ഗീതാഞ്ജലി ശ്രീ
text_fieldsപതിറ്റാണ്ടുകൾക്കിപ്പുറവും ഉണങ്ങാത്ത മുറിവുകൾ. അതും പേറി ജീവിക്കുന്ന മനുഷ്യരുടെ ജീവിതം. ഗീതാഞ്ജലി ശ്രീയുടെ 'റേത് സമാധി'യെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. എന്നാൽ, മരണം, വിഷാദം, വാർധക്യം, കുടിയേറ്റം, വിഭജനം, അതിജീവനം എന്നിവയും നോവലിലെ കഥാപാത്രങ്ങളാകുന്നുണ്ട്. ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ ഭാഷയിൽ ആദ്യമായി ബുക്കർ സമ്മാനം നേടിയ എഴുത്തുകാരിയാകുമ്പോൾ 'റേത് സമാധി' ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഭാഷ നോവലാകും. അമേരിക്കൻ വംശജയായ ഡെയ്സി റോക് വെലിന്റെ രേത് സമാധിയുടെ ഇംഗ്ലീഷ് വിവർത്തനമായ 'ടൂം ഓഫ് സാൻഡി'നാണ് പുരസ്കാരം.
ഹിന്ദി ഉൾപ്പെടെ ഇന്ത്യൻഭാഷകളിലേക്കുള്ള ഇംഗ്ലീഷിന്റെ കടന്നുവരവിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും തന്റെ എഴുത്തുകളിലൂടെ നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ഗീതാഞ്ജലി. വിഭജനം മുതൽ ബാബരി മസ്ജിദ് വരെ ഗീതാഞ്ജലിയുടെ നോവലുകൾക്ക് ഇതിവൃത്തമാകുകയും ചെയ്തു. ''ബുക്കർ പുരസ്കാര പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള ആദ്യ ഹിന്ദി നോവൽ എന്റേതല്ല. എനിക്കുമുമ്പ് ഒത്തിരി മികവുറ്റ സൃഷ്ടികൾ ഇറങ്ങിയിരുന്നു. എന്നാൽ, ഹിന്ദിലോകത്തിന് പുറത്ത് എത്രപേർക്ക് അവയെക്കുറിച്ച് അറിയാം എന്നതാണ് സംശയം. വിവർത്തനവും സംഭാഷണങ്ങളും മാത്രമേ അത്തരം സൃഷ്ടികളെ വെളിച്ചത്തുകൊണ്ടുവരൂ. ഹിന്ദിയിൽ മാത്രമല്ല, മറ്റു ഭാഷകളിലും മഹത്തായ ഒട്ടനവധി സൃഷ്ടികൾ ഇങ്ങനെ മറഞ്ഞുകിടക്കുന്നുണ്ട്'' -ഗീതാഞ്ജലി പറയുന്നു.
'എഴുത്ത് തിരഞ്ഞെടുത്താൽ എഴുതിക്കൊണ്ടേയിരിക്കണം. ലളിതമായും ആഴത്തിലും എഴുതണം. അവിടെ നല്ല സമയവും മോശം സമയവുമുണ്ടാകും. ബുക്കർ സമ്മാനം ലഭിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.'' ബുക്കർ പുരസ്കാരം ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചില്ല. ഇത് വലിയ അംഗീകാരമായി കരുതുന്നുവെന്നായിരുന്നു ഗീതാഞ്ജലി ശ്രീയുടെ പ്രതികരണം.നല്ല വിവർത്തകർ ഒരിക്കലും യഥാർഥകൃതിയെ അതേ അക്ഷരങ്ങളോടെ പകർത്താൻ ശ്രമിക്കില്ല. പകരം മറ്റൊരു ഭാഷയിലേക്കും അതിന് ചുറ്റുമുള്ള സംസ്കാരത്തിലേക്കും കൃതിയെ മാറ്റിയെടുക്കും. ഞാൻ അതിൽ ഭാഗ്യം ചെയ്തയാളാണെന്ന് കരുതുന്നു.ഇംഗ്ലീഷിലേക്ക് മാത്രമല്ല, ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും 'രേത് സമാധി' പരിഭാഷപ്പെടുത്തിയിരുന്നു.രാജ്യങ്ങളിൽ വിഭജനം പ്രസക്തമായി തുടരുന്നിടത്തോളം വിഭജനത്തെ ആസ്പദമാക്കിയുള്ള പുസ്തകങ്ങൾക്കും പ്രസക്തിയുണ്ടാകും.
ഇന്ത്യ-പാക് വിഭജന കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ സ്ത്രീ വിലാപങ്ങളും കണ്ണീരും തീർത്ത ദുരന്തഓർമകളുമായി തന്റെ 80ാം വയസ്സിൽ വീണ്ടും പാകിസ്താൻ സന്ദർശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. അതിൽ ഭൂതകാലവും വർത്തമാനകാല രാഷ്ട്രീയവും വരച്ചിടുന്നു.മായ്, തിരോഹിത്, ഹമാര ഷെഹർ ഉസ് ബരസ്, ഖാലി ജഗഹ് എന്നിവയാണ് ശ്രീയുടെ മറ്റ് നോവലുകൾ. 2001ൽ 'മായ്' നോവൽ ക്രോസ് വേഡ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാമത്തെ നോവലായ 'ഹമാര ഷെഹർ ഉസ് ബരസ്' ബാബറി മസ്ജിദിന്റെ തകർച്ചെയക്കുറിച്ച് പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.