നാലു മരങ്ങളും പിന്നെ ഒരേയൊരു മരവും!
text_fieldsമഹാത്മാ ബുദ്ധന്റെ സ്മരണകളിരമ്പുന്ന ബിഹാറിലെ ബോധ്ഗയയിലെ, ബോധിവൃക്ഷം മുറിച്ചിടാൻ കൽപന പുറപ്പെടുവിച്ചത് ഏഴാം നൂറ്റാണ്ടിൽ ഗൗഡ രാജാവായ ശശാങ്കനാണ്. ബുദ്ധമതത്തിന്റെ സർവ അടയാളങ്ങളും മായ്ച്ചുകളയാനുള്ള ശ്രമം അതിനുംമുമ്പേ ഇന്ത്യൻ ജാതി മേൽക്കോയ്മയുടെ കാര്യപരിപാടിയിൽ ഇടംപിടിച്ചിരുന്നു.
സാഹോദര്യത്തിനുവേണ്ടിയുള്ള ബുദ്ധന്റെ ശ്രമങ്ങളാണ്, ഇന്ത്യൻ സവർണതയെ സംഭ്രാന്തമാക്കിയത്. ബുദ്ധന് ‘ബോധോദയം’ ലഭിച്ചതായി കരുതപ്പെടുന്ന ആ ബോധിവൃക്ഷത്തെ ആക്രമണലക്ഷ്യമാക്കി മാറ്റുകവഴി, ബുദ്ധമതത്തെതന്നെ വെട്ടിവീഴ്ത്താനാവുമെന്നാണവർ വ്യാമോഹിച്ചത്.
‘ബ്രാഹ്മണഹിതായ, ബ്രാഹ്മണ സുഖായ’ എന്ന ജാതി മേൽക്കോയ്മാ കാഴ്ചപ്പാടിനെയാണ് കാരുണ്യത്തിന്റെ കൊടിയുയർത്തി ബഹുജനഹിതായ ബഹുജനസുഖായ എന്ന ജനായത്ത നിലപാടിലൂടെ ബുദ്ധൻ ചോദ്യം ചെയ്തത്. സത്യത്തിൽ മഹത്വത്തിന്റെ പര്യായപദമായി മാറിയ ബൗദ്ധരെ, ‘ജാതിമേൽക്കോയ്മ ശക്തികൾ’ ശകാരപദങ്ങളിലൊന്നാക്കി മാറ്റി! പശു അവർക്ക് ശുഭശകുനമായപ്പോൾ, സാക്ഷാൽ ബുദ്ധസന്യാസി ഒഴിഞ്ഞുമാറിപ്പോവേണ്ട ദുശ്ശകുനമായി! എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി ബുദ്ധനെ വിവേകാനന്ദൻ ഒരു മഹത്തായ രാഷ്ട്രമെന്ന് വാഴ്ത്തി.
പലനിലകളിൽ തനിക്കാദരവുള്ള ശ്രീശങ്കരാചാര്യരെ, ബുദ്ധരോട് ക്രൂരമായി പെരുമാറിയതിന്റെ മാത്രം പേരിൽ ഹൃദയശൂന്യൻ എന്നുപോലും വിളിക്കാനും അദ്ദേഹം പക്ഷേ മടിച്ചില്ല! സർവനിലകളിലും സർവർക്കും പ്രിയങ്കരനായ ബുദ്ധനെ എന്നിട്ടും ‘ദേവിപുരാണം’ അടയാളപ്പെടുത്തിയത് ‘തിന്മയുടെ പ്രതീകമായാണ്. അദ്ദേഹത്തെ സ്വപ്നത്തിൽ കാണുന്നതുപോലും പാപമാണെന്നും!
