ഒരു പി.ആർ.ഒയുടെ അനുഭവ അടയാളങ്ങൾ
text_fieldsസിനിമ തുടങ്ങുന്നതിന് മുമ്പേ എത്തി സ്ക്രീനിൽ ടൈറ്റിൽ കാർഡ് കണ്ടാലേ ചിലർക്കെങ്കിലും തിയറ്ററിൽനിന്നൊരു സിനിമ കണ്ടു എന്ന സംതൃപ്തി വരൂ. ഒരു സിനിമ സംഭവിക്കുമ്പോൾ അതിനുപിന്നിൽ വിയർത്ത് പ്രവർത്തിച്ച പലരെയും ഇങ്ങനെ മാത്രമാണ് തിരിച്ചറിയുക. ഇന്ന് സമൂഹ മാധ്യമങ്ങളുടെ കാലത്ത് മറ്റു വഴികളുണ്ടെങ്കിലും ആ െടെറ്റിൽ കാർഡിൽ തന്റെ പേര് കൂടി കാണുമ്പോൾ മാത്രമാണ് അതുവരെ അയാൾ ആ സിനിമക്കുേവണ്ടി അധ്വാനിച്ചതിന്റെ കൂലി മനസ്സുകൊണ്ട് ലഭിക്കുന്നത്.
അങ്ങനെ ടൈറ്റിൽ കാർഡിൽ പലപ്പോഴും നമ്മൾ കണ്ട ഒരു പേരാണ് പി.ആർ.ഒ ദിനേശ്. അദ്ദേഹത്തിന്റെ സിനിമാനുഭവങ്ങളെ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിനിട്ട പേര് എന്തുകൊണ്ടും ആ ജോലിക്ക് അനുയോജ്യമായി –‘നമസ്കാരം, ദിനേശാണ് പി.ആർ.ഒ’. കാൽ നൂറ്റാണ്ടിലേറെ കാലം സിനിമയുടെ ഓരംചേർന്ന് നടന്ന ഒരാളുടെ സിനിമ ഓർമക്കുറിപ്പുകൾക്ക് ശരാശരി വായനക്കാരനിൽ എന്തു പ്രസക്തിയെന്ന സന്ദേഹത്തിന് കൃത്യമായ ഉത്തരം നൽകുന്നുണ്ട് ഈ ചെറു ഗ്രന്ഥത്തിൽ.
മലയാളത്തിലെ സിനിമപ്പേരുകൾ തന്റെ ഓർമക്കുറിപ്പുകളുടെ അധ്യായങ്ങൾക്ക് തലക്കെട്ടുകളാക്കുകയും ഓരോന്നിന്റെയും അന്ത്യത്തിൽ ചിന്തോദ്ദീപകങ്ങളായ ഉദ്ധരണികളും ചേർത്തുകൊണ്ട് വ്യത്യസ്ത രചനശൈലിയാണ് അദ്ദേഹം ഇതിൽ അനുവർത്തിച്ചിട്ടുള്ളത്.
ഫ്രീലാൻസ് ജേണലിസ്റ്റ് ആയിരുന്ന ഗ്രന്ഥകാരൻ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് കേരളത്തിലെ പ്രമുഖ ഒാഡിയോ കാസറ്റ് കമ്പനികളായ ജോണി സാഗരിഗ, ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്, മാരുതി കാസറ്റ്സ്, മാഗ്ന സൗണ്ട്, സൈമൺ നവോദയ, നാദ്, ഹൊറൈസൺ തുടങ്ങിയവയുടെ പി.ആർ.ഒ ആയിരുന്നു. പുസ്തകത്തിന്റെ തുടക്കത്തിൽ അദ്ദേഹം ജീവിതം പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്.
അന്ന് ചലച്ചിത്രരംഗത്ത് ഓഡിയോ കമ്പനികൾക്ക് വലിയ സ്ഥാനവും പ്രധാന്യവുമുണ്ടായിരുന്നു. ഇന്നത്തേക്കാൾ ആർഭാടമായിതന്നെ അന്ന് ഓഡിയോ ലോഞ്ച് സംഘടിപ്പിക്കുമായിരുന്നു. അതിലൂടെ ഒട്ടേറെ സിനിമക്കാരെ പരിചയപ്പെടാനും സാധിച്ചു. അവിടെനിന്നായിരുന്നു സിനിമയിലേക്കുള്ള തുടക്കം. ‘ദാദ സാഹിബ്’; ‘സർഗം’, ‘കബീർ’, മോഹൻലാൽ ചിത്രമായ ‘ഹരിഹരൻപിള്ള ഹാപ്പിയാണ്’ എന്നിവയുടെയെല്ലാം പി.ആർ.ഒ ആയി. ഒരേസമയം രണ്ട് ചിത്രങ്ങളുടെ പി.ആർ.ഒ ആയി പ്രവർത്തിക്കാൻ സാധിച്ചെന്ന് ദിനേശൻ പുസ്തകത്തിൽ ഓർക്കുന്നു.
കാവ്യാത്മകവും ലളിതവുമായ ഭാഷ ഏതൊരു വായനക്കാരനെയും ഒറ്റയിരിപ്പിൽ പുസ്തകം വായിച്ചുതീർക്കാൻ പ്രേരിപ്പിക്കും. മാതൃഭാഷയായ കൊങ്കണിയോടൊപ്പം മലയാള ഭാഷയെയും ചേർത്തുപിടിച്ച എ.എസ്. ദിനേശ് മലയാള രചനയിൽ നേടിയ കൈയടക്കം അനുഭവിച്ചറിയാൻകൂടി ഈ കൊച്ചുഗ്രന്ഥം ഇടവരുത്തുന്നു.
‘സുകൃതം’ എന്ന ആദ്യ അധ്യായത്തിൽത്തന്നെ വായനക്കാരന്റെ എല്ലാ മുൻധാരണകളെയും അപ്രസക്തമാക്കുന്ന ഉള്ളടക്കമാണ് പുസ്തകത്തിനുള്ളതെന്ന് ഗ്രന്ഥകാരൻ ബോധ്യപ്പെടുത്തുന്നു. ‘അമ്മയാണെ സത്യം’, ‘വിശ്വാസം അതല്ലേ എല്ലാം’, ‘കയ്യൊപ്പ്’, ‘മനസ്സിനക്കരെ’, ‘ദി ഗ്രേറ്റ് ഫാദർ’, ‘സന്ദേശം’, ‘സത്യമേവ ജയതേ’ എന്നീ അധ്യായങ്ങളിലൂടെ സിനിമ പി.ആർ.ഒ, ഫ്രീലാൻസ് ജേണലിസ്റ്റ് എന്നതിനേക്കാളൊക്കെ ഉപരി ക്രാന്തദർശിയായ, മനുഷ്യസ്നേഹിയായ ഒരു എഴുത്തുകാരന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാൻ എ.എസ്. ദിനേശിന് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.