എഴുത്തച്ഛന്റെ രാമായണം മഹത്തായ രചന –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: മലയാളഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് മഹത്തായ രചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർക്കടക മാസത്തിലെ രാമായണ പാരായണം ഒരർഥത്തിൽ മലയാളിയുടെ വായന സംസ്കാരത്തിന്റെ അടയാളമാണെന്ന് പി. വത്സലക്ക് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ച് പിണറായി വിജയൻ പറഞ്ഞു.
പലതരം രാമായണകൃതികളെ മനസ്സിലാക്കാനുള്ള വാതിലാകണം എഴുത്തച്ഛന്റെ രാമായണം വായിക്കുന്നതിലൂടെ തുറന്നിടേണ്ടത്. അടിസ്ഥാന വർഗത്തിന് വേണ്ടിയാണ് എഴുത്തച്ഛൻ എഴുതിയത്. 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാംമായുസ്സുമോർക്ക നീ' എന്ന് അദ്ദേഹം എഴുതിയത് അന്നത്തെ വരേണ്യ വർഗത്തെ ഉദ്ദേശിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ണും മനസ്സും മനുഷ്യരുമായി എന്നും ചേർന്നുനിന്നതാണ് പി. വത്സലയുടെ കൃതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ ആദിവാസികളുടെയും സ്ത്രീകളുടെയും ദുരിതങ്ങൾ അവർ 50 വർഷം മുമ്പ് തന്നെ പുറത്തുകൊണ്ടുവന്നു. പരിസ്ഥിതിയുടെ നന്മക്കുവേണ്ടിയും വത്സല പ്രവർത്തിച്ചെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വായനയിലേക്ക് കൈപിടിച്ചുയർത്തിയവർക്കും പ്രോത്സാഹിപ്പിച്ചവർക്കും എഴുത്തിന് പിന്തുണയേകിയവർക്കും നന്ദിപറയുന്നതായി മറുപടി പ്രസംഗത്തിൽ പി. വത്സല പറഞ്ഞു. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം അതിയായ സന്തോഷത്തോടെയും ആദരവോടെയും സ്വീകരിക്കുന്നുവെന്നും വത്സല പറഞ്ഞു.
സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ആദരഭാഷണം നടത്തി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രശസ്തിപത്രം വായിച്ചു.
മേയർ ബീന ഫിലിപ്പ്, പി. വത്സലയുടെ ഭർത്താവ് അപ്പുക്കുട്ടി, മകൾ മിനി എന്നിവരും പങ്കെടുത്തു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.