ബുദ്ധതത്ത്വങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിച്ച മഹാനായ അശോക ചക്രവർത്തിയുടെ പേര് ബ്രാഹ്മണ സാഹിത്യത്തിലൊരിടത്തും പരാമർശിക്കുകപോലും ചെയ്തിട്ടില്ലെന്ന് പ്രശസ്ത പണ്ഡിതനായ ലക്ഷ്മി നരസു. ‘‘എന്റെ രാജ്യം എന്റെ ജീവിതം’ എന്ന അദ്വാനിയുടെ ആത്മകഥയിലും ഇന്ത്യ ‘അശോകനെ’ ആദരിക്കുന്നതിലുള്ള അസഹിഷ്ണുത കാണാം.
‘വിചാരധാര’യിൽ സംഘ്പരിവാർ താത്ത്വികനായ ഗോൾവൽക്കർ, ബുദ്ധമതക്കാരെ ദേശീയ പാരമ്പര്യത്തിന്റെ കടപുഴക്കുന്നവരും മഹത്തായ സാംസ്കാരിക മൂല്യങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരുമായ കുലദ്രോഹികളായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഇപ്പോഴുള്ള സർക്കാറും ആ വഴിയാണ് പിന്തുടരുന്നത്.
ഇടിച്ചുനിരത്തിയ ബുദ്ധവിഹാരങ്ങളുടെയും തീയിലിട്ട് കത്തിച്ച അവരുടെ ഗ്രന്ഥങ്ങളുടെയും കൊന്നുതള്ളിയ ഭിക്ഷുക്കളുടെയും ജീവിതമാണ്, വെട്ടിമാറ്റിയിട്ടും ബോധിവൃക്ഷങ്ങളിൽ ഇന്നും തളിർക്കുന്നത്! കൊലയാളിയും കൊള്ളക്കാരനുമായ അംഗുലീമാലനുപോലും രക്ഷയായ, അതിലുപരി ജനായത്തിന്റെ ലോകമഹാമാതൃക അവതരിപ്പിച്ച, മഹാത്മാ ബുദ്ധനെയാണ്, ഗയയിലെ ബോധിവൃക്ഷത്തെയല്ല, സത്യത്തിൽ ‘ശശാങ്കനും’ ജാതിമേൽക്കോയ്മാ ശക്തികളും ഒന്നിച്ചുചേർന്ന് വെട്ടിയത്. ‘‘അംഗുലീമാലനുപോലും ആർഹതപദമേകിയ തുംഗമാം കരുണ’’യുടെ കഴുത്തിലാണവർ കത്തിവെച്ചത്.
രണ്ടാമത്തെ മരത്തിന്റെ അവശിഷ്ടങ്ങൾപോലും ഇന്നെവിടെയും കാണാൻ കഴിയില്ല. വേരോടെ പിഴുതുമാറ്റപ്പെട്ടൊരു പുളിമരം, മുമ്പെവിടെയായിരുന്നു എന്നുപോലും വ്യക്തമല്ല. അയോധ്യയിലെവിടെയോ, സംഘർഷനിർഭരമായൊരു ചരിത്രത്തിന്റെ ചുരുക്കെഴുത്തായി, ഒന്നും ബാക്കിവെക്കാതെ അതില്ലാതായി. 1857ൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരം ഇളകിമറിഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു അന്ന് അയോധ്യ. മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി കർഷക നേതൃത്വത്തിലാണ് സമരം ശക്തമായത്.
ജനകീയ ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാർ കർഷക ഐക്യം പൊളിക്കാൻ അന്ന് പ്രധാനമായും ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചത് ബാബരി മസ്ജിദിനെയായിരുന്നു. അതുവരെ ഒരു സംഘർഷവുമില്ലായിരുന്ന ഒരാരാധനാലയത്തെ കുഴപ്പത്തിന്റെ കേന്ദ്രമാക്കാൻ അവർ പദ്ധതികൾ ആവിഷ്കരിച്ചു.
എന്നാൽ, ഹിന്ദുമത സന്യാസിയായ ബാബാ രാംചരൺദാസും ഇസ്ലാമിക പണ്ഡിതനായ മൗലവി അമീർ അലിയും ആ പദ്ധതി പൊളിക്കുന്നതിനും ജനകീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും സാമ്രാജ്യത്വവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും ധീരമായ നേതൃത്വം നൽകി.
