ഒടുവിൽ സർക്കാർ പരിഗണിച്ചു; കഥയുടെ കേസരിയെ
text_fieldsപയ്യന്നൂർ: പുരോഗമനത്തിെൻറ വിത്തിട്ട് പാകപ്പെടുത്തിയ ആദ്യ മലയാളകഥ കൈരളിക്ക് സമ്മാനിച്ച കഥയുടെ കാരണവരെ ഒടുവിൽ സർക്കാർ പരിഗണിച്ചു. പാണപ്പുഴയിൽ മ്യൂസിയം സ്ഥാപിക്കാൻ ബജറ്റിൽ 10 ലക്ഷം രൂപ അനുവദിച്ചതാണ് കഥയുടെ പിതാവിനുള്ള അംഗീകാരമായത്. കേസരിയുടെ ഓർമകൾക്ക് 106 വയസ്സ് പിന്നിടുമ്പോഴാണ് കഥപിറന്ന നാട്ടിൽ സ്മാരകമുയരുന്നത്.
മലയാള സാഹിത്യം അത്രയൊന്നും പരിഗണിക്കാത്ത കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ആദ്യ ചെറുകഥാകൃത്തിെൻറ ഒരു ഓർമദിനം കഴിഞ്ഞ നവംബർ 14ന് അധികമാരുമറിയാതെയാണ് കടന്നുപോയത്. എഴുതുമ്പോൾ നായനാരെപ്പോലെ എഴുതാൻ സാധിക്കണമെന്ന ഒ. ചന്തുമേനോെൻറ വാക്കുകൾ മാത്രം മതി 'വാസനാവികൃതി'യെഴുതി മലയാള ചെറുകഥ സാഹിത്യത്തിന് വിത്തിട്ട കേസരിയുടെ ഭാഷാവാസനയുടെ ആഴമറിയാൻ. യാഥാസ്ഥിതിക ജന്മി നാടുവാഴി കുടുംബത്തിൽ ജനിച്ചിട്ടും എഴുത്തിലും വാക്കിലും പ്രവൃത്തിയിലും പുരോഗമനത്തിെൻറ വിത്തിട്ടതാണ് കേസരിയെ വേറിട്ടുനിർത്തുന്നത്. സ്വന്തം സമുദായത്തെ തന്നെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.
മൂന്ന് വർഷം മുമ്പാണ് മാതമംഗലം പാണപ്പുഴയിലെ, ആദ്യകഥ പിറന്നുവിളഞ്ഞ വീട് ഓർമയായത്. സ്മാരകമായി നിലനിർത്തണമെന്ന ആവശ്യം അവഗണിച്ചായിരുന്നു പൊളിച്ചുമാറ്റൽ.
ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെയും ഭരണതലത്തിലെ വിവേചനത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ ഓരോ കഥകളും. കഥകളിലൂടെ സാമൂഹിക പക്ഷത്ത് നിലയുറപ്പിച്ച കേസരി, നാട്ടിൽ സ്ത്രീവിദ്യാഭ്യാസത്തിനായി വാദിച്ചു. ജന്മിമാരുടെ പ്രതിനിധിയായാണ് മദിരാശി നിയമസഭയിലെത്തിയതെങ്കിലും സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടു. കണ്ണൂരിലേക്ക് റെയിൽ വേണമെന്ന് ആദ്യം പറഞ്ഞതും ഇദ്ദേഹമായിരുന്നു.
വില്യം ലോഗനുമായുണ്ടായ പരിചയം നായനാരെ കൃഷി ശാസ്ത്രജ്ഞനാക്കി. നാട്ടിൽ ആദ്യമായി ശാസ്ത്രീയ കൃഷി പരീക്ഷിച്ച് വിജയിപ്പിച്ചതും കേസരിയായിരുന്നു. ആദ്യ ശാസ്ത്ര കഥയായ 'ദ്വാരക' എഴുതിയതും കേസരിയായിരുന്നു.
വാസനാവികൃതി, ദ്വാരക, പരമാർഥം മേനോക്കിയെ കൊന്നതാര്?, ഞാൻ ആദ്യം മദിരാശിക്ക് പോയത്, ഒരു പൊട്ട ഭാഗ്യം തുടങ്ങി നിരവധി കഥകൾ രചിച്ച അദ്ദേഹം വിമർശക സാഹിത്യത്തിലും കൈവെച്ചു.
ഒടുവിൽ കഥയുടെ ക്ലൈമാക്സ് പോലെ തന്നെയായിരുന്നു അന്ത്യവും. 1914 നവംബർ 14ന് മദിരാശി നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.