ഒരു റിയാൽ ഖുബ്ബൂസിലെ പ്രവാസ ജീവിതം
text_fieldsഅഫ്സൽ
കയ്യങ്കോട്
ആഗ്രഹിക്കാതെ പ്രവാസിയായവരാണ് മിക്കവരും. ജീവിതപ്രാരാബ്ദങ്ങൾ കുത്തിനിറച്ച പെട്ടിയുമായി ഒരുപാട് സ്വപ്നങ്ങൾ മനസിൽ പേറി വിമാനം കയറി മരുഭൂമിയിൽ ഇറങ്ങിയവരാണ് പ്രവാസികൾ. 13 വർഷം മുമ്പ് അങ്ങനെ സൗദിയിലേക്ക് വിമാനം കയറിയ ഒരാളാണ് ഞാനും. വരുമ്പോൾ എനിക്കുണ്ടായിരുന്ന ഏക സമാധാനം ജോലിയുള്ള വിസയും കമ്പനി റൂമും ഉണ്ടായിരുന്നു എന്നതാണ്. എന്നാലും ഭക്ഷണത്തിന്റെ കാര്യത്തിൽ ആശങ്ക ബാക്കിയായിരുന്നു. ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്ത ആളായിരുന്നു ഞാൻ.
ആദ്യ കുറച്ചുദിവസം ഖുബ്സും തൈരുമായിരുന്നു കഴിച്ചിരുന്നത്. ഒരു റിയാൽ എന്ന തുച്ഛമായ പൈസക്ക് കിട്ടുന്ന ഖുബ്സ് കൊണ്ട് പ്രാതലും അത്താഴവും സമ്പന്നമാക്കുന്നവരാണ് പ്രവാസികൾ. പല പ്രവാസികളുടെയും കിടക്കുന്ന തലയണയുടെ അടിയിൽ ഖുബ്സ് ഉണ്ടാവും. അതാവുേമ്പാൾ കറികൾ ഒന്നുമില്ലെങ്കിലും പച്ചവെള്ളത്തിൽ അൽപം ഉപ്പും ഇട്ട് മുക്കി തിന്നാം. പ്രവാസത്തിൽ ഒടുക്കത്തെ രുചിയാണ് ഖുബ്സിന്. അതിന്റെ രുചി നുണയുന്നവരിൽ പണക്കാരനോ പാവപ്പെട്ടവനോ എന്നില്ല.
കബ്സയും മന്തിയും കിട്ടാത്തത് കൊണ്ടല്ല. ഭക്ഷണം പോലും ചുരുക്കി കൈയ്യിൽ കിട്ടുന്ന പണം ഉറുമ്പ് അരിമണി ശേഖരിച്ച് വെക്കുന്നത് പോലെ ശേഖരിച്ച് കുടുംബത്തിലേക്ക് അയച്ച് കൊടുത്തും വീട് വെക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മാറ്റിവെച്ചും ജീവിക്കാൻ പഠിച്ചവരാണ് പ്രവാസികൾ. ഏറ്റവും കൂടുതൽ ധര്മ്മിഷ്ടരും പ്രവാസികളാണ്. മാസത്തിലെ 30 ദിവസം ജോലി ചെയ്ത് ശമ്പളത്തിൽനിന്ന് വളരെ തുച്ഛമായത് മാത്രം എടുത്ത് ബാക്കി മുഴുവനും നാട്ടിലേക്ക് അയച്ച് കുടുംബത്തെ സന്തോഷിപ്പിച്ച് വീണ്ടും ജോലിയിലേക്ക് കടക്കുന്ന പ്രവാസികളാണ് അധികപേരും. സ്വന്തം വീട്ടിലുള്ളവര് പോലും പ്രവാസിയുടെ കഷ്ടപ്പാടുകള് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.
ഒരിക്കൽ റിയാദിൽ ഒരു സുഹൃത്തിനൊപ്പം അയാളുടെ സുഹൃത്തിനെ കാണാൻ പോയി. ഉച്ചകഴിഞ്ഞ് മൂന്ന് മണി സമയത്താണ് പോയത്. ഒരു ഗല്ലിയിൽ പഴക്കം ചെന്ന ഒരു കെട്ടിടത്തിലാണ് താമസം. ചെറിയ റൂമിൽ ആറു പേരാണ് താമസിക്കുന്നത്. ഞങ്ങൾ അവിടെ എത്തി അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ നാട്ടിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും വിഡിയോ കോൾ ചെയ്തു. രണ്ട് സുഹൃത്തുക്കൾ റൂമിൽ വന്നിട്ടുണ്ട് കുറച്ചുകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുംനേരം അദ്ദേഹത്തോട് ഭാര്യ ചോദിച്ചു ഫുഡ് കഴിച്ചോ, ഇന്ന് എന്താണ് കഴിച്ചതെന്ന്? അദ്ദേഹം പറഞ്ഞു നല്ല മന്തി കഴിച്ചു എന്ന് !
