവിയിലേക്ക് ചവിട്ടിതാഴ്ത്താൻ ശ്രമിക്കുന്ന കാലത്ത് ഓർമ്മകളുടെ വീണ്ടെടുക്കലും ചരിത്രവൽക്കരണവും അഭിനന്ദനം അർഹിക്കുന്നു. സിനിമക്കെതിരായ നീക്കത്തെ കേരളം ഒരേ മനസ്സോടെ ചെറുക്കേണ്ടതുണ്ട്.
ഉണ്ണീ, നിന്റെ വരവ്
ഇങ്ങനെയായിരിക്കുമെന്ന്
ഞാൻ തീരെ കരുതിയിരുന്നില്ല
നിനക്കായി ഞാനൊരു താരാട്ടു കരുതിയിരുന്നു
സ്വന്തം കൈകൊണ്ടു തുന്നിയ
കുഞ്ഞുടുപ്പും പൂക്കളും കരുതിയിരുന്നു
ശിരസ്സില്ലൊരു ശകലം മേഘവും
നെറ്റിയില് മാലഖമാരുടെ ചുംബനവുമായി
നീ വരുമെന്ന് ഞാൻ സ്വപ്‌നം കണ്ടിരുന്നു
എന്റെയുള്ളിലെ നിന്റെ ഓരോ ചലനത്തിലും
ഞാൻ ദൈവത്തിന്റെ കാലടികൾ കേട്ടു
പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്
കൊടിയും പന്തവുമായി അവർ വന്നു
വാളും തൃശൂലവുമായി അവര് വന്നു
അവരെന്റെ കൈകാലുകള് കെട്ടിയിട്ടു
വാളുകൊണ്ട് അടിവയർ നെടുകെ പിളര്ന്നു
അവര് നിന്നെ വലിച്ചു പുറത്തിട്ടപ്പോള്
നീ പൊക്കിൾകൊടിയിൽ മുറുകെപിടിച്ചുവോ?
പുഴയും നിലാവും കിനാകണ്ടിരുന്ന കുഞ്ഞിക്കണ്ണുകൾ
ഒന്നുകൂടി ഇറുക്കിയടച്ചുവോ?
ആളികത്തുന്ന വീട്ടിലേക്ക് അവര് നിന്നെ
വലിച്ചെറിഞ്ഞപ്പോൾ മാലാഖമാർക്കുമാത്രം
കേൾക്കാവുന്ന ശബ്‌ദത്തിൽ
നീ അമ്മയോടു വിടചോദിച്ചുവോ?
തീ നിന്നെ സ്വര്ണ്ണവിരലുകള്കൊണ്ട് തലോടിയോ?
ജ്വാലകളുടെ തൊട്ടിലില് കാറ്റു നിന്നെ താരാട്ടിയോ?
ജനിക്കാതെതന്നെ നീ ജീവിതത്തിന്റെ
മുഴുവന് നോവും ഒരുഞൊടിയിലറിഞ്ഞുവോ?
ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
ചിതയിലേക്കു പെറ്റിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ
ഉയരുംമുമ്പേ ചാരമായിട്ടുണ്ടാവില്ല
വിട. നിന്നെപിറക്കാനയയ്‌ക്കാത്ത ലോകത്തില്
എനിക്കും ഇനിപ്പിറക്കേണ്ടാ
ഇന്ത്യയിലെ അമ്മമാരേ,
നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ.
— സച്ചിദാനന്ദൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.