കവിത: എനിക്കൊളിക്കാൻ ഒരു കാട് വേണം
text_fieldsഅന്നവൾ മരം ചൂടി നിന്നു
കാടുണർന്നിരുന്നില്ല.
ആരൊക്കെയോ
ചുറ്റിലും
പ്രാർഥിച്ചുകൊണ്ടിരുന്നു.
ആദിയിൽ
ഞാനും നീയും
മറന്നുപോയ വാക്കുകളൊക്കെയും
ആരോ കൊത്തിവച്ചിരിക്കുന്ന മരങ്ങൾ.
വന്യതയുടെ ആഴത്താൽ
കാഴ്ചയുടെ ചില്ലു തകർക്കുന്ന
കാടിന്റെ നോട്ടം.
ജീവന്റെ വെളുത്ത പൂക്കളിൽ
മൃതിയുടെ വയലറ്റ് പരക്കുന്ന കാട്.
കാട്ടിൽ വഴിതെറ്റിയവരൊക്കെ
മരങ്ങളാകുന്നു
കരയിൽ കാണാതാകുന്ന പുഴകളൊക്കെ
കാട്ടിൽ ചതുപ്പായി പതുങ്ങുന്നു
ആ മരത്തിന്റെ വേരുകൾക്കിടയിൽ
പാർപ്പുതേടിയ
നമ്മളെ നീ ഓർക്കണം
നമുക്കു മേൽ വീശിയ കാറ്റും
നമ്മെ നനച്ചു നീന്തിയ പുഴയും
ഓർക്കണം
വേരറ്റ മരത്തിനുമേൽ
ഉയിർപടപ്പുകളായി വളർന്നത്
ഓർക്കണം
ആരോ കുഴിച്ചിടാനായി തന്ന
വിത്തുകളെ ഓർക്കണം.
കാട്ടിൽ
വഴിതെറ്റിയവർ
എല്ലാം മറന്ന് ഓർമമരങ്ങളായി
പരിണമിച്ചാണ്
ഈ കാടുണ്ടായതെന്ന്
ഓർക്കണം.
കാട്ടിൽ മാത്രം വിരിയുന്ന പൂക്കളെത്തേടി
പോയ കാലത്തിൽ
ഞാനും നീയും പറത്തിയ പൂമ്പാറ്റകളൊക്കെയും
ഇരുളിൽ മിന്നാമിനുങ്ങുകളായി
പൗർണമി തീർത്തു
പിന്നെയീ കാട്ടിൽ ആരും വഴിതെറ്റിയില്ല
നാം നമ്മിൽനാമായി മുളച്ചുപൊന്തുന്ന മരങ്ങളാൽ
നമുക്ക് നമ്മുടെ കാട് വളർത്തണം.
ആരും വഴിതെറ്റാത്ത കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.