സാമ്രാജ്യത്വം വിതച്ച ഭിന്നിപ്പിന്റെ വിത്തുകൾ ആ സമരാഗ്നിയിൽ കരിഞ്ഞുപോയി. തങ്ങളുടെ പൊളിപ്പൻപണി തകർത്ത, മതസൗഹാർദത്തിന്റെ കാവലായി പ്രവർത്തിച്ച ആ രണ്ട് മനുഷ്യസ്നേഹികളെയാണവർ മുമ്പേ പരാമർശിച്ച അയോധ്യയിലെ പുളിമരത്തിൽ കെട്ടിത്തൂക്കിക്കൊന്നത്.
രോഷാകുലരായ ജനങ്ങൾ ആ ധീരരക്തസാക്ഷികളുടെ സ്മരണകളിൽ പിന്നെയും ആ പുളിമരച്ചോട്ടിൽ ഒന്നിച്ചുനിന്നപ്പോൾ, ആരുടെയും പ്രത്യേക ആഹ്വാനമില്ലാതെ പ്രസ്തുത പുളിമരം സ്വയമൊരു രക്തസാക്ഷി സ്മാരകമായി മാറിയപ്പോൾ, സംഭ്രാന്തമായ സാമ്രാജ്യത്വ ശക്തികൾ ആ പുളിമരംതന്നെ പിഴുതെടുത്തുകൊണ്ടാണ് മതസൗഹാർദത്തെ പ്രതിരോധിച്ചത്.
‘പ്രക്ഷോഭത്തിന്റെ പൂക്കൾ’ എന്ന് അമൃതലാൽ നാഗർ വിശേഷിപ്പിച്ച പ്രസ്തുത ചരിത്രസംഭവത്തിന്റെ നിത്യസാക്ഷിയായി നിന്ന ആ പുളിമരം ഇന്നില്ല.
ബാബരി മസ്ജിദും ഇന്നില്ല. ബ്രിട്ടീഷുകാർക്ക് കഴിയാത്തത്, നവ ഫാഷിസ്റ്റുകൾക്ക് കഴിഞ്ഞു! അതിനെ തടയാൻ ശ്രമിച്ച, ബാബാലാൽദാസ് 1993ൽ വെടിയേറ്റ് മരിച്ചു! മതസൗഹാർദത്തിന്റെ സ്മാരകമായി മാറിയ പുളിമരം ഇന്നില്ലെങ്കിലും ആ സന്ദേശം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടവരും മുറിവേൽപിക്കപ്പെട്ടവരും ഇന്നില്ലെങ്കിലും ഭരണകൂട നേതൃത്വത്തിൽ വിദ്വേഷപ്രചാരണം ഔദ്യോഗിക കാഴ്ചപ്പാടായി മാറിക്കഴിഞ്ഞുവെങ്കിലും ഇന്നും ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിലെ സൗഹൃദം ഇല്ലാതായിട്ടില്ല. അത്രയെളുപ്പം അത് ഇല്ലാതാവുകയുമില്ല.
‘‘നട്ടുച്ചക്ക് പെട്ടെന്ന് ഒരു കൂട്ടം വൈഷ്ണവർ ആഘോഷാരവങ്ങളോടെ/ആലിൻചോട്ടിലെത്തി! ആലത്തിന് പെട്രോൾകൊണ്ടഭിഷേകം, അഗ്നിപൂജ!/അഗ്നി ധരിച്ച കമ്രആലം! ഒരു തീഗോളമായി വിഷ്ണുപദം/പ്രാപിച്ചു! അശ്വത്ഥവുമാളിക്കത്തി ആർപ്പുവിളിച്ചു! എന്നാൽ ആലത്തിന്റെ ചാരംപോലും അശ്വത്ഥിന് വളമായില്ല (ബാപ്പുനഗറിലെ അശ്വത്ഥം).
