നോവലിസ്റ്റിന് സ്മാരകമൊരുക്കി ഭാര്യ
text_fieldsകൊല്ലങ്കോട്: നോവലിസ്റ്റായ ഭർത്താവിന്റെ ഓർമകൾ നിലനിർത്താൻ സ്മാരകമൊരുക്കി ഭാര്യ. നിരവധി നോവലുകൾ, ചെറുകഥകൾ എന്നിവ രചിച്ച കൊല്ലങ്കോട് പഴയങ്ങാടി സ്വദേശി മനോജിനാണ് ഭാര്യ ഡോ. സുഖലത വീടിനടുത്ത് സ്മാരകമൊരുക്കിയത്. കൊല്ലങ്കോട് പോസ്റ്റാഫിസിന് സമീപത്തെ സ്വവസതിയായ ‘ഗയ’യിൽ തന്നെയാണ് മനോജ് മണ്ഡപം പണിതുയർത്തിയത്.
മുഖ്യധാരയിൽനിന്ന് വിട്ടുമാറി സമാന്തര പാതയിലൂടെ സഞ്ചരിച്ച എഴുത്തുകാരനായ മനോജിന്റെ കൃതികൾക്ക് അർഹിക്കുന്ന പ്രാധാന്യമോ വായനയോ ലഭിച്ചിരുന്നില്ല. മനോജിന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം അപ്രകാശിത കൃതികളുടെ പ്രകാശനവും നിലവിൽ ലഭ്യമല്ലാത്തവയുടെ പുനർ മുദ്രണവും ലക്ഷ്യമാക്കാനാണ് ശ്രമമെന്ന് പി.കെ.ഡി.യു.പി സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക കൂടിയായ ഡോ. സുഖലത പറഞ്ഞു.
എഴുത്തിന്റെ വേറിട്ട വഴികളിലൂടെയായിരുന്നു എന്നും മനോജ് സഞ്ചരിച്ചത്. മിന്നാമിനുങ്ങുകൾ മെ ഴുകുതിരികൾ എന്ന ആദ്യ നോവലിന് തന്നെ ദേശാഭിമാനി ഡി സർക്കിൾ അവാർഡ് ലഭിച്ചു. ജോലിയാവശ്യത്തിന് ഗുജറാത്തിൽ പോയെങ്കിലും തിരിച്ചുവന്ന് എഴുത്തിൽ മുഴുകി. ഇക്കാലത്ത് തന്നെ തികച്ചും വ്യത്യസ്തവും ആഴവുമുള്ള കാട്ടാളൻ, കാലാവധി, ശവസംസ്കാരം, വേദാരണ്യം, സത്യവാഗീശ്വരൻ, ദേഹവിയോഗം തുടങ്ങി പതിനഞ്ചോളം നോവലുകൾ പൂർത്തിയാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാലക്കാടിന്റെ ഭാഷയിൽ 30 വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ സുഖവാസികളുടെ ലോകം എന്ന നോവൽ. 2007 മുതൽ കോവിഡ് കാലം വരെയും വാക്കറിവ് എന്ന ലിറ്റിൽ മാഗസിന്റെ പത്രാധിപരായി രുന്നു.
അമ്പതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യത്തോടു കൂടിയ ഗ്രാനൈറ്റിൽ നിർമിച്ച സ്മൃതി മണ്ഡപം ഒക്ടോബർ എട്ടിന് രാവിലെ തുറന്നുകൊടുക്കും. മനോജിന്റെ അവസാന നോവലായ ചിതയൊരുക്കത്തിന്റെ പ്രകാശനവും നടക്കും. രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, സാഹിത്യകാരൻ വൈശാഖൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.