രേഖയുടെ ഫേസ്ബുക്ക് കഥകൾ 600ലേക്ക്
text_fieldsചെറുതോണി: ഫേസ്ബുക്കിൽ ഒരു ദിവസംപോലും മുടങ്ങാതെ തുടർച്ചയായി 500ലധികം കഥകളെഴുതിയ രേഖ വെള്ളത്തൂവൽ എഴുത്ത് തുടരുകയാണ്. എഴുതിയെഴുതി ഗിന്നസ് റെക്കോഡിലേക്ക് എത്താനൊരുങ്ങുന്ന രേഖയുടെ 600ാമത്തെ കഥയും ഉടൻ പൂർത്തിയാകും. ഫേസ്ബുക്കിൽ 2020 മേയ് നാലിന് ആരംഭിച്ച കഥയെഴുത്ത് ഒരുദിവസം പോലും മുടങ്ങിയിട്ടില്ല.
രേഖ വെള്ളത്തൂവൽ എന്ന പേര് കേൾക്കുമ്പോൾ സ്ത്രീയാണെന്ന് തോന്നുമെങ്കിലും യഥാർഥ പേര് കെ.കെ. രാമചന്ദ്രൻ എന്നാണ്. സ്പെഷൽ ബ്രാഞ്ചിൽ ആലുവയിൽ സബ് ഇൻസ്പെക്ടറായിരിക്കെ 2010ൽ സ്വയം വിരമിച്ച് കഥകളുടെയും കാർട്ടൂണുകളുടെയും ലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 37 വർഷം കാക്കിയണിഞ്ഞ താൻ ഇതുവരെ എഴുതിയതെല്ലാം സ്വന്തം അനുഭവത്തിെൻറ വെളിച്ചത്തിലാണെന്ന് രേഖ പറയുന്നു. ഇടുക്കി പൊലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കുമ്പോൾ പുകവലിക്കെതിരെ കാർട്ടൂൺ വരച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ അയൽക്കൂട്ടമൊക്കെ ഉണ്ടാകുന്നതിന് 40 വർഷം മുമ്പ് അടിമാലി ഇരുന്നേക്കറിൽ അയൽവാസികളായ 13 കുടുംബങ്ങളെ കോർത്തിണക്കി ആരംഭിച്ച സ്നേഹദ്വീപ് പിൽക്കാലത്ത് അയൽക്കൂട്ടങ്ങൾക്ക് മാതൃകയായി.
കോവിഡ് കാലത്ത് വെറുതെ ആരംഭിച്ചതാണെങ്കിലും ഫേസ്ബുക്കിൽ തുടർച്ചയായി കഥകൾ വരാൻ തുടങ്ങിയതോടെ പ്രോത്സാഹനം കിട്ടിയത് പ്രചോദനമായി. കഥയെഴുത്തിന് യൂനിവേഴ്സൽ റെേക്കാഡ് ഫോറത്തിെൻറ പുരസ്കാരം ലഭിച്ചിരുന്നു. ഈ തിരക്കിനിടയിലും ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഉയരം' എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്. വീട്ടമ്മയായ ശോഭയാണ് ഭാര്യ. മകൻ മമ്മാസ് 'പാപ്പി അപ്പച്ച' ഉൾപ്പെടെ മൂന്ന് സിനിമകളുടെ സംവിധായകനാണ്. ചിന്നു, അഭിജിത്ത് എന്നിവരാണ് മറ്റ് മക്കൾ. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് സഹോദരി പുത്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.