മൂന്നാമത്തെ മരവും യാദൃച്ഛികമാവാൻ, ഒന്നാമത്തേതായി ഈ കുറിപ്പിൽ പരാമർശിച്ചതുപോലെ, ‘മാമരങ്ങളിൽ ഞാനരയാലുതാൻ’ എന്ന താൻപോരിമയോടെ തലയുയർത്തിപ്പിടിച്ചിരുന്നൊരു ആൽവൃക്ഷമാണ്. 2002 വരെ എത്രയെത്രയോ വഴിയാത്രക്കാർക്ക് തണലും വിസ്മയവും നൽകിയിരുന്ന ആ ആലും, ആ ആലിൻചുവട്ടിൽ വഴിയോര കച്ചവടം നടത്തിയിരുന്ന കടമ്മനിട്ടയുടെ ‘ബാപ്പുനഗറിലെ അശ്വത്ഥം’ എന്ന കവിതയിലൂടെ മാത്രം അനശ്വരനായ കമ്രആലം എന്ന ബിഹാറിക്കുട്ടിയും ഇന്നില്ല.
കുടുംബം പുലർത്താൻ, അന്നം വിളിച്ച വിളികേട്ട്, സ്കൂളിൽ പോവേണ്ട, ഓടിച്ചാടി കളിക്കേണ്ടൊരു പ്രായത്തിൽ തനിക്കപരിചിതമായ ഒരു പ്രദേശത്ത്, കളിപ്പാട്ടങ്ങൾ മറ്റുള്ളവർക്ക് വിറ്റ്, ജീവിതം മുന്നോട്ടുകൊണ്ടുപോവാനാണ് കമ്രആലം ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെത്തിയത്.
പോസ്റ്ററുകൾ ഒട്ടിച്ചിട്ടില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. ഒരു സംഘടനയിലും അംഗമല്ല. ആർക്കും അനുകൂലമായോ പ്രതികൂലമായോ ഒരൊറ്റ മുദ്രാവാക്യംപോലും വിളിച്ചിട്ടില്ല. വിൽക്കാൻവെച്ച പമ്പരങ്ങളുടെയും കാറുകളുടെയും വിസിലുകളുടെയും കേമത്തരത്തെക്കുറിച്ചല്ലാതെ, മറ്റൊരു ‘വമ്പത്തരവും’ ആരോടും പറഞ്ഞിട്ടില്ല. നിലവിലുള്ള ‘നാടൻഭാഷ’യിൽ പറഞ്ഞാൽ, സ്വന്തം കാര്യം മാത്രം നോക്കി, വേണ്ടാത്തതിലൊന്നും തലയിടാതെ, സ്വസ്ഥം കഴിഞ്ഞുപോരുകയായിരുന്നു. ചെറിയൊരു വരുമാനവും ലഭിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് പിന്നീട് കുപ്രശസ്തമായ ‘ഗുജറാത്ത് മുസ്ലിം വംശഹത്യ’ അധികാര പിന്തുണയോടെ അരങ്ങേറിയത്. പിന്നെന്ത് സംഭവിച്ചു എന്നതിന് ഒരു വിശദീകരണവും ഇപ്പോൾ ആവശ്യമില്ല. കൗസർബാനു, ബിൽക്കീസ് ബാനു, സാഹിറ ഷേക്ക്, ഇഹ്സാൻ ജാഫ്രി... നരോദ്പാട്യ വഡോദര... ആരും മറന്നിട്ടുണ്ടാവില്ല.
എന്നാൽ, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ ഗുജറാത്ത് വംശഹത്യാ ഇരകളോട് ഐക്യദാർഢ്യം പങ്കുവെച്ച് അവിടം സന്ദർശിച്ചിട്ടില്ലായിരുന്നെങ്കിൽ; മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട, വംശഹത്യക്ക് നേതൃത്വം നൽകിയ ഭീകരർ അഹ്മദാബാദിലെത്തി ആൽമരത്തിൽ വരിഞ്ഞുകെട്ടി, കമ്രആലം എന്ന തെരുവുകച്ചവടക്കാരൻകുട്ടിയെ ആലിനൊപ്പം ഒരുപിടി ചാരമാക്കിയ ആ കൊടും ക്രൂരതയുടെ ദൃശ്യം കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിനെതുടർന്ന് കരളലിയിക്കുന്ന ‘ബാപ്പു നഗറിലെ അശ്വത്ഥം’ എന്ന മേൽ പരാമർശിച്ച കവിത എഴുതിയിട്ടില്ലായിരുന്നെങ്കിൽ, ഗുജറാത്ത് വംശഹത്യക്കിടയിലെ ആരും വേണ്ടവിധം അറിയാത്ത സംഭവങ്ങളിൽ ഒന്നായി ‘കമ്രആലം ദഹനവും’ മാറിപ്പോവുമായിരുന്നു.
