നാടകവേദിയിൽ പ്രതീക്ഷയുടെ പുതുസീസൺ: 50 നാടക സംഘങ്ങൾക്ക് നാലുലക്ഷം രൂപയുടെ ധനസഹായം
text_fieldsതൃശൂർ: രണ്ടരവർഷത്തെ കോവിഡ് ദുരിതകാലത്തിനുശേഷം നാടക സംഘങ്ങൾക്ക് ഉണർവും ആവേശവുമായി പുതുസീസൺ. കേരള നാടക അക്കാദമിയുടെ ധനസഹായത്തോടെയുള്ള പ്രഫഷനൽ നാടകോത്സവത്തിന് അപേക്ഷിച്ചത് 114 നാടക സംഘങ്ങൾ. ഇവരിൽനിന്ന് തെരഞ്ഞെടുത്ത 50 നാടകങ്ങൾക്ക് നാലുലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം നൽകും. പത്തും പതിനഞ്ചും വർഷം പ്രവർത്തിക്കാതിരുന്ന നാടക സംഘങ്ങൾ പോലും ഉണർത്തെഴുന്നേറ്റ് നാടക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
സാധാരണ 40ഓളം നാടക സംഘങ്ങൾക്ക് മാത്രമേ സംസ്ഥാനത്ത് നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടാറുള്ളൂ. കുറച്ചുകാലങ്ങളായി നാടക സംഘങ്ങൾ കുറഞ്ഞുവരുന്നുമുണ്ട്. ഇതിനിടയിലാണ് നാടക അക്കാദമിയുടെ ധനസഹായ പ്രഖ്യാപനമെത്തിയത്. ഇത് കുറച്ചുപേർക്ക് ആശ്വാസമായെങ്കിലും പ്രഖ്യാപനത്തിലുപരിയായി പല നാടകസംഘങ്ങളും നാടകാവതരണങ്ങൾ തുടങ്ങിയതായി അറിയിപ്പ് നൽകിയിട്ടില്ലെന്ന് നാടക ബുക്കിങ് ഓർഗനൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ ഗുരുവായൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
തൃശൂർ ടാസ് നാടകോത്സവത്തോടെയാണ് മധ്യകേരളത്തിലെ നാടക സീസൺ തുടങ്ങുക. വല്ലച്ചിറ, കടവന്ത്ര, പെരുമ്പാവൂർ എന്നിവടങ്ങളിലെ നാടകോത്സവങ്ങൾ പിന്നാലെയെത്തും. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, സാംസ്കാരിക സമിതികൾ, വാർഷികങ്ങൾ തുടങ്ങിയ അവസരങ്ങളുടെ സീസണാണ് നാടകസംഘങ്ങൾക്ക് മുന്നിലുള്ളത്. പഞ്ഞമാസത്തിനുശേഷമുള്ള സീസൺ നാടകസംഘങ്ങളിൽ ആവേശമുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടകം മരിക്കുന്നുവെന്ന പെതുപറച്ചിലിന് പിറകെയായിരുന്നു കോവിഡ് കാലം തിരിച്ചടിയായി എത്തിയത്. രണ്ടരവർഷം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട നാടകപ്രവർത്തകർ മറ്റുപല മേഖലകളിലേക്കും തിരിഞ്ഞു. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും വിതരണക്കാരുമാണ് ദുരിതത്തിലായത്. ഇപ്പോഴും സംഘമിത്ര, തരംഗം, ചങ്ങനാശ്ശേരി ഗീത, കലിംഗ, സ്റ്റേജ് ഇന്ത്യ, കോട്ടയം നാഷനൽ തിയറ്റേഴ്സ്, സൂര്യസോമ, അതുൽ, അഹല്യ, മലയാള നാടകവേദി തുടങ്ങിയ പ്രശസ്തരായ പല നാടക സംഘങ്ങളും പുതിയ നാടക പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് നാടക വിതരണക്കാരും ബുക്കിങ് ഏജന്റുമാരും പറയുന്നു. അതേസമയം, ആദ്യകാല നാടക സംഘങ്ങളായ തിരുവനന്തപുരത്തെ കേരള തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്രം എന്നിവ പുതുനാടകങ്ങളുമായി ഇപ്പോഴും സജീവമാണ്.
ഏകദേശം10-15 ലക്ഷം രൂപയാണ് ഒരു പ്രഫഷനൽ നാടകത്തിന് വരുന്ന കുറഞ്ഞ ചെലവ്. 40,000-45,000 രൂപയാണ് ഒരു നാടകാവതരണത്തിന് ഈടാക്കുന്നത്. കോവിഡിന് മുമ്പുള്ള നിരക്കിൽനിന്ന് അൽപം വർധിച്ചിട്ടുണ്ട്. പക്ഷേ, ഒരുദിവസം രണ്ടോ മൂന്നോ അവതരണങ്ങൾ നടത്തിവന്നിരുന്ന സംഘങ്ങൾക്ക് മൈക്ക് അനുവാദത്തിന്റെ പേരിൽ ഒരു അവതരണം നടത്താൻ മാത്രമേ കഴിയുന്നുള്ളൂ. നാടക എഴുത്തുകാരുടെ കുറവും പ്രഫഷനൽ നാടകങ്ങളെ ബാധിക്കുന്നുണ്ട്.
'ധനസഹായ അപേക്ഷ: പ്രതികരണം അമ്പരപ്പിച്ചു'
തൃശൂർ: സംസ്ഥാന സർക്കാറിന്റെ പ്രഫഷനൽ നാടക സംഘങ്ങൾക്കുള്ള ധനസഹായ അപേക്ഷക്കുള്ള പ്രതികരണങ്ങൾ അമ്പരപ്പിച്ചുവെന്ന് പ്രശസ്ത മലയാള നാടകകൃത്തും കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ ഫ്രാൻസിസ് ടി. മാവേലിക്കര. 114 നാടക സംഘങ്ങളാണ് അപേക്ഷിച്ചത്. ഇത്രയും അപേക്ഷ ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാവർക്കും നാലുലക്ഷം രൂപ ധനസഹായം നൽകാനാവാത്തതിനാൽനിന്ന് തെരഞ്ഞെടുത്ത 50 പേർക്ക് നൽകുകയായിരുന്നു. ഇത്രയും ബ്രഹത്തായ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.