പ്രതി ഡി.സി ബുക്സ് മുൻ എഡിറ്റർ ശ്രീകുമാർ മാത്രം, ഇ.പി ജയരാജന്‍റെ ആത്മകഥാ വിവാദത്തിൽ കുററപത്രം സമർപ്പിച്ചു
text_fieldsകോട്ടയം: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രസിദ്ധീകരിക്കാനുദ്ദേശിച്ച ആത്മകഥ വിവാദ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഡി.സി ബുക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
വ്യാജ രേഖ ചമക്കൽ, ഐ.ടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പുസ്തകത്തിന്‍റെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാന്‍റെ പരാതി.
ഡി.സി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാണ് ഡി.ജി.പിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ.പി ജയരാജനും ഡി.സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു ഇ.പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. പാർട്ടിക്ക് വലിയ ക്ഷീണമായതോടെ ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തു. ഇതോടെയാണ് വിവാദം മുറുകിയത്. ഇ.പിയുടെ പരാതിയിൽ കോട്ടയം എസ്.പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡി.സി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്.
പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡി.സി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞതെന്നാണ് ഇ.പി പറഞ്ഞത്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.