വംശഹത്യകൾ പൊതുവിൽ ചരിത്രത്തിൽ ഇടംപിടിക്കുമ്പോഴും അതിൽനിന്നും ചോർന്നുപോവുന്ന സൗഹൃദത്തിന്റെയും ക്രൗര്യത്തിന്റെയും എത്രയെത്രയോ ‘കഥ’കളുണ്ടാവും. അതുംകൂടി കണ്ടെടുക്കപ്പെടുമ്പോഴാണ്, ചരിത്രം ശരിക്കുള്ള ചരിത്രമാവുന്നത്.
സ്ഥലം ഝാർഖണ്ഡ്. സമയം ഒരു വെള്ളിയാഴ്ച പുലർച്ച. സംഭവം നടക്കുന്നത് 2016 മാർച്ച് 18ന്. നാലാമത്തെ മരത്തിന്റെ രണ്ട് ഭാഗങ്ങളിലായി തൂങ്ങിയാടുന്നത് രണ്ട് മനുഷ്യർ. സ്വന്തം കാളകളെ വിൽക്കാൻ കാലിച്ചന്തയിലേക്ക് പോയവർ. 32കാരനായ മസ്ലൂം അൽ അൻസാരിയും 12കാരനായ ഇംത്യാസ് ഖാൻ എന്നൊരു കുട്ടിയും! ലൈറ്റ്ഹാർ ജില്ലയിലെ ബാലുമത് കാട്ടിലെ പേരറിയാത്തൊരു മരത്തിൽ, അവരെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയത് ‘ഗോരക്ഷക എന്നറിയപ്പെടുന്ന ‘ഗോഗുണ്ടകൾ’! മാധ്യമങ്ങൾ ബാലുമത് ഭീകരതയെ മറ്റൊരു ‘ദാദ്രി’ എന്നടയാളപ്പെടുത്തി.
സ്വന്തം ഫ്രിഡ്ജിൽ ‘ബീഫ്’ സൂക്ഷിച്ചു എന്നൊരു കുറ്റം ആരോപിക്കപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കൂട്ടത്തിലേക്ക് ഇവരുടെയും പേര് എഴുതിച്ചേർക്കപ്പെട്ടുവെങ്കിലും അഖ്ലാഖിന് വേണ്ടിയുയർന്നത്ര ശബ്ദം ഇവർക്കുവേണ്ടിയുണ്ടായില്ല. ഇന്നുമാ പേരറിയാത്ത മരം ഒരടയാളപ്പെടുത്തൽ പോലുമില്ലാത്തതോർത്ത് അസ്വസ്ഥമാവുന്നുണ്ടാവും.
അവക്കറിയില്ലല്ലോ, ഇന്നും എത്ര നിസ്സഹായമായിട്ടാണെങ്കിലും മസ്ലൂം അൻസാരിയുടെ പ്രിയപങ്കാളി സായിറ ബീബിയും മാനവിക കാഴ്ചപ്പാട് പുലർത്തുന്ന മറ്റെല്ലാവരും നീതിക്കുവേണ്ടി നിൽക്കുന്നുണ്ടെന്ന സത്യം.
