കവിതയുടെ പൂമരപ്പെയ്ത്ത്
text_fields‘പെൺമരങ്ങൾക്ക് ഹൃദയമുണ്ടാവില്ലെന്ന നുണകളുടെ നേര് പിടിച്ചാണ് ആകാശം തൊടുന്ന പൂക്കളെയെല്ലാം വെട്ടിനിരത്തിയത്...’
ഇത് റസീന. കെ.പി, കോഴിക്കോട് ജില്ലയിലെ പാലാഴി സ്വദേശി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ മലയാളം അധ്യാപിക. കോഴിക്കോട് ഫാറൂഖ് കോളജിന്റെ വിശാലമായ ലൈബ്രറിയിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോൾ ഒട്ടും കരുതിയിരുന്നില്ല, അവർ കവിത എഴുത്തിന്റെ സ്വപ്ന ലോകത്തേക്ക് എത്തിപ്പെടുമെന്ന്. കൊമേഴ്സ് പഠിക്കാൻ കോളജിലെത്തിയ റസീന മലയാളം അധ്യാപികയായത് ലൈബ്രറിയിൽ നിന്നും വായിച്ചു തീർത്ത മലയാള സാഹിത്യങ്ങളുടെ പിൻബലം കൊണ്ടുതന്നെ. വിശാലമായ വായനയിൽ നിന്നും ലഭിച്ച രസകൂട്ടുകൾ ഡയറിത്താളുകളിൽ കോറിയിട്ട്, കോറിയിട്ട് സ്വയം വായിച്ച് നിർവൃതിയടയവേ വിവാഹാനന്തരം പ്രവാസലോകത്തേക്ക് പറിച്ചുനടപ്പെട്ടു.
കവിയരങ്ങുകളും ശിൽപശാലകളും ഷാർജ ബുക്ക് ഫെയർ സന്ദർശനങ്ങളുമൊക്കെ റസീനയിൽ കവിതയുടെ പുതുനാമ്പുകളുണർത്തി. പ്രവാസ ലോകം കലാകാരൻമാർക്കും സാഹിത്യാഭിരുചിയുള്ളവർക്കുമൊക്കെ അവസരങ്ങളുടെ ചക്രവാളങ്ങൾ തന്നെ തുറന്നിടുന്നുവെന്ന തിരിച്ചറിവിൽ റസീന എഴുത്തു തുടങ്ങി. 2014 ലാണ് റസീന യു.എഇയിലെത്തിയത്. 2018 ൽ ‘പെൺതുമ്പി’ എന്ന പേരിൽ നാൽപത് കവിതകൾ ഉൾക്കൊള്ളിച്ച് ആദ്യ കവിതാസമാഹാരം പുറത്തിറക്കി. തൊട്ടടുത്ത വർഷം 2019 ലും നാൽപത് കവിതകൾ എഴുതി ‘പരാജിതരുടെ ആകാശം’ എന്ന പേരിൽ രണ്ടാമത് കവിതാ സമാഹാരം പുറത്തിറക്കി.
പിന്നീട് 2022 ലാണ് റസീന തന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ ‘ആകാശം തൊടുന്ന പൂമരങ്ങൾ’ പുറത്തിറക്കുന്നത്. 65 കവിതകൾ ഉൾക്കൊള്ളുന്ന ഈ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് അടുത്ത മാസം പുറത്തിറങ്ങുകയാണ്. ആദ്യകാലത്ത് പ്രകൃതിയും പൂക്കളുമൊക്കെയാണ് കവിതകളിൽ കടന്നുവന്നതെങ്കിൽ പിന്നീട് രാജ്യവും രാഷ്ട്രീയവും സ്ത്രീകൾക്ക് നേരെയുള്ള അവഗണനകളും പീഢനങ്ങളുമൊക്കെയായി തീക്ഷ്ണമായി കവിതയിലൂടെ പ്രതികരിക്കുന്ന ഒരാളായി റസീന മാറുകയായിരുന്നു.
റസീന എഴുതി: ‘വീടിനോട് പിണങ്ങിയിറങ്ങുന്ന അടുക്കളയെ ഒരിക്കലും തടഞ്ഞേക്കരുത്, സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ലേയെന്ന് ചോദിച്ചാൽ ഉത്തരം കൊടുക്കേണ്ടി വരും. താൻ പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും സഹ അധ്യാപകരിൽ നിന്നും പ്രവാസി സുഹൃത്തുക്കളിൽ നിന്നുമൊക്കെ ലഭിക്കുന്ന നിറഞ്ഞ പിന്തുണ റസീന നന്ദിയോട് സ്മരിക്കുന്നു. ഇവരൊക്കെയാണ് നിരന്തരം എഴുതാൻ റസീനയ്ക്ക് പ്രചോദനമേകുന്നത്. പ്രവാസലോകത്ത് നിന്ന് നിരവധി അംഗീകാരങ്ങൾ ഇതിനകം റസീനയെ തേടിവന്നിട്ടുണ്ട്.
കാവ്യഭാരതി പുരസ്കാരം, പാം അക്ഷരതൂലിക കവിതാപുരസ്കാരം, അസ്മോ പുത്തൻചിറ കവിതാപുരസ്കാരം, കലാലയം സംസ്ക്കാരിക വേദി കവിതാപുരസ്കാരം, അക്ഷരക്കൂട്ടം കവിതാപുരസ്കാരം, ശബാബ് റീഡേഴ്സ് ഫോറം യു.എ.ഇ നടത്തിയ കവിതാരചനയിൽ ഒന്നാം സ്ഥാനം, പ്രവാസി ഇന്ത്യ യു.എ.ഇ നടത്തിയ കവിതാരചനയിൽ ഒന്നാം സ്ഥാനം, യു.ഐ.സി അബൂദബി നടത്തിയ കവിതാരചനയിൽ ഒന്നാം സ്ഥാനം. കൂടാതെ മലയാളത്തിലെ മൂന്ന് ആൽബങ്ങൾക്ക് ഗാനരചനയും റസീന നിർവഹിച്ചിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന റസീനയുടെ ഭർത്താവ് ഹസ്സൻ. മക്കൾ: അജ്മൽ ഫാരിസ്, ഫാത്വിമ ഹന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.