ജീവിക്കാൻ മറന്ന് മനുഷ്യൻ യന്ത്രസമാനമാകുന്നു -മെഹന്ദി ഫെരജ്പൂർ
text_fieldsതൃശൂർ: പുതുയുഗത്തിൽ മനുഷ്യൻ ജീവിക്കാൻ മറന്ന് യന്ത്രങ്ങളാകുകയാണെന്ന് പ്രശസ്ത നാടക സംവിധായകൻ മെഹന്ദി ഫെരജ്പൂർ. വ്യക്തിത്വം നഷ്ടപ്പെട്ട ജീവിയായി ജീവിത നൈരന്തര്യങ്ങളിൽ കുടുങ്ങിപ്പോകുന്നു. ആരൊക്കെയോ നിയന്ത്രിക്കുന്ന കളിയുടെ ഭാഗമാകും അവർ. വികാരങ്ങൾ നഷ്ടപ്പെട്ട മനുഷ്യൻ വെറും മനുഷ്യശരീരം മാത്രമാകുന്നു -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയതായിരുന്നു അദ്ദേഹം.
കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ കൃതിയുടെ സ്വതന്ത്രാവിഷ്കാരമാണ് മെഹന്ദി ഇറ്റ്ഫോക്കിൽ അവതരിപ്പിച്ച ‘കാഫ്ക’ നാടകം. “ഇതൊരു പരീക്ഷണ നാടകമാണ്. സമകാലിക യാഥാർഥ്യങ്ങളെ വിഷയമാക്കുന്ന ഒന്ന്. മനുഷ്യൻ യന്ത്രസമാനമാകുമ്പോൾ അവന് അനുഭവപ്പെടുന്ന മാന്ദ്യം വ്യവസ്ഥിതിയുടെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നു. വൈകാതെ അവൻ സമൂഹത്തിൽനിന്ന് പുറത്താകും. ഇതാണ് നാടകത്തിന്റെ പശ്ചാത്തലം. എന്റെ നാടകത്തെ ഒരു പ്രത്യേക കള്ളിയിൽ ഒതുക്കാനാവില്ല” -അദ്ദേഹം പറഞ്ഞു.
ഇറാൻ ഭരണകൂടം ആവിഷ്കാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് കലാപ്രവർത്തനത്തെ ബാധിക്കുമെന്നറിഞ്ഞ് ഇറാൻ സ്വദേശിയായ മെഹന്ദി 15 വർഷം മുമ്പാണ് ഫ്രാൻസിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.