സുഗതകുമാരിക്ക് വിട; ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്ക്കാരം നടന്നു
text_fieldsതിരുവനന്തപുരം: അന്തരിച്ച മഹാകവിയിത്രി സുഗതകുമാരിയുടെ സംസ്ക്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ ഒദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഭൗതികശരീരം ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിക്കുകകയായിരുന്നു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്ക്കാരം നടന്നത്.
ചടങ്ങിൽ സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ പങ്കെടുത്തത്. മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാമ്പിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരേയും ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല.
ഔദ്യോഗിക ബഹുമതികളൊന്നും പാടില്ലെന്ന സുഗതകുമാരി ടീച്ചർ പറഞ്ഞിരുന്നെങ്കിലും അർഹമായ യാത്രയയപ്പ് നൽകണമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് കൗറും സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇരുവരും പി.പി.ഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്.
ഉച്ചക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾ പുഷ്പാഞ്ജലി അർപ്പിച്ചു. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടായിരുന്നു.
കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ 10.52ഓടെയായിരുന്നു സുഗതകുമാരിയുടെ അന്ത്യം. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിരുന്നു.
കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ ആണ് പിതാവ്. മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടി. സൈലൻറ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ്. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു.
തിരുവനന്തപുരം ജവഹർ ബാലഭവെൻറ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്റർ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിശ്രമിച്ചു.
സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009ൽ അർഹയായി. 2006ൽ രാഷ്്ട്രം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.