ഈ കുറിപ്പിലെ മരമല്ലാത്ത ‘ഒരേ ഒരു മരം’ മതനിരപേക്ഷ മാനവിക നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഹൃദയങ്ങളിൽ വേരാഴ്ത്തി, സൗഹൃദങ്ങളിൽ പടർന്ന്, സംവാദങ്ങളിൽ ശക്തിപ്പെട്ട്, വൈവിധ്യങ്ങൾ ആഘോഷിച്ച്, സ്വപ്നങ്ങളിലേക്ക് ചില്ലകൾ ഉയർത്തി, മഴയും വെയിലും മഞ്ഞും കൊണ്ട്, ‘സ്വന്തം ഫലങ്ങൾ ഭുജിക്കാതെ’ അതും മറ്റുള്ളവർക്ക് നൽകി, സർവതിനും സാക്ഷിയായി ‘സമരസ്രോതസ്സായി’ നിവർന്നുനിൽക്കുന്ന മരമല്ലാത്ത ‘മഹാമരം’! ഏതു കൊടുംവെയിലിലും കുളിരേകുന്ന, നിരാശയിലും പ്രതീക്ഷ പകരുന്നൊരു ‘സർഹാമരം’! ഒരുപക്ഷേ, ഈയൊരു മരവും, കടമ്മനിട്ടയുടെ ‘ബാപ്പുനഗറിലെ അശ്വത്ഥം’ എന്നപോലെ മലയാള സാഹിത്യത്തിൽ ഗംഭീരമായി, പ്രശസ്ത കഥാകൃത്തായ പി.കെ. പാറക്കടവ് അനശ്വരമാക്കിയിട്ടുണ്ട്:
‘വൃക്ഷം കവിയോട് പറഞ്ഞു. ‘‘നിനക്ക് പേരെ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും വേരുണ്ട്.’’ വൃക്ഷം തുടർന്നു, ‘‘നിനക്ക് ഏറിയാൽ ഒരു നല്ല മനുഷ്യനാകാം.’’ കവി ചോദിച്ചു: ‘‘ഇപ്പോൾ ഞാൻ മനുഷ്യനല്ലേ?’’ വൃക്ഷം പറഞ്ഞു: ‘‘അല്ല, നീ വെറുമൊരു മരം. ഒന്നിനെപ്പറ്റിയും ബോധമില്ലാത്ത ഒരു മരം.’’ കവി ചോദിച്ചു: ‘‘അപ്പോൾ നീയോ? നീയുമൊരു മരമല്ലേ?’’ വൃക്ഷം മൊഴിഞ്ഞു: ‘‘അല്ല ഭൂമിക്കടിയിൽ വേരും ആകാശത്തെ തൊടുന്ന ചില്ലകളുമുള്ള, ഞാനാണ് യഥാർഥ കവി, കലാകാരൻ.’’ അതുപറഞ്ഞ് വൃക്ഷം കുലുങ്ങിച്ചിരിച്ചു. അപ്പോൾ കവിയുടെ ദേഹം മുഴുവൻ പൂക്കൾകൊണ്ട് മൂടി.’ (വൃക്ഷവും കവിയും: പി.കെ. പാറക്കടവ്).
എനിക്ക് തോന്നുന്നു, ഒന്നാമത്തെ മരത്തെ ‘ബുദ്ധബോധി’ എന്നും, രണ്ടാമത്തെ മരത്തെ ‘ബാബരി മര’മെന്നും മൂന്നാമത്തെ മരത്തെ ‘കമ്രആലം ആൽ’ എന്നും നാലാമത്തെ മരത്തെ ‘മജ്ലൂം ഇംത്യാസ് മര’മെന്നും വിളിക്കാനായാൽ, കുറിപ്പിൽ പരാമർശിച്ച പിന്നത്തെ ഒരേയൊരു മരം ആരും പ്രത്യേകം പേരുവിളിക്കാതെ ‘മതനിരപേക്ഷ മഹാമര’മായി സ്വയം വെളിപ്പെടും. ‘വെളിച്ചത്തിന്റെയും വെളിച്ചമായി’! ആ മരം മറിഞ്ഞുവീഴാതിരുന്നാൽ അധികാരം കുഴിച്ചുമൂടാൻ മോഹിക്കുന്ന സ്മരണകൾ ഭൂമിയിലെവിടെയെങ്കിലും തളിർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.