വിടചൊല്ലിയത് 'അർവി' ഭാഷക്കായി പൊരുതിയ പണ്ഡിതൻ
text_fieldsകാഞ്ഞങ്ങാട്: കഴിഞ്ഞദിവസം വിടവാങ്ങിയ ഡോ. കീളക്കര തൈക്ക ശുഹൈബ് ആലം അൽ ഖാദിരി 'അർവി' ഭാഷക്കുവേണ്ടി നിലകൊണ്ട ഇസ്ലാമികപണ്ഡിതനായിരുന്നു. കീളക്കര സ്വദഖതുല്ലാഹിൽ ഖാഹിരിയുടെ പൗത്രനാണ്. കാഞ്ഞങ്ങാട് കൊവ്വൽപള്ളി കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവർത്തിച്ചിരുന്നത്.
പിതാമഹന്മാർ സ്ഥാപിച്ച അറൂസിയ്യ മദ്റസയിൽ തന്നെ പിതാവിന് കീഴിൽ പഠനമാരംഭിച്ച അദ്ദേഹം പിന്നീട് മദ്റസ ബാഖിയാത്തുസ്വാലിഹാത്തിലും ജമാലിയ അറബിക് കോളജിലും ദാറുൽ ഉലൂം ദയൂബന്ദിലും ഡൽഹി ജാമിഅഃ മില്ലിയ്യ ഇസ്‌ലാമിയയിലുമായി പഠനം പൂർത്തിയാക്കി.
ഉന്നതവിദ്യാഭ്യാസത്തിനായി അൽ അസ്ഹറിലും മദീന യൂനിവേഴ്‌സിറ്റിയിലും പോയ അദ്ദേഹം അറബി, പേർഷ്യൻ ഭാഷകളിൽ ബിരുദാനന്തര ബിരുദം നേടിയത് ശ്രീലങ്കയിൽ നിന്നായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മുസ്ലിംകൾ ഇപ്പോഴും ഉപയോഗിച്ചുപോരുന്ന അറബി-തമിഴ് ലിപിയായ 'അർവി' ഭാഷയെക്കുറിച്ചും വിഖ്യാതരായ അർവികളെ കുറിച്ചുമുള്ള നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് അദ്ദേഹം അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്. ബിരുദപഠനകാലത്ത് തന്നെ മദ്റസ അറൂസിയ്യയിൽ ദർസ് തുടങ്ങിയ അദ്ദേഹത്തിന് ആയിരക്കണക്കിന് പണ്ഡിതരെ വാർത്തെടുക്കാനായി.
തമിഴും മലയാളവും എഴുതാനും വായിക്കാനും തങ്ങളുടെ വ്യവഹാരഭാഷയുമായി അതിനെ ചേര്‍ത്ത് സ്വന്തമായ എഴുത്തും ലിപിയും ആവിഷ്‌കരിക്കാനും കേരളത്തിലെന്നപോലെ തമിഴകത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അറബി-മലയാളംപോലെയുള്ള ആ എഴുത്ത് അറിയപ്പെട്ടത് 'അര്‍വി' എന്നാണ്. കേവലമായി അറബിലിപിയില്‍ തമിഴ് എഴുതുക മാത്രല്ല, ഒട്ടേറെ ഗ്രന്ഥങ്ങളും കാവ്യങ്ങളും ആ ലിപി ഉപയോഗിച്ച് തമിഴ്ഭാഷയിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തു.
നല്ലൊരു ഗ്രന്ഥകാരനും അർവിയുടെ പ്രചാരകനുമായിരുന്നു ശൈഖ് ശുഐബ്. ഫിഖ്ഹ് നിയമങ്ങളെക്കുറിച്ച് അർവിയിൽ അദ്ദേഹം ആദ്യമായി രചിച്ച ഗ്രന്ഥമായ 'നിത്യ കദൻ' പ്രസിദ്ധീകരിച്ചത് 17ാം വയസ്സിലായിരുന്നു.
തമിഴ്, ഇംഗ്ലീഷ്, അർവി ഭാഷകളിലായി ഒരുപാട് ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം നൂറുകണക്കിന് പഴയ കൈയെഴുത്ത് ഗ്രന്ഥങ്ങളുടെ സംരക്ഷകൻകൂടിയാണ്. ദീർഘകാലത്തെ ഗവേഷണത്തിനാണ് അമേരിക്കയിലെ കൊളംബിയ സർവകശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്. അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമ ആയിരുന്നു അതിൻെറ ആദ്യകോപ്പി വാങ്ങി പ്രകാശനം ചെയ്തത്.
വിവിധ രാജ്യങ്ങളിൽ ഈ ഗ്രന്ഥം സ്വീകരിക്കപ്പെട്ടു. അദ്ദേഹത്തിൻെറ ഭാഷാഗവേഷണ രംഗത്തെ സേവനങ്ങളെ മുൻനിർത്തി 1994ൽ രാഷ്ട്രപതി ശങ്കർ ദയാൽശർമ വ്യതിരിക്തനായ അറബിപണ്ഡിതനുള്ള ദേശീയ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.