ഫോൺ കട്ട് ചെയ്ത ശേഷം അദ്ദേഹം ഞങ്ങളോട് പറഞ്ഞത് കേട്ട് സത്യത്തിൽ കരച്ചിൽ വന്നു. ‘മന്തി കഴിച്ചിട്ട് മാസം രണ്ടായി. ഖുബ്സും പരിപ്പ് കറിയുമാണ് ഉച്ചക്ക് കഴിച്ചത്. നാട്ടിൽ വിളിക്കുമ്പോൾ അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ പറയുന്നത്.’ ഇതാണ് പല പ്രവാസികളുടെയും അവസ്ഥ സ്വന്തം പ്രയാസമോ ബുദ്ധിമുട്ടുകളോ നാട്ടിൽ ആരെയും അറിയിക്കില്ല. എന്നാൽ നാട്ടിൽ നടക്കുന്ന നൂറുകൂട്ടം പ്രശ്നങ്ങൾ വിളിച്ച് അറിയിക്കുകയും ചെയ്യും. ഒരു പ്രവാസി മരിച്ചാൽ പോലും നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുന്നത് പോലും പെട്ടന്നായിരിക്കില്ല.
ഇന്ന് ചെറുപ്പക്കാരായ പ്രവാസികളുടെ പെട്ടന്നുള്ള മരണനിരക്ക് ദിനംപ്രതി വർധിച്ചുവരുന്നത് ആശങ്കയോടെയാണ് കാണുന്നത്. ജീവിത ശൈലി ശരിയല്ല, ഭക്ഷണക്രമം ശരിയല്ല, വ്യായാമ കുറവ് കൊണ്ടാണ് എന്നൊക്കെയുള്ള കാരണങ്ങൾ പറയാം. അതൊന്നും തള്ളിക്കളയുന്നില്ല. എന്നാൽ അതിനപ്പുറം പ്രവാസികൾ അനുഭവിക്കുന്ന മാനസികസംഘർഷമാണ് പെട്ടന്നുള്ള മരണങ്ങൾക്ക് കാരണം. ജോലിയുടെ സ്ട്രസ് അല്ല. നാട്ടിൽനിന്ന് കൊടുക്കുന്ന മാനസിക സംഘർഷമാണ് അവരെ അലട്ടുന്നത്. അതുകൊണ്ട് തന്നെ മനസമാധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്നില്ല. ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ, ഇതൊക്കയാണ് പല പ്രവാസികളുടെയും അവസ്ഥ.
രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തെ ലീവിന് നാട്ടിലേക്ക് പോകുന്ന മിക്ക പ്രവാസിയും മടങ്ങിവരുന്നത് കടബാധ്യതയോട് കൂടിയാണ്. സ്വന്തം ലൈഫ് അവർ എൻജോയ് ചെയ്യുന്നില്ല എന്ന് തന്നെ പറയാം. പ്രവാസി ഉരുക്കുന്ന മെഴുകുതിരിയാണ്. സ്വയം ഉരുകിത്തീരുമ്പോഴും അതിന്റെ വെളിച്ചം എത്തുന്നത് കുടുംബത്തിലേക്കാണ്. ഇപ്പോൾ വേനലാണ്. സൗദിയിലെ ചൂട് 43 ഡിഗ്രി കടന്നു. വരുംദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടും.
രാവിലെ എണീറ്റ് ടാപ്പിൽനിന്ന് വെള്ളം എടുക്കുമ്പോൾ കൈ പൊള്ളുന്ന അവസ്ഥയാണ്. ഇത്രയും ചുട്ടുപൊള്ളുന്ന ചൂടിലും എ.സിയില്ലാതെ പുറത്ത് ജോലി ചെയ്യുന്ന എത്രയോ പ്രവാസികളെ കാണാം. ജീവിതത്തിലെ സ്വപ്നമായ വീട് പണി പൂർത്തിയാക്കി സ്വന്തം വീട് കൂടലിനും സ്വന്തം മക്കളുടെയും കുടുംബത്തിലെയും കല്യാണത്തിന് പോലും സന്തോഷത്തോടെ പങ്കെടുക്കാൻ കഴിയാതെ ഇരുളടഞ്ഞ റൂമിൽ കമ്പിളി മൂടിപ്പുതച്ച് ആരും കാണാതെ കരഞ്ഞുതീർക്കുന്ന എത്രയെത്ര പ്രവാസികളുണ്ട്.
ഓരോ പ്രവാസിയും ജീവിക്കുന്നത് കുടുംബത്തിന് വേണ്ടിയാണ്. എന്നും പ്രവാസിയാവണം എന്ന് ഒരു പ്രവാസിയും ആഗ്രഹിക്കുന്നില്ല. അത്യാവശ്യം എന്തെങ്കിലും ജീവിക്കാനുള്ളത് ഉണ്ടാക്കി നാട്ടിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായും സന്തോഷത്തോടെയും കഴിയണം എന്ന് ആഗ്രഹിക്കാത്ത പ്രവാസികൾ ഇല്ല. ഓരോ പ്രവാസി കുടുംബക്കാരും ചിന്തിക്കേണ്ടത് തങ്ങളുടെ പ്രിയപ്പെട്ടയാൾ നാട്ടിലേക്ക് സന്തോഷത്തോടെ മടങ്ങി തങ്ങളോടൊപ്പം കുറച്ച് കാലമെങ്കിലും ജീവിക്കണമോ? അതല്ല പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി എംബാമിങ് ചെയ്ത പെട്ടിയിൽ നിശ്ചലമായ ശരീരവുമായി എത്തണമോ എന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.