ഗാന്ധിജിയും നാരായണഗുരുവും 1925- മാർച്ച് 12 ന് നടത്തിയ സംഭാഷണത്തിന്റെ ഏകദേശ രൂപം ഇപ്രകാരമാണ്...
text_fieldsഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു സംഭാഷണത്തിന്റെ ഏകദേശ രൂപം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരൻ എൻ.ഇ.സുധീർ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലിങ്ങനെ പറയുന്നു.
കുറിപ്പ് പൂർണരൂപത്തിൽ:
ഗാന്ധിജിയും നാരായണഗുരുവും തമ്മിലുണ്ടായ (1925- മാർച്ച് 12 ന് ) ചരിത്രപ്രസിദ്ധമായ സംഭാഷണത്തിൻ്റെ ഏകദേശ രൂപം ഇപ്രകാരമാണ്.
"ഗാന്ധിജി: ഇഗ്ലീഷ് ഭാഷ അറിയില്ല, അല്ലേ?
ഗുരു: ഇല്ല
ഗുരു: മഹാത്മജിക്ക് സംസ്കൃതം അറിയുമോ?
ഗന്ധിജി: ഇല്ല
ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്കു അറിവുണ്ടോ?
ഗുരു: ഇല്ല
ഗാന്ധിജി: അയിത്തം ഇല്ലാതാക്കാൻ വൈക്കത്തു നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തിൽ സ്വാമിജിക്ക് അഭിപ്രായവ്യത്യാസമുണ്ടോ?
ഗുരു : ഇല്ല
ഗാന്ധിജി: ആ പ്രസ്ഥാനത്തിൽ കൂടുതലായി എന്തെങ്കിലും ചേർക്കണമെന്നോ, എന്തെങ്കിലും മാറ്റം വരുത്തണമെന്നോ സ്വാമിജിക്കഭിപ്രായമുണ്ടോ?
ഗുരു: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണ് നമ്മുടെ അറിവ്. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ല.
ഗാന്ധിജി : അധഃകൃതവർഗ്ഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമെ മറ്റെന്തെല്ലാം കൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായമെന്നറിഞ്ഞാൽ കൊള്ളാം.
ഗുരു ; അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവർക്കുമെന്നപോലെ
അവർക്കും ഉണ്ടാകണം.
ഗാന്ധിജി ; അക്രമരഹിതമായ സത്യാഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?
ഗുരു : ബലപ്രയോഗം നല്ലതാണെന്ന് നാം കരുതുന്നില്ല.
ഗാന്ധിജി : ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ ബലപ്രയോഗം വിധിച്ചിട്ടുണ്ടോ?
ഗുരു: രാജാക്കന്മാർക്കും മറ്റും അത് ആവശ്യമാണെന്നും അവർ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. എന്നാൽ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കുകയില്ല.
ഗാന്ധിജി : മതപരിവർത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്കുന്നുണ്ടോ?
ഗുരു : മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോൾ ജനങ്ങൾ മതപരിവർത്തനം നല്ലതാണെന്നു പറയുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി : ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?
ഗുരുദേവൻ : അന്യമതങ്ങളിലും മോക്ഷമാർഗ്ഗമുണ്ടല്ലോ.
ഗാന്ധിജി : അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷപ്രാപ്തിക്ക് പര്യാപ്തമെന്നുതന്നെയോ സ്വാമിജിയുടെ അഭിപ്രായം?
ഗുരു : ആദ്ധ്യാത്മികമയ മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം ധാരാളം പര്യാപ്തം തന്നെ. പക്ഷേ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങൾ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യത്തിന്റെ കാര്യമല്ലേ? അതിരിക്കട്ടെ. ആദ്ധ്യാത്മികമായ മോക്ഷത്തിന് മതപരിവർത്തനം ആവശ്യമെന്നു സ്വാമിജിക്കഭിപ്രായമുണ്ടോ?
ഗുരു: ഇല്ല. ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവർത്തനം ആവശ്യമില്ല.
ഗാന്ധിജി : ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരി ശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?
ഗുരു : അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത് ഓർത്താൽ പൂർണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്നുതന്നെ പറയണം.
ഗാന്ധിജി : (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്കാലത്തുതന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധഃകൃത വർഗ്ഗക്കാരിൽത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?
ഗുരു: എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയസമുദായത്തിലെയും പറയസമുദായത്തിലെയും കുട്ടികൾ മറ്റുള്ളവരോടൊപ്പം ശിവഗിരിയിൽ താമസിച്ചു പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത് അവർ ആരാധനകളിൽ സംബന്ധിക്കുകയും ചെയ്യുന്നു.
ഗാന്ധിജി : വളരെ സന്തോഷം. "
നിരന്തരം ആത്മവിമർശനത്തിന് വിധേയരായിക്കൊണ്ടിരുന്ന രണ്ടു വലിയ മനുഷ്യർ തമ്മിൽ നടന്ന സംവാദം എന്ന നിലയിൽ വേണം ഇതിനെ ദൂരെയിരുന്ന് നമ്മൾ വായിച്ചെടുക്കാൻ. മനുഷ്യ സമൂഹത്തിൻ്റെ പരിഷ്കരണത്തിനായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ടു വലിയ മനുഷ്യർ കണ്ടു മുട്ടിയതിൻ്റെ ബാക്കിപത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.